മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും അതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ വ്യവസായിയെയും ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വ്യവസായി മനോജ് പർമറെയും ഭാര്യ നേഹയെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പീഡനം സഹിക്ക വയ്യാതെയാണ് കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ പറഞ്ഞു. തൻ്റെ മക്കളെ കൈവിടരുതെന്ന് രാഹുൽ ഗാന്ധിയോടും മറ്റ് കോൺഗ്രസ് നേതാക്കളോടും കത്തിൽ അഭ്യർഥിച്ചു. പാർമറും ഭാര്യയും കോൺഗ്രസ് പാർട്ടി അനുഭാവികളാണെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഇഡി അവരെ ഉപദ്രവിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിജിയുടെ ഭാരത് ജോഡോ യാത്രയിൽ ദമ്പതികളുടെ കുട്ടികൾ അവരുടെ പിഗ്ഗിബാങ്ക് രാഹുലിന് സമ്മാനിച്ചിരുന്നു.
പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് അപേക്ഷയുടെ രൂപത്തിലുള്ളതാണെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് (എസ്‌ഡിഒപി) ആകാശ് അമാൽക്കർ പറഞ്ഞു. മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും അതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് പിടിഐയോട് സംസാരിക്കവെ അമാൽക്കർ വ്യക്തമാക്കി.
ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്താണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയത്. കത്തില്‍ തൻ്റെ കുടുംബത്തെ പരിപാലിക്കാൻ പാർമർ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർമർ ദമ്പതികളുടെ മരണം ആത്മഹത്യയല്ലെന്നും സർക്കാർ സ്‌പോൺസേർഡ് കൊലപാതകമാണെന്നും നേതാക്കളെ ബിജെപിയിൽ ചേരുന്നതിനായി ദ്രോഹിക്കാൻ ഇഡി ഉപയോഗിക്കുകയാണെന്നും സംസ്ഥാന അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു.
undefined
ഇഡിയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും ഉപദ്രവത്തെ തുടർന്നാണ് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി സർക്കാരിൻ്റെയും ഇ.ഡി ഉദ്യോഗസ്ഥരുടെയും പീഡനത്തെ തുടർന്നാണ് പർമർ ഭാര്യയ്‌ക്കൊപ്പം ആത്മഹത്യ ചെയ്തതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും ആരോപിച്ചു.