കുഞ്ഞുങ്ങളിലെ മഞ്ഞ മാറാൻ വെയിൽ കൊള്ളിച്ചാൽ മതിയോ?

By Web Team  |  First Published Dec 12, 2024, 10:40 AM IST

പിത്തനാളിക്ക് ജന്മനാ തടസ്സം ഉണ്ടാകുന്ന അസുഖമായ ബിലിയറി അട്രീസിയ ഉള്ളപ്പോഴും കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തമായി കാണാം. മഞ്ഞപ്പിത്തം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും കുഞ്ഞിന്റെ മൂത്രം മഞ്ഞനിറത്തിൽ പോവുകയോ കുട്ടിയുടെ മലം കളിമൺ നിറത്തിൽ പോവുകയും ചെയ്താൽ ഇത് പ്രശ്നമാണ്.


കേരളത്തിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മഞ്ഞപ്പിത്തത്തെ ഒരിക്കലും നിസാരമായി കാണരുത്. ആളുകളുടെ ജീവൻ തന്നെ അപഹരിക്കുന്ന രോ​ഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം അതിവേ​ഗം പടർന്നുപിടിക്കുന്ന ഈ സാ​ഹചര്യത്തിൽ മഞ്ഞപ്പിത്തത്തെ കുറിച്ച് കൂടുതലറിയേണ്ടത് പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. 'മാരകമാകുന്ന മഞ്ഞപ്പിത്തം'  എന്ന പരമ്പരയിൽ  നവജാതശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം എങ്ങനെ തടയാമെന്നതിനെ കുറിച്ച്  എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് & ഹെപറ്റോളജിസ്റ്റ് വിഭാ​ഗം ഡോ. മായാ പീതാംബരൻ എഴുതുന്ന ലേഖനം. 

നവജാതശിശുക്കളിൽ മഞ്ഞപ്പിത്തം ഒരു സാധാരണ പ്രതിഭാസമാണ്. എന്നാൽ ചില കുഞ്ഞുങ്ങളിൽ ഇത് ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കാം. ഇത് പലപ്പോഴും മാതാപിതാക്കളിൽ ആശങ്കയും ഉണ്ടാക്കുന്നു. നവജാത ശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം നമ്മൾ ഭയപ്പെടേണ്ടതുണ്ടോ?

Latest Videos

എന്താണ് മഞ്ഞപിത്തം?

രക്തത്തിൽ ബിലിറൂബിൻ എന്ന മഞ്ഞ പിഗ്മെന്റിന്റെ അളവ് കൂടുന്നതാണ് മഞ്ഞപ്പിത്തം. ശരീരത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുമ്പോൾ അതിലെ ഹീമോഗ്ലോബിൻ വിഘടിച്ചാണ് ബിലിറൂബിൻ ഉണ്ടാകുന്നത്. നവജാതശിശുക്കളിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂടുതലാണ്. മാത്രമല്ല അവ കൂടുതൽ വേഗത്തിൽ നശിക്കുകയും ചെയ്യുന്നു. അതുപോലെ നവജാത ശിശുക്കളുടെ കരൾ പൂർണമായി പ്രവർത്തനക്ഷമം അല്ല. അതുകൊണ്ടുതന്നെ ബലിറൂബിൻ കാര്യക്ഷമമായി പ്രോസസ് ചെയ്യാനും കഴിയില്ല. ഈ കാരണങ്ങൾ കൊണ്ടാണ് നവജാത ശിശുക്കളിൽ മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.

undefined

എന്താണ് ഫിസിയോളജിക്കൽ ജോണ്ടിസ്?

നവജാതശിശുക്കളിൽ മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട്, ജനിച്ച് രണ്ടോ മൂന്നോ ദിവസം ആകുമ്പോൾ ചെറിയ മഞ്ഞ കണ്ണിലും മുഖത്തും കണ്ടുവരുന്നു. അത് നാലോ അഞ്ചോ ദിവസം വരെ വർദ്ധിക്കുകയും ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ മഞ്ഞപ്പിത്തം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ കുഞ്ഞു നന്നായി പാൽ കുടിക്കുകയും മഞ്ഞനിറത്തിലുള്ള മലം പോവുകയും ചെയ്യുന്നു. ഇതിനെ ഭയപ്പെടേണ്ടതില്ല ഇതിനൊരു ചികിത്സയും ആവശ്യമില്ല.

പത്തോളജിക്കൽ ജോണ്ടിസ്

നവജാതശിശുക്കളിൽ സാധാരണ കാണുന്ന അളവിൽ കൂടുതൽ ബിലിറൂബിൻ കണ്ടാൽ അത് പ്രശ്നമാണ്. കുട്ടിയുടെ തൂക്കം, ജനിച്ചു കഴിഞ്ഞ ദിവസം മുതലായവ വച്ച് ഗ്രാഫ് നോക്കിയാണ് ബിലിറൂബിൻ കൂടുതലാണോ എന്ന് നിശ്ചയിക്കുന്നത് അല്ലാതെ അളവ് മാത്രം നോക്കിയിട്ടല്ല.

പത്തോളജിക്കൽ ജോണ്ടിസ് കാരണങ്ങൾ

1. മുലയൂട്ടൽ മഞ്ഞപ്പിത്തം: മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് മുലപ്പാൽ ലഭിക്കാത്തപ്പോൾ ഉണ്ടാകാം.

2. ആർ എച്ച് ഇൻകമ്പാറ്റബിലിറ്റി (രക്ത ഗ്രൂപ്പിൻറെ പൊരുത്തക്കേടുകൾ) അമ്മ നെഗറ്റീവ് ഗ്രൂപ്പും കുഞ്ഞു പോസിറ്റീവ് ഗ്രൂപ്പും ആണെങ്കിൽ ബിലിറൂബിന്റെ അളവ് ആശങ്കാപരമായി ഉയരാൻ സാധ്യതയുണ്ട്.

3. എ ബി ഒ ഇൻകമ്പാറ്റബിലിറ്റി: അമ്മ ഒ ഗ്രൂപ്പും കുഞ്ഞ് എ അല്ലെങ്കിൽ ബി ഗ്രൂപ്പ് ആണെങ്കിലും ബിലിറൂബിന്റെ അളവ് വളരെയധികം കൂടാം.

4. അണുബാധ : ചില അണുബാധകൾ മഞ്ഞപ്പിത്തത്തിന് കാരണമാകാം

5. ഹൈപ്പോതൈറോയിഡിസം (Congenital Hypothyroidism): തൈറോയ്ഡ് ഹോർമോണിന്റെ കുറവ്.

6. കെഫാൽ ഹെമറ്റോമ (Cephalhematoma): പ്രസവസമയത്ത് ഉണ്ടാകുന്ന ചെറിയ ക്ഷതം മൂലം തലയോട്ടിക്ക് പുറത്തായി രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയിലും ഇത് ഉണ്ടാകാം.

മഞ്ഞപ്പിത്തം എങ്ങനെ മാരകമാകുന്നു?

രക്തത്തിലെ ബിലിറൂബിന്റെ അളവ് വളരെയധികം ഉയർന്നാൽ അത് തലച്ചോറിലേക്ക് കടന്നു നാഡീ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് കെർണിക്ടറസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇതുമൂലം കുഞ്ഞിന് സെറിബ്രൽ പാൾസി, ബധിരത, മാനസിക വൈകല്യം മാത്രമല്ല മരണം വരെ സംഭവിക്കാം.

മഞ്ഞപ്പിത്തത്തിന്റെ ചികിത്സ

മിക്ക നവജാതശിശുക്കൾക്കും ഫിസിയോളജിക്കൽ ജോണ്ടിസ് ആയിരിക്കും മഞ്ഞപ്പിത്തത്തിന് കാരണം. ഇതിന് പ്രത്യേക ചികിത്സ ആവശ്യമില്ല. എന്നാൽ ബിലിറൂബിന്റെ അളവ് വളരെ ഉയർന്നാൽ ചികിത്സ ആവശ്യമാണ്. മഞ്ഞപ്പിത്തത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും ഏത് ചികിത്സയാണെന്ന് തീരുമാനിക്കുന്നത്.

* ഫോട്ടോതെറാപ്പി (പ്രകാശ ചികിത്സ) ചില പ്രത്യേക ലൈറ്റുകൾ ഉപയോഗിച്ച് ബിലിറൂബിൻ തകർക്കുന്ന ചികിത്സയാണിത്. ചില പ്രത്യേക അൾട്രാവയലറ്റ് രശ്മികൾ കുഞ്ഞിൻറെ ചർമ്മത്തിൽ പതിക്കുന്നു. ഇത് ബിലിറൂബിൻ അലിഞ്ഞ് മറ്റൊരു ഘടനയിൽ ആകുകയും അങ്ങനെ അത് ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് വളരെ ഫലപ്രദമായ ചികിത്സയാണ്. കുഞ്ഞിനെ പാൽ കുടിക്കുന്ന സമയം ഒഴിച്ച് മുഴുവൻ സമയവും ഫോട്ടോതെറാപ്പിക്ക് കീഴിൽ കിടത്തേണ്ടിയിരിക്കുന്നു.

*എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ: ബിലിറൂബിന്റെ അളവ് വളരെയധികം ഉയരുകയും തലച്ചോറിനെ ബാധിക്കാൻ സാധ്യതയുള്ള ലെവൽ ആവുകയും ചെയ്യുമ്പോൾ ഫോട്ടോ തെറാപ്പി ഫലപ്രദമാവാതെ വരുമ്പോഴാണ് ഇത് ചെയ്യുന്നത്. പൊക്കിൾകൊടിയിലുള്ള അംബ്ലിക്കൽ വെയിനിലൂടെ കുഞ്ഞിൻറെ രക്തം പുറത്തു കളയുകയും പകരം രക്തം നൽകുകയും ആണ് ചെയ്യുന്നത്.

കുഞ്ഞുങ്ങളിൽ വെയിൽ കൊണ്ടാൽ മതിയോ?

സൂര്യപ്രകാശത്തിൽ പലപ്പോഴും ഹാനികരമായ രശ്മികൾ ഉണ്ടാകാം മാത്രമല്ല ഫോട്ടോതെറാപ്പിയോളം ഫലപ്രദമല്ല. അതുകൊണ്ട് ഒഴിവാക്കുന്നതാണ് ഉചിതം.

മഞ്ഞപ്പിത്തം എങ്ങനെ തടയാം?

1. ശരിയായ മുലയൂട്ടൽ: കുഞ്ഞിന് ആവശ്യമായ മുലപ്പാൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

2. രക്തഗ്രൂപ്പ് പൊരുത്തക്കേട് പരിശോധിക്കുക: അമ്മയുടെയും കുഞ്ഞിന്റെയും രക്ത ഗ്രൂപ്പുകൾ പൊരുത്തക്കേട് ഉണ്ടോ എന്ന് പരിശോധിക്കുക.

3. പതിവ് പരിശോധന: ജനിച്ച ഉടനെ കുഞ്ഞിനെ മഞ്ഞപ്പിത്തത്തിനായി പരിശോധിക്കുക. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിലൂടെ ആവശ്യമെങ്കിൽ ചികിത്സ നേരത്തെ ആരംഭിക്കാൻ കഴിയും.

നവജാതശിശുക്കളിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് മഞ്ഞപിത്തം ഉണ്ടാകുമോ?

പിത്തനാളിക്ക് ജന്മനാ തടസ്സം ഉണ്ടാകുന്ന അസുഖമായ ബിലിയറി അട്രീസിയ ഉള്ളപ്പോഴും കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തമായി കാണാം. മഞ്ഞപ്പിത്തം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും കുഞ്ഞിന്റെ മൂത്രം മഞ്ഞനിറത്തിൽ പോവുകയോ കുട്ടിയുടെ മലം കളിമൺ നിറത്തിൽ പോവുകയും ചെയ്താൽ ഇത് പ്രശ്നമാണ്. എത്രയും പെട്ടെന്ന് കുഞ്ഞിന്റെ ഡോക്ടറെ കാണിക്കേണ്ടതാണ്. നവജാത ശിശുക്കളിൽ മഞ്ഞപ്പിത്തം സാധാരണമാണെങ്കിലും അത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ട് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.

Read more കേരളത്തിൽ മഞ്ഞപ്പിത്തം മൂലമുള്ള മരണങ്ങൾ കൂടുന്നു : പ്രധാന കാരണങ്ങളും പരിഹാരങ്ങളും ; ഡോ. ആന്റണി പോൾ ചേറ്റുപുഴ
 

 

click me!