ലീഗ് - ജമാ അത്തെ കൂട്ടുകെട്ടിനെതിരെ സിപിഎമ്മും, സിപിഎം ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് ബിജെപിയും ആരോപിക്കുന്നതിനിടയിലും രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിന് വേദനയായി. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ കണ്ണീരിൽ മുങ്ങിയാണ് പുതുവർഷത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുന്നത്.
തിരുവനന്തപുരം: ''എൽഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങളേ പറയൂ, പറയുന്നതെല്ലാം നടപ്പാക്കും. ആ വിശ്വാസം ജനങ്ങൾക്കുണ്ട്'', വോട്ടെണ്ണുന്നതിന് തലേന്ന് കണ്ണൂരിലെ പാർട്ടി ഓഫീസിലെ തെരഞ്ഞെടുപ്പ് ക്യാമ്പിൽ ചുവന്ന ബോർഡിന് മുമ്പിലിരുന്ന് പിണറായി വിജയൻ പറഞ്ഞു. ആത്മവിശ്വാസം തുടിക്കുന്ന വാക്കുകൾ. വരാനിരിക്കുന്ന ദിവസം തന്‍റേതും പാർട്ടിയുടേതുമാകുമെന്ന ഉറച്ച വിശ്വാസം ആ മനുഷ്യനിലുണ്ടായിരുന്നു.
പിണറായിയുടെ വിശ്വാസം ശരിയായി. കേരളത്തിന്‍റെ നാൽപ്പത് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ച് തുടർച്ചയായി രണ്ടാം വട്ടവും ഇടതുമുന്നണി അധികാരത്തിലേറി. ഇത് തന്നെയാണ് 2021-ൽ രാഷ്ട്രീയകേരളം കണ്ട ഏറ്റവും നിർണായകമായ വഴിത്തിരിവ്. 2016-ലെ എൽഡിഎഫിന്‍റെ മുദ്രാവാക്യം 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്നായിരുന്നെങ്കിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന ഉറച്ച ആത്മവിശ്വാസം സ്ഫുരിക്കുന്ന മുദ്രാവാക്യവുമായാണ് ടീം പിണറായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വർണക്കടത്തടക്കമുള്ള എല്ലാ വിവാദങ്ങളും ഡെമോക്ലിസിന്‍റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും, തദ്ദേശതെരഞ്ഞെടുപ്പിൽ നേടിയ മിന്നുംവിജയം ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ വലിയ ഊർജമാണ് സമ്മാനിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചുനിന്നെങ്കിലും അടിത്തട്ടിൽ ശക്തി ചോർന്ന് ഭിന്നിച്ച യുഡിഎഫും കോൺഗ്രസും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങി. കൂട്ടത്തോടെയുള്ള നേതൃമാറ്റമായിരുന്നു ഫലം.
മുഖ്യമന്ത്രിയുടെ ഓഫീസിന് കെട്ടിടം വാടകയ്ക്ക് എടുത്ത മെട്രോമാൻ ഇ ശ്രീധരനെ മുന്നിൽ നിർത്തി, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ബിജെപി ടീമാകട്ടെ 'പൂജ്യ'രായി മടങ്ങി. വോട്ടിംഗ് ശതമാനം കൂടിയെങ്കിലും, ഒമ്പത് സീറ്റിൽ രണ്ടാമതെത്തിയെങ്കിലും, കയ്യിലുള്ള നേമം കളഞ്ഞുകുളിച്ചു ബിജെപി. രണ്ട് സീറ്റിൽ മത്സരിച്ച കെ സുരേന്ദ്രൻ, കോന്നിയിലും മഞ്ചേശ്വരത്തും തോറ്റു. ഇതോടെ പാർട്ടിയിൽ എതിർപക്ഷം വാളെടുത്തെങ്കിലും കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയിൽ പിടിച്ചുനിൽക്കുകയാണ് സുരേന്ദ്രൻ.
തെരഞ്ഞെടുപ്പ് കാത്തിരുന്ന ആദ്യ നാല് മാസങ്ങൾ
രാഷ്ട്രീയകേരളം പുതുവർഷത്തിലേക്ക് കാലെടുത്ത് വച്ചതുതന്നെ എൽഡിഎഫിന്‍റെ തദ്ദേശതെരഞ്ഞെടുപ്പിലെ വൻവിജയത്തിന്‍റെ വാർത്ത കേട്ടുകൊണ്ടാണ്. കൊവിഡ് ഭീതിയിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമോ എന്നെല്ലാം ആദ്യം ആശങ്കകളുയർന്നെങ്കിലും എല്ലാം കൃത്യസമയത്ത് തന്നെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് എല്ലാവരും വിലയിരുത്തിയ തെരഞ്ഞെടുപ്പിലെ തോൽവി പാഠമാക്കാൻ കോൺഗ്രസും യുഡിഎഫും നല്ലവണ്ണം മെനക്കെട്ടു. അവസാനനിമിഷമെങ്കിലും ഒന്നിച്ചുനിന്നേ പറ്റൂ എന്ന് ഉമ്മൻചാണ്ടിയും കൂട്ടരും തിരിച്ചറിഞ്ഞു. ജോസ് കെ മാണി മുന്നണിയിൽ നിന്ന് തദ്ദേശതെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇടത്തുമാറി കളം ചവിട്ടിയിരുന്നു. പകരം മാണി സി കാപ്പനെ യുഡിഎഫിലേക്ക് വിളിച്ച് ആസൂത്രണം തുടങ്ങിയ കുഞ്ഞൂഞ്ഞിനും കൂട്ടർക്കും പക്ഷേ തന്ത്രങ്ങൾ പാളിപ്പോയി. വൻ അവകാശവാദങ്ങളോടെ, കോൺഗ്രസിൽ നിന്ന് ആളുകളെ ചാക്കിട്ട് പിടിച്ചും സർക്കാരുണ്ടാക്കുമെന്ന് പറഞ്ഞ കെ സുരേന്ദ്രനാകട്ടെ മത്സരിച്ച രണ്ടിടത്തും തോറ്റു. ബിജെപിക്ക് ആകെ ആശ്വാസം 9 മണ്ഡലങ്ങളിലെ രണ്ടാംസ്ഥാനവും അവസാനനിമിഷം വരെ ഷാഫി പറമ്പിലുമായി മത്സരിച്ച് പിടിച്ചുനിന്ന് തോറ്റ ഇ ശ്രീധരന് കിട്ടിയ വോട്ടുകളുമായിരുന്നു.
2021 തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിക്കും കിട്ടിയ സീറ്റുകൾ:
സിപിഎമ്മിന്‍റെയും സിപിഐയുടെയും സ്ഥാനാർത്ഥിപ്പട്ടികകളുടെ നിർണയം തന്നെയാണ് ആദ്യം പൂർത്തിയായത്. തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയവർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറണമെന്ന വ്യവസ്ഥ കർക്കശമാക്കാൻ സിപിഎം തീരുമാനിച്ചതോടെ, അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 25 സിറ്റിംഗ് എംഎൽഎമാർ പുറത്തുപോകുമെന്നുറപ്പായി. തോമസ് ഐസക്, ജി സുധാകരൻ, പ്രൊഫ. സി രവീന്ദ്രനാഥ്, എ കെ ബാലൻ, ഇ പി ജയരാജൻ എന്നീ വമ്പൻമാർ മാറിനിന്നു. പകരം ആലപ്പുഴയിൽ പി പി ചിത്തരഞ്ജനും, അമ്പലപ്പുഴയിൽ എച്ച് സലാമും, പുതുക്കാട് കെ കെ രാമചന്ദ്രനും സിപിഎം സീറ്റ് നൽകി.
ഇടതുസർക്കാരിലെ മിന്നും സാന്നിധ്യമായിരുന്ന കെ കെ ശൈലജ ടീച്ചർ കൂത്തുപറമ്പിൽ നിന്ന് മട്ടന്നൂർക്ക് മാറി. തരൂരിൽ എ കെ ബാലന്‍റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകുമെന്ന് ആദ്യം അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് പി പി സുമോദ് ആണ് സിപിഎം സ്ഥാനാർത്ഥിയായത്. തൃത്താലയിൽ എം ബി രാജേഷിറങ്ങി. ബിജെപി പിടിച്ചെടുത്ത കേരളത്തിലെ ഏക മണ്ഡലമായ തിരുവനന്തപുരത്തെ നേമത്ത് സിപിഎം കളത്തിലിറക്കിയത് വി ശിവൻകുട്ടിയെയാണ്.
ബേപ്പൂരിൽ മുഹമ്മദ് റിയാസ്, പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്, ബാലുശ്ശേരിയിൽ സച്ചിൻ ദേവ്, കല്യാശ്ശേരിയിൽ എം വിജിൻ, ദേവികുളത്ത് എ രാജ, മികച്ച പ്രതിച്ഛായയുള്ള കെ വി സുമേഷ് അഴീക്കോട്, അരൂരിൽ ദലീമ ജോജോ, കോന്നിയിൽ വീണ്ടും കെ യു ജനീഷ് കുമാർ, വട്ടിയൂർക്കാവിൽ വീണ്ടും മേയർ ബ്രോ വി കെ പ്രശാന്ത് എന്നിങ്ങനെ ഒരു കൂട്ടം യുവസ്ഥാനാർത്ഥികൾ കളത്തിലിറങ്ങി.
കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ പതിവുപോലെ തമ്മിൽത്തല്ല് നടന്നു. പല തവണ രാഹുൽ ഗാന്ധി യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകി തരാൻ പറഞ്ഞ ശേഷമാണ് 92 സീറ്റുകളിൽ 86 സീറ്റുകളിലെ സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചത്. സ്റ്റാർ മണ്ഡലമായ നേമത്ത്, ബിജെപിയെ എതിരിടാൻ കോൺഗ്രസ് സർപ്രൈസായി കെ മുരളീധരനെ പ്രഖ്യാപിച്ചത് രാഷ്ട്രീയകേരളം അദ്ഭുതത്തോടെയാണ് കണ്ടത്. കോട്ടകൾ പിടിച്ചെടുക്കുന്ന സ്പെഷ്യലിസ്റ്റായ മുരളീധരൻ ഈ സീറ്റ് പിടിക്കുമെന്ന് ഏറെ ആത്മവിശ്വാസത്തോടെ കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പട്ടിക വന്നതിന് പിന്നാലെ വനിതകളെ കൂട്ടത്തോടെ തഴഞ്ഞതിന്‍റെ പേരിൽ വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിലുണ്ടായത്. ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. കെപിസിസിക്ക് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്ത് അവർ പ്രതിഷേധിച്ചത് രാഷ്ട്രീയകേരളം മറക്കാത്ത കാഴ്ചയായി.
ബിജെപിയിലും തഴയുന്നതിനെതിരെ ശോഭാ സുരേന്ദ്രനടക്കമുള്ളവരുടെ പ്രതിഷേധങ്ങളുയർന്നു. ഒടുവിൽ കഴക്കൂട്ടം മണ്ഡലം മത്സരിക്കാനായി വിട്ടുനൽകി നേതൃത്വം തൽക്കാലം പ്രതിഷേധം തണുപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചു. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിൽ വി വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിച്ചു. രാഷ്ട്രീയത്തിലിറങ്ങിയ മെട്രോമാൻ ഇ ശ്രീധരൻ മത്സരിച്ചത് പാലക്കാട്ട്. തൃശ്ശൂരിൽ അങ്കത്തിനിറങ്ങിയത് സുരേഷ് ഗോപി. കോഴിക്കോട് നോർത്തിൽ എം ടി രമേശും, പിണറായി വിജയനെതിരെ ധർമ്മടത്ത് സി കെ പത്മനാഭനും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചു. മുൻ ഡിജിപി ജേക്കബ് തോമസ് ഇരിഞ്ഞാലക്കുടയിലും കാലിക്കറ്റ് സർവകലാശാലാ മുൻ വിസി എം അബ്ദുൾസലാം തിരൂരിലും മത്സരിച്ചതായിരുന്നു ശ്രദ്ധേയമായ മറ്റ് പോരാട്ടങ്ങൾ.
ചുവന്നു തുടുത്ത കേരളം
എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് അൽപ്പമെങ്കിലും മേൽക്കൈ കിട്ടിയത്. ബാക്കിയെല്ലാ ജില്ലകളിലും ഇടതുമുന്നണിയുടെ തേരോട്ടമായിരുന്നു.
ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിൽ പിണറായി ഭരണത്തുടർച്ച നേടി. ചരിത്രം വഴിമാറ്റിയ എൽഡിഎഫ് തേരോട്ടത്തിൽ യുഡിഎഫ് തകർന്ന് തരിപ്പണമായി. നേമം തിരിച്ചുപിടിച്ച് ബിജെപിയുടെ അക്കൗണ്ടും എൽഡിഎഫ് പൂട്ടി.
സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും ഇടതുവിജയത്തിന് 2016-നേക്കാൾ പകിട്ടുണ്ടായിരുന്നു. ആറ്റിക്കുറുക്കി 80 സീറ്റെന്ന് മുന്നണി വിലയിരുത്തിയെങ്കിലും ജനം കരുതിവച്ചത് അതിലേറെ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. രണ്ടാമത് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് മുൻ വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി.
സിപിഎമ്മിലെയും ഘടകകക്ഷികളുടെയും മന്ത്രിമാർ വിജയിച്ചപ്പോൾ നഷ്ടം കുണ്ടറയിൽ മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പരാജയമായിരുന്നു. മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലായിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, തൃശ്ശൂർ അടക്കം ടേം വ്യവസ്ഥയിൽ പ്രമുഖരെ മാറ്റി റിസ്ക്കെടുത്ത രണ്ട് ഡസൻ മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് ആശ്വാസമായി.
എന്ത് വിലക്കൊടുത്തും ജയം നേടാൻ പാർട്ടിയും അണികളും ആഞ്ഞിറങ്ങിയ വടക്കാഞ്ചേരിയിലും, അഴീക്കോടും, തൃത്താലയിലും യുഡിഎഫ് യുവനിര തോറ്റത് ഇടതുക്യാമ്പിന്‍റെ ആവേശം കൂട്ടി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയെക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെ സിപിഎം മുന്നിലെത്തി. 12-ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. പക്ഷേ, ആഘോഷങ്ങൾക്കെല്ലാമിടയിൽ തൃപ്പൂണിത്തുറയിൽ എം സ്വരാജിന്‍റെ പരാജയം ഇടതുമുന്നണിക്ക് വേദനയായി.
യുഡിഎഫിൽ കോണ്‍ഗ്രസിന് 22 സീറ്റ്. ലീഗിന് 14. വൻവിജയം പ്രതീക്ഷിച്ച ഉമ്മൻചാണ്ടി ഭൂരിപക്ഷത്തിൽ അഞ്ചക്കം കടന്നില്ല. ഹരിപ്പാടും ഭൂരിപക്ഷം കുറഞ്ഞു. നേമത്ത് മൂന്നാമനായ കെ.മുരളീധരന് നേടാനായത് 35000ത്തോളം വോട്ടുകൾ മാത്രം. തൃശൂരിൽ പത്മജയുടെ തോൽവിയും ഇരട്ടപ്രഹരമായി. യുഡിഎഫിൽ തിളക്കമേറിയ വിജയം നേടിയത് കെ കെ രമയും മാണി സി കാപ്പനും മാത്രം. ഇടതു തേരോട്ടത്തിൽ ബിജെപി അക്കൗണ്ടും പൂട്ടി. നേമത്ത് കുമ്മനം തോറ്റത് അയ്യായിരത്തിലേറെ വോട്ടുകൾക്ക്. വിജയത്തിനരികെ എത്തി ഇ.ശ്രീധരനും ഷാഫി പറമ്പിലിന് മുന്നിൽ വീണു.
കൂടുതൽ ചുവന്ന വടക്കൻ കേരളം
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ചെറിയ തിരിച്ചടികളെ പോലും അതിജീവിക്കുന്നതായി വടക്കൻ കേരളത്തിലെ എൽഡിഎഫിന്‍റെ തേരോട്ടം. മിന്നും ജയത്തിനിടയിലും ഇടതുമുന്നണിയിൽ എൽജെഡിക്ക് നൽകിയ രണ്ട് സിറ്റിംഗ് സീറ്റുകളിലും തോറ്റത് കല്ലുകടിയായി. തകർന്നടിഞ്ഞ കോൺഗ്രസിന് കൽപ്പറ്റയിലെ ജയം മാത്രമാണ് ആശ്വസിക്കാനുള്ളത്.
2020-ൽ കണ്ണൂർ കോർപ്പറേഷൻ പിടിച്ചെടുത്ത കോൺഗ്രസ് കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ജയവും ഉറപ്പിച്ചതാണ്. പക്ഷെ സതീശൻ പാച്ചേനി വീണ്ടും തോറ്റു. ഉദുമയിൽ മികച്ച പോരാട്ടം നടത്തിയെന്നവകാശപ്പെട്ടെങ്കിലും 2016-ന്‍റെ ഇരട്ടി വോട്ടിനാണ് കോൺഗ്രസ് തോറ്റത്.
തൃത്താലയിലെ ബൽറാമിന്‍റെ തോൽവി കോൺഗ്രസിന് പാലക്കാട്ടെ അവശേഷിക്കുന്ന സ്വാധീനവും നഷ്ടമാക്കി. ഒറ്റപ്പാലത്തും പട്ടാമ്പിയിലും ചിറ്റൂരിലും ഇനി തിരിച്ചുവരാനാവാത്തവിധം കോൺഗ്രസ് പരാജയപ്പെട്ടു. ആകെ ആശ്വാസം പാലക്കാട്ട് ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പൊരുതി ജയിച്ച ഷാഫി പറമ്പിലാണ്. കൽപ്പറ്റയിലെ ടി സിദ്ദിഖിന്‍റെ ജയം ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ്. ഇടതുമുന്നണിയാകട്ടെ വടക്കൻ കേരളത്തിൽ 60-ൽ 39 സീറ്റുകൾ ജയിച്ച് കയറി. കഴിഞ്ഞ തവണത്തേക്കാൾ 2 സീറ്റുകൾ അധികം നേടി.
കണ്ണൂരിലെ മണ്ഡലങ്ങളിലെല്ലാം നേടിയത് സമഗ്രമായ വിജയം. ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതായിരുന്ന തലശ്ശേരിയിൽ പോലും എൽഡിഎഫ് മിന്നും ജയം നേടി. പക്ഷേ ഇടതിന് എൽജെഡി ചോദിച്ച് വാങ്ങിയ 2 സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് തലവേദനയായി.
അതേ സമയം ബിജെപിക്ക് കോഴിക്കോട് നോർത്ത് പോലുള്ള ചില മണ്ഡലങ്ങളൊഴികെ പലയിടത്തും വോട്ട് ചോർന്നു. വിജയം ലക്ഷ്യമിട്ട മലമ്പുഴയിൽ ഏറെ പിന്നിലായി. പാലക്കാട്ടും മഞ്ചേശ്വരത്തും കോടികൾ ചെലവിട്ട് നടത്തിയ പ്രചാരണം പാളി. യുഡിഎഫിനെപ്പോലെ ബിജെപിക്കും വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നഷ്ടക്കണക്കായി. മലപ്പുറം അടക്കം മുസ്ലിം മേഖലകളിൽ എൽഡിഎഫിന് കാര്യമായി വോട്ട് വർധിപ്പിക്കാനായി എന്നത് മുന്നണിയെ സംബന്ധിച്ച് മികച്ച നേട്ടമാണ്. വെൽഫയർ പാർട്ടിയുടെ അടക്കമുള്ള പിന്തുണ നഷ്ടപ്പെട്ടത് എൽഡിഎഫിനെ ബാധിച്ചതേയില്ല.
കാൽനൂറ്റാണ്ടിന് ശേഷം മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പാർട്ടിയ്ക്ക് അകത്ത് നിന്ന് തന്നെയുള്ള കുത്തിത്തിരിപ്പ് മൂലം അഡ്വ. നൂർബിന റഷീദ് തോറ്റു. വടക്കൻ കേരളത്തിൽ കാര്യമായ സ്വാധീനമില്ലാഞ്ഞിട്ട് പോലും ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്തിൽ നിന്ന് ജയിച്ചുകയറി.
കേരളം എന്നുമോർക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിലെ രക്തസാക്ഷി ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ വടകരയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയിലെത്തിയതും കേരളം കണ്ടു. നെഞ്ചിൽ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് അവർ നിയമസഭയിൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
സംപൂജ്യരായ ബിജെപി
നേമം അക്കൗണ്ട് കൂടി പൂട്ടിയതോടെ സംസ്ഥാനത്ത് ബിജെപി സംപൂജ്യരായ കാഴ്ചയും സംസ്ഥാനം കണ്ടു. മോദിയും അമിത്ഷായും നേരിട്ടിറങ്ങിയിട്ടും ഉണ്ടായ കനത്ത തോൽവി കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. കനത്ത വിമർശനമുയർന്നിട്ടും, പാർട്ടിയെ കീഴ്ത്തട്ട് മുതൽ അഴിച്ചുപണിയാമെന്ന് ഉറപ്പ് നൽകി, കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയിൽ പിടിച്ചുനിൽക്കുകയാണ് സുരേന്ദ്രൻ.
ഉയർത്തിയത് വൻ അവകാശവാദങ്ങളാണ്. രണ്ടക്കം കടക്കുന്ന താമരകൾ. പതിനഞ്ചിലേറെ സ്ഥലത്ത് രണ്ടാം സ്ഥാനം. തൂക്കുസഭയിൽ കറുത്ത കുതിരകൾ. പക്ഷെ വോട്ടെണ്ണിയപ്പോൾ നേമത്ത് നട്ട് നനച്ച താമരയുടെ തണ്ടൊടിഞ്ഞ കാഴ്ചയാണ് കണ്ടത്. സംപൂജ്യപതനവും പാർട്ടിക്ക് കാണേണ്ടി വന്നു. പാലക്കാട് ഇ ശ്രീധരൻ അവാസന നിമിഷം വരെ ഉയർത്തിയ പോരാട്ടം മാത്രമാണ് അല്പമെങ്കിലും പ്രതീക്ഷ നൽകിയത്.
സംഘടനയുടെ അക്കൗണ്ടിനെക്കാൾ ശ്രീധരന്‍റെ പ്രതിച്ഛായക്കായിരുന്നു അവിടെ വോട്ട്. രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷൻ മഞ്ചേശ്വരത്ത് വീണ്ടും രണ്ടാമതെത്തി. കോന്നിയിൽ ദയനീയമായി മൂന്നാമത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തൃശ്ശൂരിൽ സുരേഷ് ഗോപിക്കും കാര്യമായൊന്നും ചെയ്യാനായില്ല.
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർഗോഡ്, ചാത്തന്നൂർ എന്നിവിടങ്ങളിൽ രണ്ടാമതെത്തിയത് മിച്ചം. ശബരിമല ആഞ്ഞ് കത്തിച്ചിട്ടും ദേശീയ നേതാക്കൾ നേരിട്ടിറങ്ങിയിട്ടും കിട്ടിയത് വൻതോൽവി. പ്രധാനഘടകക്ഷി ബിഡിജെഎസ് പ്രകടനം ദയനീയമായതും എൻഡിഎ തകർച്ചയുടെ ആക്കം കൂട്ടി.
കൊടകര കുഴൽപ്പണക്കേസ് ബിജെപിയെ തെരഞ്ഞെടുപ്പ് കാലത്ത് വെട്ടിലാക്കിയത് ചില്ലറയല്ല. കേസിൽ തുടരന്വേഷണം വന്നതോടെ ബിജെപി പ്രതിരോധത്തിലായി. മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത വന്നതോടെ തെരഞ്ഞെടുപ്പ് കാലത്ത് ഇതിന് മറുപടി പറയാതെ പലപ്പോഴും ബിജെപി മൗനം പാലിച്ചു. ഈ വർഷം ഏപ്രിൽ മൂന്നിനാണ് പണം നിറച്ച് കൊണ്ടുപോയ കാറിൽ നിന്ന് മൂന്നരക്കോടി രൂപ കവർച്ച ചെയ്യപ്പെട്ടത്. ഇത് ബിജെപിയ്ക്കായി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് അന്വേഷണസംഘം വിലയിരുത്തി. കവർച്ചപ്പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിന്‍റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിന്‍റെ ഇപ്പോഴത്തെ ശ്രമം. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്ന കാര്യവും അന്വേഷണ പരിധിയിൽ വരും.
കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തന്‍റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്‍റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
'തല' മാറിയ കോൺഗ്രസ്
ഇടതിന്‍റെ 99 സീറ്റ് വിജയത്തിന് മുന്നിൽ കണ്ണ് മിഴിച്ച കോൺഗ്രസിന്‍റെ തല മാറിയ വർഷമാണ് 2021. ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തെ അവഗണിച്ചാണ് സതീശനിലൂടെ തലമുറ മാറ്റത്തിന് ഹൈക്കമാന്‍ഡ് തുടക്കമിട്ടത്. വി ഡി സതീശൻ പ്രതിപക്ഷനേതാവായി. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റും. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഷോക്ക് ട്രീറ്റ്മെന്‍റായി രാഹുൽ ഗാന്ധിയുടെ ഈ തീരുമാനം.
പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, വൈത്തിലിംഗം എന്നിവരടങ്ങിയ നിരീക്ഷക സമിതിയെ നിയോഗിച്ചെങ്കിലും തലമുറ മാറ്റം വേണമെന്ന നിലപാടില്‍ തന്നെയായിരുന്നു എഐസിസി. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ എംഎല്‍എമാര്‍ രണ്ട് തട്ടിലായിരുന്നെങ്കിലും പാര്‍ട്ടിയിലെ പൊതുവികാരം മാറ്റത്തിന് അനുകൂലമെന്ന് സമിതി വിലയിരുത്തി. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും സ്വയം പിന്മാറുമെന്ന് ഹൈക്കമാന്‍ഡ് കരുതി. എന്നാല്‍ പൂര്‍വ്വാധികം ശക്തമായി ഗ്രൂപ്പ് വാദം ഉയര്‍ത്തിയ നേതാക്കള്‍ പതിവില്ലാത്ത വിധം ഒന്നിച്ചു നിന്നു. ദേശീയ നേതാക്കളിലൂടെ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
പ്രതിപക്ഷ നേതൃസ്ഥാനത്തിനായി നേതാക്കള്‍ സ്വയം വാദിച്ചത് അത്ഭുതപ്പെടുത്തിയെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. നേതാക്കള്‍ക്ക് മനം മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മൂന്ന് ദിവസം കാത്തു. ഏറ്റവുമൊടുവില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചപ്പോഴും ചെറുത്ത് നില്‍പുണ്ടായി. എന്നാൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് കെ സുധാകരനെയും വി ഡി സതീശനെയും കോൺഗ്രസിന്‍റെ ചുമതലയേൽപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. പുനഃസംഘടനയടക്കം ഒരുകൂട്ടം വെല്ലുവിളികൾ നേരിടേണ്ട കാലം. ഇനിയൊരു തെരഞ്ഞെടുപ്പിൽ അടി പതറിയാൽ കോൺഗ്രസ് എന്നൊരു പാർട്ടി ക്രിയാത്മകപ്രതിപക്ഷമായി സംസ്ഥാനത്തുണ്ടാകുമോ എന്നതാണ് സംശയം. അതൊഴിവാക്കാൻ വിയർപ്പൊഴുക്കി പണിയെടുക്കേണ്ടി വരും പുതിയ നേതൃത്വത്തിന്.
ടീച്ചർ പുറത്ത്
കേരളം മറക്കില്ല കെ കെ ശൈലജയെന്ന ആരോഗ്യമന്ത്രിയെ. നിപയും അതിന് പിന്നാലെ മഹാമാരിയായി കൊവിഡും വന്നപ്പോൾ കേരളത്തിന്‍റെ പ്രതിരോധത്തെ കൈകോർത്ത് നിർത്തിയ കെ കെ ശൈലജ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകില്ല എന്ന പ്രഖ്യാപനമായിരുന്നു 2021-ൽ കേരളത്തെ ഞെട്ടിച്ച വാർത്തകളിലൊന്ന്. പകരം ആരോഗ്യമന്ത്രിയായി മന്ത്രിസഭയിലേക്ക് പുതുമുഖം വീണാ ജോർജ് എത്തി.
മെയ് 20-ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ 21 അംഗ ക്യാബിനറ്റ് അധികാരമേറ്റു. ഒറ്റ എംഎൽഎമാരുള്ള നാലുകക്ഷികളിൽ ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ആന്‍റണി രാജുവും ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരായി. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയായി. ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി. എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ.
കുഞ്ഞിനെത്തേടിയ അമ്മ
2021 ഒക്ടോബർ 14-നാണ് അനുപമ എന്ന ഇരുപത്തിരണ്ട് വയസ്സുകാരി സ്വന്തം കുഞ്ഞിനെ തേടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടം. അതിനൊടുവിൽ അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കുന്നത് കേരളം സന്തോഷത്തോടെ കണ്ടു.
സദാചാര വാദങ്ങളുടെ പേരില്‍ സ്വന്തം കുഞ്ഞിനെ ജനിച്ച് മൂന്നാം നാളിലാണ് തിരുവനന്തപുരം സ്വദേശിനിയ്ക്ക് നഷ്ടമായത്. വിവാഹത്തിന് മുന്‍പ് കുടുംബസ്ഥനായ ഒരാളുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞെന്നതായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അനുപമയുടെ കുടുംബം കണ്ടെത്തിയ ന്യായം. പക്ഷേ, തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടേയും പങ്കാളിയുടേയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു നീതി നിഷേധം നടത്തിയവര്‍ക്ക്.
2020 ഒക്ടോബര്‍ 22നാണ് കുഞ്ഞിനെ അനുപമയുടെ രക്ഷിതാക്കള്‍ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നത്. 2020 ഒക്ടോബറില്‍ പ്രസവത്തിന് മുന്‍പ് തന്നെ അച്ഛന്‍ പി എസ് ജയചന്ദ്രന്‍ അനുപമയേക്കൊണ്ട് ഇതിന് ആവശ്യമായ മുദ്രപത്രത്തില്‍ നിർബന്ധിച്ച് ഒപ്പിടീപ്പിച്ചിരുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നത് വരെ കുട്ടിയെ മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു രക്ഷിതാക്കള്‍ അനുപമയെ ധരിപ്പിച്ചത്. ഒക്ടോബര്‍ 22 ന് രാത്രി 12.30-ഓടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ചതായാണ് സമിതിയുടെ രേഖകളിലുള്ളത്.
ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞെന്ന പേരിലാണ് ആദ്യം സമിതിയുടെ രേഖകളില്‍ ഉള്‍പ്പെടുത്തിയത്. തൈക്കാട് ആശുപത്രിയിലെയും ശിശുക്ഷേമസമിതിയിലെയും രേഖകളില്‍ പെണ്‍കുഞ്ഞെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതും. മലാല എന്ന പേരാണ് കുഞ്ഞിനിട്ടതെന്നാണ് അടുത്ത ദിവസത്തെ പത്രക്കുറിപ്പില്‍ ശിശുക്ഷേമ സമിതി വ്യക്തമാക്കിയത്. ലിംഗമാറ്റം വിവാദമായതോടെ പിന്നീട് തിരുത്തുകയായിരുന്നു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയത്തുണ്ടായ പിഴവെന്നായിരുന്നു ശിശുക്ഷേമ സമിതി ഇതിനേക്കുറിച്ച് വിശദമാക്കിയത്.
കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും ചുരണ്ടിമാറ്റിയ നിലയിലായിരുന്നു.
നവംബര്‍ നാലിന് കുഞ്ഞിനെ ദത്തുനല്‍കാന്‍ പോവുകയാണെന്ന് വിശദമാക്കുന്ന പത്രപരസ്യം നല്‍കി.
ഏപ്രില്‍ 19-ന് കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി അനുപമയും അജിത്തും പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുന്നു. നടപടികളൊന്നും ഇല്ലാതെ വന്നതോടെ ഏപ്രില്‍ 29ന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അനുപമ പരാതി നല്‍കുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും അനുപമ പരാതി നല്‍കുന്നു.
മേയ് മാസത്തില്‍ പേരൂര്‍ക്കട പൊലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നു, പക്ഷേ കേസ് എടുക്കുന്നില്ല.
ഒക്ടോബര്‍ 13ന് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാന്‍ കുടുംബ കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നു. ദത്തുകേന്ദ്രത്തിലെ സീനിയോരിറ്റി മറികടന്നായിരുന്നു ഈ ദത്ത് നല്‍കല്‍.
ഏഷ്യാനെറ്റ് ന്യൂസിലൂടെ അനുപമയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ ഒക്ടോബര്‍ 19ന് പേരൂര്‍ക്കട പൊലീസ് അനുപമയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുക്കുന്നു. കേസ് കോടതിയുടെ മുന്നിലേക്ക് എത്തിക്കാനുള്ള ശ്രമം അനുപമ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. ഒക്ടോബര്‍ 21 ന് അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്ത് ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ഒടുവിൽ ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം കുടുംബകോടതി നവംബര്‍ 24-ന് കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും വിട്ടുനല്‍കാന്‍ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിടുന്നത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്.
എയ്ഡൻ അനു അജിത് എന്ന് കുഞ്ഞിന് പേരിട്ട ആ അച്ഛനമ്മമാർ കുഞ്ഞിന് മുമ്പിൽ വച്ച് ഡിസംബർ 31, 2021-ന് വിവാഹിതരായതും കേരളം കണ്ടു.
വേദനയായി രാഷ്ട്രീയകൊലപാതകങ്ങൾ
ലീഗ് - ജമാ അത്തെ കൂട്ടുകെട്ടിനെതിരെ സിപിഎമ്മും, സിപിഎം ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് ബിജെപിയും ആരോപിക്കുന്നതിനിടയിലും രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിന് വേദനയായി. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ കണ്ണീരിൽ മുങ്ങിയാണ് പുതുവർഷത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുന്നത്.
യുഡിഎഫിനകത്ത് ആർഎസ്‍പി ഉടക്കി നിൽക്കുകയാണിപ്പോഴും, ഐഎന്‍എല്ലിലെയും ജനതാദള്‍ ഗ്രൂപ്പുകളിലെയും കേരളാ കോണ്‍ഗ്രസ് ബിയിലെയും തര്‍ക്കങ്ങള്‍ എല്‍ഡിഎഫിന് തലവേദനയായിത്തന്നെ തുടരുന്നു. കൊട്ടിഘോഷിച്ച ബിജെപി - ബിഡിജെഎസ് കൂട്ടുകെട്ട് കല്ലും മുതിരയും പോലെ തുടര്‍ന്നതും കേരളം കണ്ടു.
ഗൂണ്ടാആക്രമണങ്ങളും കൊലപാതകങ്ങളും വന്‍കിട തട്ടിപ്പുകളും നിര്‍ബാധം തുടരുമ്പോള്‍ ആഭ്യന്തരവകുപ്പ് പൂര്‍ണപരാജയമെന്ന് കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷം മാത്രമല്ല സിപിഎം നേതൃത്വം കൂടിയാണ് എന്നതാണ് നിർണായകം.
വിവാദപ്പാളത്തിൽ കെ റയിൽ
സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതാണ് 2021-ന്‍റെ അവസാനത്തോടെ കേരളം കണ്ടത്. എല്ലാറ്റിനുമിടയിലും സില്‍വര്‍ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്‍റെ വിജ്ഞാപനം ഇറക്കി സർക്കാർ മുന്നോട്ട് തന്നെ പോവുകയാണ്. ചിലരുടെ എതിർപ്പിലുടക്കി പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പിച്ച് പറയുന്നു. പദ്ധതിക്ക് അനുകൂലമായി വീടുകയറി പ്രചാരണത്തിന് സിപിഎം ഒരുങ്ങുമ്പോൾ, പ്രതിപക്ഷവും സമാനമായ പ്രചാരണപരിപാടികളാണ് ആലോചിക്കുന്നത്.
കെ- റെയിലിന്‍റെ സാമൂഹിക ആഘാത പഠനത്തിനുള്ള വിഞ്ജാപനം സർക്കാർ പുറത്തിറക്കി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം. കടമ്പകളിനിയും ഒരുപാട് കടക്കാനുണ്ട് കെ റയിലിന്. പാരിസ്ഥിതികമായ ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് സർക്കാർ മറുപടി പറഞ്ഞേ തീരൂ. 2018-ലെ പ്രളയം ആവർത്തിക്കുമോ എന്ന ഭീതിയിൽ ഡാമുകൾ തുറന്നപ്പോഴൊക്കെ മലയാളി ഭീതിയോടെ ഉറങ്ങാതിരുന്ന വർഷമാണ് കടന്നുപോകുന്നത്. ചെറുതോണി അണക്കെട്ട് ഈ വർഷം മാത്രം നാല് തവണയാണ് തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിട്ടതും പെരിയാർ തീരവാസികളെ ഭീതിയിലാഴ്ത്തി.
കേരളം കണ്ട മറ്റ് പ്രധാന രാഷ്ട്രീയസംഭവങ്ങൾ
എറണാകുളം കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിന്‍റെ പേരിൽ കിറ്റെക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കാഴ്ചയാണ് വർഷാവസാനം കേരളം അമ്പരപ്പോടെ കണ്ടത്. ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടം. ക്രിസ്മസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റെക്സിന്‍റെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി.
മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടേണ്ടിവന്നു. ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു.
തന്നെ തകർക്കാനുള്ള സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ഇതിനെക്കുറിച്ച് കിറ്റക്സ് എംഡി സാബു ജേക്കബ് ആരോപിച്ചത്. എന്നാൽ എൽഡിഎഫും യുഡിഎഫും കിറ്റക്സിന്‍റെയും ട്വന്‍റി 20 എന്ന പാർട്ടിയുടെയും അരാഷ്ട്രീയതയെ ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിക്കുന്നു.
മലപ്പുറം കരുവന്നൂരിലെ വൻതുകയ്ക്കുള്ള ബാങ്ക് തട്ടിപ്പ് കേസാണ് മലയാളി അമ്പരപ്പോടെ കണ്ട ഒരു രാഷ്ട്രീയവിവാദം. പെട്രോൾ വില നൂറ് കടന്നതും, ഇതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസിനെതിരെ പ്രതിഷേധിക്കാൻ നടൻ ജോജു ജോർജ് നിരത്തിലിറങ്ങിയതും വാർത്താചിത്രങ്ങളായി.
മോൺസൺ മാവുങ്കലെന്ന തട്ടിപ്പുകാരന്‍റെ മുന്നിൽ അമളി പിണഞ്ഞ ഉന്നതരുടെ ചിത്രങ്ങളാണ് 2021-ന്‍റെ മറ്റൊരു കാഴ്ച. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാം ഐപിഎസ്സും പ്രശാന്ത് നായർ ഐഎഎസ്സുമെല്ലാം മോൺസൺ നിരത്തിവച്ച തട്ടിപ്പുവസ്തുക്കൾ കൈയിൽപ്പിടിച്ച് പോസ് ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഉന്നതപൊലീസ് ഉദ്യോഗസ്ഥരും മോൺസണുമായുള്ള ബന്ധം സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ കിട്ടിയ മികച്ച അവസരമായിരുന്നെങ്കിലും മോൺസണിനെ ചികിത്സയ്ക്കായി കെ സുധാകരൻ സമീപിച്ചെന്നറിഞ്ഞതോടെ പ്രതിപക്ഷവും വെട്ടിലായി. സുധാകരനെതിരെ കേസിലെ പരാതിക്കാരുടെ ഗുരുതര ആരോപണം മുഖ്യമന്ത്രി തന്നെ ആയുധമാക്കി. അപ്പോഴും, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ലോക്നാഥ് ബെഹ്റ മോൺസണ് സുരക്ഷ ഒരുക്കിയതടക്കമുള്ള വിവരങ്ങൾ സർക്കാറിനെ പിന്നോട്ടടിക്കുന്നു.
ലിംഗഭേദമില്ലാത്ത യൂണിഫോം അണിഞ്ഞ് ബാലുശ്ശേരിയിലെ കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയത് പുരോഗമന കേരളത്തിന് സന്തോഷക്കാഴ്ചയായി. സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും അവരുടെ നിലവിളികളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത് കേരളം വേദനയോടെ കണ്ടു. ഇതിനുള്ള മരുന്നായ സോൾജെൻസ്മയ്ക്ക് 18 കോടി രൂപയാണെന്നറിഞ്ഞ കേരളം കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുരുന്നിന് കേരളം ഒറ്റക്കെട്ടായി സഹായമെത്തിച്ചതും 2021-ന്‍റെ നല്ല കാഴ്ചകളിലൊന്നാണ്.
സംസ്ഥാനസർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്നറിയിച്ചിട്ടും തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് കേന്ദ്രവും കേരളവും തമ്മിലുള്ള രാഷ്ട്രീയപ്പോരിന് വഴി തുറന്നു.
പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശം, കെ സുരേന്ദ്രൻ തുറന്നുവിട്ട ഹലാൽ ഭക്ഷണവിവാദം എന്നിങ്ങനെ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം പുകഞ്ഞ, മലയാളി അതിനെക്കുറിച്ച് വിവരങ്ങൾ ചികഞ്ഞ വർഷം കൂടിയാണ് കടന്നുപോകുന്നത്.
കെഎഎസ് രണ്ട്, മൂന്ന് സ്ട്രീമുകളിൽ സംവരണം ഏർപ്പെടുത്തുന്നതിനെതിരെ എൻഎസ്എസ് രംഗത്തെത്തി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നതിനുള്ള സർക്കാരിന്‍റെ സർവേ രീതികളിൽ പിഴവുണ്ടെന്നും എൻഎസ്എസ് ആരോപിച്ചു.
കെ റയിലിനെച്ചൊല്ലിയുള്ള വിവാദങ്ങളിലേറി പുതുവർഷത്തിലേക്ക് കടക്കുകയാണ് രാഷ്ട്രീയകേരളം. കാലാവസ്ഥാവ്യതിയാനങ്ങൾ മുതൽ കൊവിഡ് എന്ന മഹാമാരിയുടെ രൂപം മാറി ഒമിക്രോണാകുമ്പോഴുള്ള വെല്ലുവിളികൾ വരെ കേരളത്തിന് മുന്നിലുണ്ട്. എല്ലാം മറികടന്ന് ഒരു മികച്ച വർഷമാട്ടെ 2022. എല്ലാ വായനക്കാർക്കും പുതുവർഷാശംസകൾ.