50 സെക്കന്‍ഡില്‍ പി കെ റോസി എന്ന സാന്നിധ്യം; ഐഎഫ്എഫ്‍കെ സി​ഗ്നേച്ചർ ഫിലിം 'സ്വപ്‍നായനം' വന്ന വഴി

By Nithya Robinson  |  First Published Dec 15, 2024, 11:04 PM IST

സംവിധാനത്തിനൊപ്പം രചന, തിരക്കഥ, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നതും അഖില്‍ തന്നെ


രണ്ട് ദിവസം മുൻപായിരുന്നു ഇരുപത്തി ഒൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞത്. പതിമൂവായിരത്തോളം ഡെലി​ഗേറ്റുകൾ പങ്കെടുക്കുന്ന മേളയിൽ ചർച്ചയാകപ്പെട്ടൊരു സനിമയാണ് സ്വപ്നായനം. മേളയിലെ സി​ഗ്നേച്ചർ ഫിലിമായ സ്വപ്നായനം മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിയുടെ കഥയാണ് പറയുന്നത്. മലയാള സിനിമാ ചരിത്രത്തെ പി കെ  റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും തൊഴിലാളി വർഗത്തിന്റെ കഠിനതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും അടയാളപ്പെടുത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഛായാഗ്രാഹകനായ കെ ഒ അഖിലാണ്. സംവിധാനത്തിനൊപ്പം രചന, തിരക്കഥ, ഛായാഗ്രഹണം എന്നിവ നിർവഹിച്ചതും അദ്ദേഹം തന്നെ. ചലച്ചിത്രമേള മൂന്നാം ദിനം പൂർത്തിയാക്കുമ്പോൾ തന്റെ സിനിമയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് അഖിൽ. 

ചലച്ചിത്ര മേളയിൽ സ്ഥിര സാന്നിധ്യം

Latest Videos

കോളേജ് കാലഘട്ടം മുതൽ(2016) ഐഎഫ്എഫ്കെയിൽ വരാറുള്ളൊരാളാണ് ഞാൻ. സിനിമയെ വലിയൊരു ക്യാൻവാസിൽ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നൊരിടമാണല്ലോ മേള. പൊതുവിൽ എല്ലാവർഷവും ഒരു തിയറ്ററിൽ നിന്നും മറ്റൊരു തിയറ്ററിലേക്ക് പോകാനുള്ള പരക്കം പാച്ചിലിലായിരുന്നു ഞാൻ. എന്നാൽ ഇത്തവണ കഥ മാറി. സ്വപ്നായനം അഡ്രസ് ചെയ്യണമെന്നൊരു ചുമതല കൂടിയുണ്ട്. ഇതിനിടയിൽ തന്നെ സിനിമകളും കാണുന്നുണ്ട്. 

ആശയത്തില്‍ പൂർണ്ണ തൃപ്‍തന്‍

undefined

സെപ്റ്റംബറിൽ ആയിരുന്നു സി​ഗ്നേച്ചർ ഫിലിമുകളുടെ പ്രപ്പോസലുകൾ വിളിച്ചത്. ഞാനുമൊരു ഐഡിയ മുന്നോട്ട് വച്ചു. അങ്ങനെ സ്ക്രിപ്റ്റ് ഡെവലപ്പ് ചെയ്ത് കോൺസപ്റ്റും സ്റ്റോറി ബോർഡും കാര്യങ്ങളുമെല്ലാം പ്രോപ്പറായി ചെയ്യുക ആയിരുന്നു. ശേഷമത് ഐഎഫ്എഫ്കെ അധികൃതർക്ക് അയച്ചു. ഒക്ടോബർ മൂന്ന് ആയിരുന്നു ഫിലിമുകൾ അയച്ചു കൊടുക്കേണ്ട അവസാന തീയതി. പതിനഞ്ചോളം എൻട്രികൾ ഈ വിഭാ​ഗത്തിൽ വന്നിരുന്നു. പ്രമുഖരായവരും എക്സ്പീരിയൻസുള്ളവരും അനിമേഷൻ ഫീൽഡിലുള്ളവരുടെ എല്ലാം ചിത്രങ്ങളുണ്ടായി. എന്റെ ഐഡിയയിൽ ഞാൻ പൂർണ തൃപ്തനായിരുന്നു. അതുകൊണ്ട് സെലക്ട് ആകുമെന്നൊരു പ്രതീക്ഷ ഉണ്ടായി. വളരെ നല്ല രീതിയിൽ മികച്ച കെട്ടുറപ്പോടെയാണ് ഞങ്ങളീ സിനിമ ചെയ്തതും. 

എന്തുകൊണ്ട് പി കെ റോസിയുടെ കഥ?

ഐഎഫ്എഫ്കെ എന്ന് പറയുന്നത് തോളോടു തോൾ ചേർന്നിരുന്ന് സിനിമ കാണുന്നൊരു രീതിയാണല്ലോ. അങ്ങനെയൊരു കോൺസപ്റ്റ് ആയിരുന്നു ആദ്യം വന്നത്. ഒരു പ്രാഥമിക ആശയം വന്നപ്പോൾ, ഒരു ക്രിയേറ്റർ എന്ന നിലയിൽ എന്റെ ഉള്ളിൽ തന്നെ ഒരുപാട് ചോദ്യങ്ങൾ വന്നു. തിരുവനന്തപുരം പോലൊരു സിറ്റിയിലെ ചലച്ചിത്ര കാഴ്ചാ സംസ്കാരം വളരെ പോപ്പുലറാണ്. ആ കൾച്ചറിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന ചോദ്യം വന്നു. വി​ഗതകുമാരനിലൂടെയാണ് മലയാളികൾ സിനിമ കണ്ട്തുടങ്ങിയത്. അതും തിരുവനന്തപുരത്തുനിന്ന്. ആദ്യ ഫിലിം സ്ക്രീനിംഗിൽ സംഭവിച്ച ദുരന്തം എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ആ സംഭവത്തിലൂടെ ആണ് മലയാള സിനിമ ജനിച്ചത്. എന്നിട്ടും പികെ റോസിക്ക് നീതി നിഷേധങ്ങൾ നടന്നു. അങ്ങനെയാണ് പികെ റോസിയെ വച്ചൊരു സിനിമ ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. ഐഎഫ്എഫ്കെ എന്നത് സാധാരണക്കാരുടെ ഒരു മേളയാണ്. അങ്ങനെയുള്ളൊരു ഫെസ്റ്റിവലിൽ പി കെ റോസിയുടെ പ്രെസൻസ് വളരെ പ്രധാനമാണെന്നെനിക്ക് തോന്നി. സ്ഥിരം കണ്ടുപഴകിയ കാര്യങ്ങളാകരുതെന്ന നിർബന്ധവും എനിക്കുണ്ടായിരുന്നു. 

സ്വപ്‍നായനം എന്ന ടൈറ്റിൽ 

ഏറ്റവും ഒടുവിലാണ് സ്വപ്നായനം എന്ന പേര് സിനിമയ്ക്ക് കൊടുക്കാമെന്ന് തീരുമാനിക്കുന്നത്. മലയാള സിനിമ വന്നിട്ട് തൊണ്ണൂറ്റി അഞ്ച് വർഷത്തിന് മുകളിലായി. വി​ഗതകുമാരന്റെ സ്ക്രീനിങ്ങിൽ പികെ റോസിയുടെ പ്രസൻസ് ഉണ്ടായിരുന്നുവെങ്കിൽ മലയാള സിനിമയുടെ ചരിത്രം തന്നെ മാറുമായിരുന്നു. ഇപ്പോഴുള്ള സിനിമയിൽ നിന്നുകൊണ്ട് കഴിഞ്ഞ കാലത്തിലേക്ക് നോക്കി കാണുന്നൊരു യാത്രയാണ് സ്വപ്നായനം. നമ്മുടെ ഓർമകളിലൂടെയുള്ളൊരു യാത്രയാണത്. അങ്ങനെയാണാ പേര് വരുന്നത്. 

20 ദിവസത്തിൽ പിറന്ന സി​ഗ്നേച്ചർ ഫിലിം 

ഏറ്റവും കുറഞ്ഞ ബജറ്റിൽ വെറും ഇരുപത് ദിവസമെടുത്ത് ചെയ്ത സിനിമയാണ് സ്വപ്നായനം. കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കൂടിയായിരുന്നു അത്. ആദ്യഘട്ടങ്ങളെല്ലാം ചെയ്തത് ഞാൻ തന്നെയാണ്. ആനിമേറ്ററും വിഎഫ്ക്സ് ആർട്ടിസ്റ്റുമായ അഭിജിത്ത് സജി പിന്നീട് ജോയിനായി. റിസർച്ചിനായി എനിക്കൊപ്പം ആര്‍ക്കിടെക്റ്റ് അയ എൻ്റെ സഹോദരി ആതിരയും ഉണ്ടായിരുന്നു.

സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഏകദേശം 90% ആൾക്കാരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ ആൾക്കാരാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപാഠികളും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുള്ളവരുമൊക്കെയാണ് അവർ. സൗണ്ട് ഡിസൈന്‍ ചെയ്തത് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എൻ്റെ ബാച്ച്മേറ്റ് ആയിരുന്ന നന്ദഗോപൻ ആണ്. സംഗീതം ചെയ്തിരിക്കുന്നത് 6091 എന്ന ആര്‍ട്ടിസ്റ്റ് ആണ്. കളര്‍ കറക്ഷന്‍ ചെയ്തിരിക്കുന്നത് പ്രമുഖ കളറിസ്റ്റ് ആയിട്ടുള്ള ലിജു പ്രഭാകർ ആണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പി കെ റോസി, ന്യൂ ക്യാപിറ്റോള്‍ തിയറ്ററിൽ സിനിമ കാണുന്ന ഭാഗം ഷൂട്ട് ചെയ്തത്. ഞങ്ങൾ സിനിമ കണ്ടുപഠിച്ച തിയറ്ററാണത്. അങ്ങനെയൊരു വ്യക്തപരമായ കണക്ഷൻ കൂടി സ്വപ്നായനത്തിനുണ്ട്. 

പി കെ റോസിയായി അഭിരാമി ബോസ്

അഭിരാമി ബോസ് എന്റെ അടുത്ത സുഹൃത്താണ്. വളരെ പരിമിതമായ സമയത്തിൽ റോസിയെ പോലെ മുഖസാദൃശ്യമുള്ളൊരു കാസ്റ്റിങ് അല്പം ശ്രമകരമായിരുന്നു. പഴയൊരു ഫോട്ടോഗ്രാഫ് മാത്രമെ പികെ റോസിയുടേതായിട്ടുള്ളൂ. 1970കളിലാണ് ആ ഫോട്ടോ പുറത്തുവരുന്നതെന്ന് തോന്നുന്നു. ആ ഫോട്ടോ റീക്രിയേറ്റ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. കൂടുതലും സുഹൃത്തുക്കൾ ഉൾപ്പെട്ട സിനിമയായത് കൊണ്ട് തന്നെ ആ കാസ്റ്റിം​ഗ് അഭിരാമിയിലേക്ക് എത്തുകയായിരുന്നു. 

അനിൽ മെഹ്തയുടെ ശിഷ്യൻ

ഞാൻ മാവേലിക്കര സ്വദേശിയാണ്. ജനിച്ച് വളർന്നതെല്ലാം ദില്ലിയിലാണ്. എന്‍ഐഎഫ്ടി ദില്ലിയിൽ നിന്നും കമ്യൂണിക്കേഷന്‍ ഡിസൈനിൽ ബിരുദം ചെയ്തു. പിന്നീട് ​കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോയിന്‍ ചെയ്തു. പക്ഷേ കോഴ്സ് പൂർത്തിയാക്കാൻ പറ്റിയില്ല. പിന്നീടാണ് സിനിമാട്ടോ​ഗ്രഫിയിൽ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് പോസ്റ്റ്​ ​ഗ്രാജുവേഷൻ ചെയ്തത്. ഇപ്പോൾ ബോംബൈയിൽ ‍പ്രമുഖ സിനിമാട്ടോഗ്രാഫറായ അനിൽ മെഹ്തയ്ക്ക് ഒപ്പം ചീഫ് അസോസിയേറ്റ്, ബി ക്യാം ഓപറേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. ല​ഗാൻ, റോക്സ്റ്റാർ തുടങ്ങി നിരവധി പടങ്ങൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. നിലവിൽ ഞങ്ങൾ ശ്രീറാം രാഘവൻ സംവിദ്ധാനം ചെയ്യുന്ന 'ഇക്കിസ്' എന്നൊരു ബോളിവുഡ് പടം  ചെയ്യുകയാണ്. ഈ സിനിമയുടെ ഇടവേളയിലാണ് 'സ്വപ്നായനം' ചെയ്തത്.

ALSO READ : യുദ്ധവെറിയുടെ കാലത്ത് ചോദ്യങ്ങളുയര്‍ത്തി കൃഷാന്ദ് ആര്‍ കെയുടെ 'സംഘര്‍ഷ ഘടന'- അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!