എല്‍ഡിഎഫിനൊപ്പം ജൂനിയര്‍ മാന്‍ഡ്രക്ക്; പാലായില്‍ യുദ്ധമുഖം തുറന്ന് മാണി സി കാപ്പന്‍

First Published | Feb 15, 2021, 1:22 PM IST

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ മുന്നണികളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് എല്‍ഡിഎഫിലെ ഘടക കക്ഷിയായിരുന്ന എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വഴി പിരിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്നലെ പാലായില്‍ എത്തിയപ്പോള്‍ മാണി സി കാപ്പനും അനുയായികളും യുഡിഎഫിന്‍റെ വേദി പങ്കിട്ടു. പിണറായിക്കും എല്‍ഡിഎഫിനും നന്ദി പറഞ്ഞ കാപ്പന്‍, ജോസ് കെ മാണിയെ വെല്ലുവിളിച്ചു. പാല തന്‍റെ ചങ്കാണെന്ന് പ്രഖ്യാപിച്ചു. വരുന്ന 22 -ാം തിയതി ഇത് സംബന്ധിച്ച ഔദ്ധ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. വഴി പിരിയലിന് തുടക്കം കുറിച്ച് കൊണ്ട് എന്‍സിപിയില്‍ നിന്ന് മാണി സി കാപ്പനും അനുയായികളും യുഡിഎഫ് പാളയത്തിലേക്ക് കയറിക്കഴിഞ്ഞു.പുതിയ പാർട്ടിക്കായി എൻ സി പി കേരള, എൻ സി പി യുപിഎ എന്നീ പേരുകൾക്കാണ് മുൻഗണനയെന്നറിയുന്നു. കാപ്പന്‍റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്, റിപ്പോര്‍ട്ടര്‍:  കെ വി സന്തോഷ് കുമാര്‍ 

ജനാധിപത്യമെന്നാല്‍ അധികാരം ജനങ്ങളിലേക്കാണെന്നാണ് വയ്പ്പെങ്കിലും ഇന്ത്യയിലെ പല മണ്ഡലങ്ങളും പാര്‍ട്ടികളുടെയും കുടുംബങ്ങളുടെയും വാഴ്ചയാണ് തുടരുന്നത്. അത്തരമൊരു മണ്ഡലമാണ് കേരളത്തിലെ പാലാ നിയോജകമണ്ഡലം. 1965 മുതല്‍ മരിക്കും വരെ കെ എം മാണിയായിരുന്നു പാലായിലെ ഏക ജനപ്രതിനിധി. (കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
2019 ല്‍ കെ എം മാണിയുടെ മരണത്തിന് ശേഷമാണ് പാലായിലെ ജനങ്ങള്‍ മറ്റൊരു ജനപ്രതിനിധിയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. അങ്ങനെ കെ എം മാണിക്കെതിരെ മൂന്ന് തവണ മത്സരിച്ച് പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പനെ നാലാം തവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാലാക്കാര്‍ ജയിപ്പിച്ചു.
undefined

Latest Videos


മാസങ്ങള്‍ക്കിപ്പുറം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം അരങ്ങോരുക്കുമ്പോള്‍ പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ബലാബലത്തില്‍ യുഡിഎഫില്‍ നിന്ന് പുറത്തേക്ക് തെറിച്ച കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം, കെ എം മാണിയുടെ മകനും എം പിയുമായ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫിലേക്കുള്ള വഴി വെട്ടി.
undefined
അത്തരത്തിലൊരു നീക്കം മുന്‍കൂട്ടി കണ്ട മാണി സി കാപ്പന്‍ ആദ്യവെടി പൊട്ടിച്ചു. കേരളാ കോണ്‍ഗ്രസ് എം, എല്‍ഡിഎഫിലേക്ക് വന്നാലും പാലാ നിയോജകമണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന്. അതിന് മാസി സി കാപ്പന് തന്‍റെതായ ന്യായങ്ങളും ഉണ്ടായിരുന്നു.
undefined
1965 മുതല്‍ 2019 ല്‍ മരിക്കും വരെ പാലായെ പ്രതിനിധീകരിച്ചത് കെ എം മാണിയാണ്. മാണിയുടെ അവസാനത്തെ മൂന്ന് തെരഞ്ഞെടുപ്പുകളിലും എതിരാളി ഒരാളായിരുന്നു. മാണി സി കാപ്പന്‍. കാപ്പനെ മൂന്ന് തെരഞ്ഞെടുപ്പുകളിലും പിന്തുണച്ചത് എല്‍ഡിഎഫ്. 1991 ല്‍ കെ എം മാണിക്കെതിരെ മത്സരിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മാണി സി കാപ്പന്‍റെ ചേട്ടനുമായ ജോര്‍ജ് സി കാപ്പന്‍.
undefined
കഴിഞ്ഞ ദിവസം യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് കൊണ്ട് മാണി സി കാപ്പന്‍ തന്നെ പറഞ്ഞത് 'അന്നൊന്നൊന്നും പാലാ സീറ്റ് ആര്‍ക്കും വേണ്ടാതെ കിടക്കുകയായിരുന്നു' വെന്നായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ സത്യവുമായിരുന്നു. കെ എം മാണി എന്ന രാഷ്ട്രീയ നേതാവ് മത്സരിക്കുന്നിടത്തോളം കാലം പാലായില്‍ നിന്ന് മറ്റൊരു നേതാവിനും മത്സരിച്ച് ജയിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
undefined
2019 ല്‍ കെ എം മാണിയുടെ മരണത്തോടെ പാലാ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എല്‍ഡിഎഫ്-എന്‍സിപി കൂട്ടുകെട്ടില്‍ നാലാം തവണയും മത്സരിച്ച മാണി സി കാപ്പന്‍ 2,943 വേട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി.
undefined
എന്നാല്‍, കെ എം മാണിയുടെ മരണം യുഡിഎഫിലെ ബലതന്ത്രങ്ങളില്‍ മാറ്റമുണ്ടാക്കി. കെ എം മാണിയോടൊപ്പമുണ്ടായിരുന്ന പി ജെ ജോസഫ്, കെ എം മാണിയുടെ മരണം ശേഷം ജോസ് കെ മാണിയെ വെട്ടിനിരത്താന്‍ നോക്കിയത് കേരളാ കോണ്‍ഗ്രസ് എമ്മിന് യുഡിഎഫില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കലിന് കാരണമായി.
undefined
മുന്നണി ബന്ധമില്ലെങ്കില്‍ പരാജയം നേരിടേണ്ടിവരുമെന്ന തോന്നല്‍ ജോസ് കെ മാണിയെ എല്‍ഡിഎഫ് പാളയത്തിലെത്തിച്ചു. എല്‍ഡിഎഫിലേക്കുള്ള കേരളാ കോണ്‍ഗ്രസ് പ്രവേശനം മുന്നില്‍ കണ്ട മാണി സി കാപ്പന്‍ അന്നേ പറഞ്ഞതാണ് 'പാല വിട്ടൊരു കളിയില്ലാ'യെന്ന്.
undefined
യുഡിഎഫില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നപ്പോള്‍ തന്നെ ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതിനോട് പ്രതികരിക്കവേയാണ് താന്‍ പാല വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചത്.
undefined
പക്ഷേ, രാഷ്ട്രീയ സമവാക്യങ്ങളില്‍ എല്‍ഡിഎഫിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഐഎം കാപ്പന് പാലാ ഇല്ലെന്ന് കട്ടായം പറഞ്ഞു. ഇതോടെ പാലയില്‍ നിന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന എംഎല്‍എ ആകണമെന്നത് ആഗ്രഹം മാത്രമാകുമെന്ന് കാപ്പന്‍ തിരിച്ചറിഞ്ഞു.
undefined
ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കുന്നതെങ്ങനെയെന്നതായിരുന്നു കാപ്പന്‍റെ ചോദ്യം. എന്‍സിപി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും എതിര്‍ത്തിട്ടും കാപ്പന്‍ എല്‍ഡിഎഫ് മുന്നണി വിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിലേക്കാണ് മുന്നണി വിട്ട മാണി സി കാപ്പന്‍ നേരിട്ട് കയറി ചെന്നത്.
undefined
കേരളാ കോണ്‍ഗ്രസ് (എം) വിട്ട് പോയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കാപ്പനെ ഇരുകൈയും നീട്ടി യുഡിഎഫ് സ്വീകരിച്ചു. എന്നാല്‍, ഐശ്വര്യ കേരള യാത്രയില്‍ വച്ച് ആദ്യം തന്നെ പിണറായിക്കും എല്‍ഡിഎഫിനും നന്ദി പറഞ്ഞുകൊണ്ടാണ് കാപ്പന്‍ തന്‍റെ പ്രസംഗം ആരംഭിച്ചത്.
undefined
തുടര്‍ന്ന് പാല എന്തുകൊണ്ട് തന്‍റെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കെ എം മാണിയുമായി മൂന്ന് തവണ താന്‍ മത്സരിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ 25,000 -ത്തിന്‍റെ ഭൂരിപക്ഷം 7,500 ലേക്കും രണ്ടാം തെരഞ്ഞെടുപ്പില്‍ അത് 5,200 ലേക്കും മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ അത് 4,700 ലേക്കും കുറച്ച് കൊണ്ട് വരാന്‍ തനിക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കാപ്പന്‍ പറഞ്ഞു.
undefined
2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2943 വോട്ടിന്‍റെ വിജയം. 16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലയില്‍ കൊണ്ടുവരാന്‍ സാധിച്ചു. 3500 കുടുംബങ്ങളുടെ പ്രശ്നം പരിഹരിച്ചു. അതിന് പിണറായി വിജയനും എല്‍ഡിഎഫും തന്നെ സഹായിച്ചതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
undefined
കഴിഞ്ഞ 25 വര്‍ഷമായി തന്‍റെ ചോരയും നീരും പണവും ഞാന്‍ എല്‍ഡിഎഫിന് വേണ്ടി ചെലവാക്കിയതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അത് തനിക്ക് തിരിച്ച് വേണ്ട. പക്ഷേ താന്‍ രാജിവെക്കണമെന്ന് വാദിച്ച എല്‍ഡിഎഫുകാര്‍ക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ എന്തിന് രാജിവെക്കണം എന്ന് വ്യക്തമാക്കി സമരം നടത്തട്ടെയെന്നും അങ്ങനെയെങ്കില്‍ തോമസ് ചാഴികാടനും റോഷി അഗസ്റ്റിനും രാജിവെക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
undefined
താന്‍ എല്‍ഡിഎഫിന്‍റെ പ്രിയപ്പെട്ടവനായിരുന്നു, പിണറായി വിജയന്‍റെ ഏറ്റവും അടുത്തയാളായിരുന്നു. പാല നിയോജക മണ്ഡലം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ട് വന്നത്.
undefined
' ജോസ് കെ മാണി പറഞ്ഞത് പാല തന്‍റെ ഹൃദയവികാരമാണെന്നാണ്. ഞാന്‍ പറഞ്ഞത് പാല എന്‍റെ ചങ്കാണെന്നാണ്. കേരളാ കോണ്‍ഗ്രസിന്‍റെ വത്തിക്കാനാണ് പാല എന്നായി ജോസ്, പക്ഷേ, പോപ്പ് വേറെയാണെന്നുള്ള കാര്യം ജോസ് കെ മാണി മറന്നുപോയെ'ന്ന് കാപ്പന്‍ പറഞ്ഞു. പാലായിലെ ജനങ്ങള്‍ ജോസിനത് ഈ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെടുത്തി കൊടുക്കുമെന്ന് തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
undefined
കൂടാതെ പാലയും തന്‍റെ പിതാവിന്‍റെയും ബന്ധത്തെ കുറിച്ചും മാണി സി കാപ്പന്‍ വേദിയെ ഓര്‍മ്മപ്പെടുത്തി. തന്‍റെ പിതാവ് ചെറിയാന്‍ സി കാപ്പന്‍റെ സ്വാതന്ത്രസമര ചരിത്രവും അദ്ദേഹം പാലയുടെ മുനിസിപ്പല്‍ ചെയര്‍മാന്നുവെന്നും കാപ്പന്‍ ഓര്‍ത്തെടുത്തു. 1962 മുതല്‍ 67 വരെ മൂവാറ്റുപുഴയില്‍ നിന്നുള്ള എംപിയായിരുന്നുവെന്നു ചെറിയാന്‍ സി കാപ്പന്‍ എന്ന തന്‍റെ പിതാവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
undefined
ഇന്ന് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറിയും ജോസ് കെ മാണിയും പാലായുടെ വികസനത്തിന് ഇപ്പോള്‍ ഏറ്റവും വലിയ തടസമായി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
undefined
ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രക്കാണെന്നും ജൂനിയര്‍ മാന്‍ഡ്രക്കിനെ യുഡിഎഫ് സന്തോഷത്തോടെയാണ് എല്‍ഡിഎഫിന് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അവിടെ എല്‍ഡിഎഫിന്‍റെ ഗതികേട് തുടങ്ങിയെന്നും പിണറായി വിജയന്‍ ഇടയ്ക്ക് ജൂനിയര്‍ മാന്‍ഡ്രക്ക് എന്ന സിനിമ കാണുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
undefined
ബോളിബോളിലും സിനിമയിലും തുളങ്ങിയ മാണി സി കാപ്പന്‍, കെ എം മാണിയുടെ മരണത്തോടെ പാലയെ സ്വന്തം തട്ടകമാക്കി മാറ്റാനുള്ള അടവുകളെല്ലാം പുറത്തെടുക്കുമെന്നുറപ്പ്. അതേ സമയം, തന്‍റെ പിതാവിന്‍റെ മണ്ഡലം മാണി സി കാപ്പനില്‍ നിന്ന് തിരികെ പിടിക്കാന്‍ ജോസ് കെ മാണിയും സിപിഎമ്മും രണ്ടും കല്‍പ്പിച്ചാകും തെരഞ്ഞെടുപ്പിനിറങ്ങുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശക്തമായ പോരാട്ടത്തിന് ഏതായാലും പാലായില്‍ കളമൊരുങ്ങിക്കഴിഞ്ഞു.
undefined
പാലായിലെ ശക്തി പ്രകടനം യു ഡി എഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തിൽ മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളിലാണ് മാണി സി കാപ്പനും കൂട്ടരും. ഇതിനായി പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പൻ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു.
undefined
28 ന് തിരുവനന്തപുരത്ത് കാപ്പൻ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പാർട്ടിയുടെ പേര്, ഭരണ ഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.
undefined
undefined
രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിൽ മാണി സി കാപ്പനും പങ്കെടുത്തിരുന്നു. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ തന്‍റെ നേതൃത്വത്തിലുള്ള പുതിയ മുന്നണിക്ക് ലഭിക്കുമെന്നാണ് കാപ്പന്‍റെ വിശ്വാസം.
undefined
പുതിയ പാർട്ടിക്കായി എൻ സി പി കേരള, എൻ സി പി യുപിഎ എന്നീ പേരുകൾക്കാണ് മുൻഗണന. എൻസിപിയിൽ തന്നെ അനുകൂലിക്കുന്നവരുടെ യോഗം 29 നു മുമ്പ് വിവിധ ജില്ലകളിൽ വിളിച്ചു ചേർക്കാനാണ് മാണി സി കാപ്പന്‍റെ തീരുമാനം.
undefined
സലിം പി മാത്യു, സുൾഫിക്കർ മയൂരി , ബാബു കാർത്തികേയൻ തുടങ്ങിയ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്‍റ് സാജു എം ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ദേശീയ അധ്യക്ഷൻ ശരത് പവാറിന് അയച്ചിട്ടുണ്ട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനെ തന്‍റെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും മാണി സി കാപ്പൻ നടത്തുന്നുണ്ട്.
undefined
click me!