കത്തിച്ച് കളഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗ കൊമ്പുകളുടെ ശേഖരം
First Published | Sep 24, 2021, 12:05 PM ISTലോക കണ്ടാമൃഗ ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച. അന്ന് അസമില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗകൊമ്പുകളുടെ ശേഖരം അഗ്നിക്കിരയാക്കി. വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അഗ്നിക്കിരയാക്കലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തലയിൽ കൊമ്പുള്ള കാണ്ടാമൃഗം വിലപ്പെട്ടതാണെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വേട്ടക്കാരാല്‍ കൊമ്പു നീക്കം ചെയ്യപ്പെട്ട് മരിച്ചതോ സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിക്കപ്പെട്ട കൊമ്പുകളോ അല്ല തങ്ങളെ സംബന്ധിച്ച് കണ്ടാമൃഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വനം - പരിസ്ഥിതി മന്ത്രി പരിമൽ സുക്ലബൈദ്യ, കൃഷി മന്ത്രി അതുൽ, പ്രാദേശിക എജിപി, എംഎൽഎമാര്‍, മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. കാസിരംഗ ദേശീയോദ്യാനത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ബൊക്കാഖാറ്റിൽ നടന്ന ചടങ്ങിലാണ് കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്.