സംസ്ഥാനത്തെ രണ്ട് പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി; നേട്ടം കൊല്ലം, കോഴിക്കോട് ജില്ലകൾക്ക്

By Web Team  |  First Published Nov 28, 2024, 5:07 AM IST

സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ദില്ലിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് രണ്ടു പദ്ധതികള്‍‌ക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.


തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്.  Development of Iconic tourist Centres to Global scale എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 155.05 കോടി രൂപയുടെ ടൂറിസം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയത്. 

കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണ​ക്കി ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ടിന് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കിയിരുന്നു. അതിന്റെ വിപുലീകരണമാണ് ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സര്‍ഗാലയ ആര്‍ട് ആന്‍റ് ക്രാഫ്റ്റ് വില്ലേജ് മുതല്‍ ബേപ്പൂര്‍ വരെ നീളുന്ന ടൂറിസം ശൃംഖലയാണ് സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ഗാലയ ആര്‍ട് ആന്‍റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ദില്ലിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് രണ്ടു പദ്ധതികള്‍‌ക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.

Latest Videos

undefined

സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍‌ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്താകെ ടൂറിസം കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഇത് സഹായകരമാകും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!