അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ നടപടി; കൊളീജിയത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം

By Web Team  |  First Published Dec 15, 2024, 10:15 AM IST

ഇന്ത്യ ഭൂരിപക്ഷത്തിന്‍റെ  ഹിതം അനുസരിച്ച് ഭരിക്കപ്പെടുമെന്ന ശേഖർ കുമാർ യാദവിന്‍റെ പരാമർശത്തിലാണ് നടപടി


ദില്ലി: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ച് വരുത്തും. ഡിസംബർ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി പങ്കെടുത്ത് വലിയ വിവാദമായിരുന്നു.

പരിപാടിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവിൽ കോഡ്, ബഹുഭാര്യത്വം ഉൾപ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും ജഡ്ജി തന്‍റെ  പ്രസംഗത്തിൽ പറഞ്ഞിരുന്നു. 

Latest Videos

 
ജഡ്ജിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആരോപിച്ചു. ജഡ്ജിക്കെതിരെ സുപ്രീംകോടതി നടപടി സ്വീകരിക്കണം. സ്വതന്ത്യ ജൂഡീഷ്യറി എന്ന ആശയത്തിന് ജൂഡീഷ്യറിക്കുള്ളിൽ നിന്ന് തന്നെ തുരങ്കം വെക്കുകയാണെന്ന് യൂണിയൻ വ്യക്തമാക്കി. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്.
 

 

click me!