ജന്ദര്‍മന്ദിറിലും പ്രതിഷേധം; റഷ്യ യുദ്ധം അവസാനിപ്പിക്കണം, ഇന്ത്യ ഇടപെടണം: ജൂലിയസ് പ്രാണവിഷ്യൂസ്

First Published | Mar 6, 2022, 7:17 PM IST

ഷ്യയുടെ ഉക്രൈന്‍ അധിനിവേശം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. അതിനിടെ ലോകമെമ്പാടും റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുയരുകയാണ്. 'യുദ്ധം' എന്ന വാക്ക് പോലും ഉപയോഗിക്കാന്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മുകളില്‍ സര്‍ക്കാറിന്‍റെ നിയന്ത്രണങ്ങളുള്ളപ്പോള്‍ പ്രതിഷേധിക്കാനായി റഷ്യന്‍ തെരുവുകളിലിറങ്ങിയ പതിനായിരങ്ങളെ അറസ്റ്റ് ചെയ്തു. അതിനിടെ ലോകമെങ്ങും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ദില്ലിയില്‍ താമസിക്കുന്ന ഉക്രൈനികളും ലിത്വാനിയക്കാരും മറ്റ് യൂറോപ്യന്‍ വംശജരും ഇന്ത്യക്കാരും ഇന്ന് ജന്ദര്‍ മന്ദിറില്‍ ഒത്തുകൂടി യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസിം സെയ്ദി. റിപ്പോര്‍ട്ടിങ്ങ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍. 

ഇന്ത്യ, ഉക്രൈന്‍, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളുടെ പതാകയുമായാണ് പ്രതിഷേധ കൂട്ടായ്മനടന്നത്. കുട്ടികള്‍ മുതല്‍ ഇന്ത്യയിലെ ലിത്വാനിയന്‍ അംബാസിഡര്‍ ജൂലിയസ് പ്രാണവിഷ്യൂസ് അടക്കമുള്ളവര്‍ പ്രതിഷേധ കൂട്ടായ്മയ്ക്കെത്തി. 

യുദ്ധം ആര്‍ക്കും ഒരു ലാഭവും ഉണ്ടാക്കില്ലെന്നും യുദ്ധക്കെടുതികള്‍ രാജ്യങ്ങളെ അനാഥമാക്കുമെന്നും കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 


ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഒരു ദശലക്ഷത്തിന് മേലെ ആളുകളെ അഭയാര്‍ത്ഥികളാക്കി. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. പല ഗ്രാമങ്ങളും നഗരങ്ങളും പൂര്‍ണ്ണമായും നാമാവശിഷ്ടമായി. 

രാജ്യത്തിന്‍റെ കിഴക്കും വടക്കും തെക്കും നിന്ന് റഷ്യ അക്രമണമഴിച്ച് വിട്ടപ്പോള്‍ ഉക്രൈന്‍റെ നിന്നുള്ള അഭയാര്‍ത്ഥികള്‍ പടിഞ്ഞാറാന്‍ ദേശങ്ങളിലേക്ക് ജീവനും കൈയില്‍ പിടിച്ച് ഓടുകയാണ്. 

ആയിരക്കണക്കിന് കുട്ടികള്‍ അനാഥമാക്കി. കീവും സുമിയും പോലെ ഇന്നും ബോംബ് വര്‍ഷിക്കപ്പെടുന്ന് നഗരങ്ങളില്‍ ബങ്കറുകളില്‍ ആയിരങ്ങള്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ പന്ത്രണ്ടാം നാളിലേക്ക് കടക്കുന്നു. 

റഷ്യയെ പോലെ ആയുധ ശക്തിയില്‍ രണ്ടാം സ്ഥാനത്തുള്ള ഒരു രാജ്യത്തിന്‍റെ  അധിനിവേശത്തെ തടയാന്‍ ഉക്രൈന് എത്രകാലം കഴിയുമെന്നത് ഇപ്പോഴും വ്യക്തമല്ല. രാജ്യം ഏതാണ്ട് പൂര്‍ണ്ണമായും ഇന്ന് യുദ്ധത്തിന്‍റെ പിടിയിലാണ്. 

നാറ്റോയും യുഎസും യൂറോപ്യന്‍ യൂണിയനും യുദ്ധം മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയില്‍ കരുതലോടെയാണ് യുദ്ധത്തോട് പ്രതികരിക്കുന്നത് തന്നെ. 

ഉക്രൈനിന് മുകളിലെ വ്യാമപാതയില്‍ നിരോധനമേര്‍പ്പെടുത്തിയാല്‍ യുദ്ധം നാറ്റോയും റഷ്യയും തമ്മിലാകുമെന്ന് പുടിന്‍ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. 

ഈയൊരു പ്രതിസന്ധിയിലാണ് റഷ്യ, ഉക്രൈന്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യം ലോകമെങ്ങുനിന്നും ഉയരുന്നത്. ഉക്രൈന്‍റെ സമീപ രാജ്യങ്ങളിലൊന്നായ ലിത്വാനിയന്‍ അംബാസിഡര്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. 

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലിത്വാനിയന്‍ അംബാസിഡര്‍ ജൂലിയസ് പ്രാണവിഷ്യൂസ് പറഞ്ഞു. വരും ദിവസങ്ങളിലും യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടികള്‍ സജീവമാക്കാനും കൂട്ടായ്മ തീരുമാനിച്ചു. 

undefined
undefined
undefined
undefined

Latest Videos

click me!