കൂട്ടപ്പൊരിച്ചിലിനിടെ കോൺ​ഗ്രസിൽ നേതാക്കളുടെ ​ഗ്രൂപ്പ് മാറ്റം: എ,ഐ ഗ്രൂപ്പുകൾക്ക് ശക്തിക്ഷയം

By Web Team  |  First Published Aug 30, 2021, 5:41 PM IST

വലിയൊരു ബോംബ് വീണ് പൊട്ടിത്തെറിച്ച പ്രതീതിയിലാണ് നിലവിൽ കോണ്‍ഗ്രസ്. എവിടെയും പുകയും പൊടിയും. ഇതിനിടയിലൂടെ ഗ്രൂപ്പ് മാനേജര്‍മാരായിരുന്ന പലരും തങ്ങളുടെ ബോസുമാരെ അമ്പരപ്പിച്ച് ചേരിമാറി.


തിരുവനന്തപുരം: പട്ടികയെച്ചൊല്ലിയുള്ള കൂട്ടപ്പൊരിച്ചിലിനിടെ പ്രമുഖനേതാക്കളുടെ ഗ്രൂപ്പ്മാറ്റം കോണ്‍ഗ്രസ് അണികളിലും നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായി. എ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഐ ഗ്രൂപ്പിനെ തള്ളി ശൂരനാട് രാജശേഖരനും രംഗത്തെത്തി. പ്രമുഖ നേതാക്കള്‍ നേര്‍ക്കുനേര്‍ നിന്ന് പട നയിക്കുന്നതിനിടെ രണ്ടാംനിരയിലെ പല നേതാക്കളും കളംമാറി ചവിട്ടി തുടങ്ങിയതും കൗതുകമായി.

വലിയൊരു ബോംബ് വീണ് പൊട്ടിത്തെറിച്ച പ്രതീതിയിലാണ് നിലവിൽ കോണ്‍ഗ്രസ്. എവിടെയും പുകയും പൊടിയും. ഇതിനിടയിലൂടെ ഗ്രൂപ്പ് മാനേജര്‍മാരായിരുന്ന പലരും തങ്ങളുടെ ബോസുമാരെ അമ്പരപ്പിച്ച് ചേരിമാറി. കെ സുധാകരനും വിഡി സതീശനും നേതൃത്വത്തിലേക്ക് വന്നത് മുതല്‍ മിക്കവരും ആടി നില്‍ക്കുകയായിരുന്നു. പ്രതിപക്ഷനേതൃസ്ഥാനത്തിനായി  സ്വയം രംഗത്തെത്തിയ തിരുവഞ്ചൂരിനെ ഉമ്മന്‍ചാണ്ടി പിന്തുണച്ചിരുന്നില്ല. നേരെ കെ സുധാകരനടുത്തെത്തി പിന്തുണ പ്രഖ്യാപിച്ച തിരുവഞ്ചൂര്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയടക്കം എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് മറുപക്ഷത്തിനായി വാദിക്കുന്നു. 

Latest Videos

undefined

കെപിസിസി ഉപാധ്യക്ഷനായിരുന്ന ശൂരനാട് രാജശേഖരന്‍ എക്കാലത്തും ഐ ഗ്രൂപ്പിന്‍റെ പ്രധാനിയായിരുന്നു. പതുക്കെ പുതിയ അധികാരസ്ഥാനങ്ങളോട് അടുത്ത ശൂരനാട് ചെന്നിത്തലയടക്കം നേതാക്കളെയെല്ലാം തള്ളി ഹൈക്കമാൻഡിനെ പിന്തുണക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെട്ടിരുന്ന ടി സിദ്ദിഖ് എംഎല്‍എ നേരത്തേ തന്നെ എ ഗ്രൂപ്പ് വിട്ട് കെപിസിസി നേതൃത്വത്തോട് ചാഞ്ഞിരുന്നു. സിദ്ദിഖിനെ വിമര്‍ശിച്ച് കോഴിക്കോട്ടെ പ്രമുഖനേതാക്കള്‍ രംഗത്തുള്ളപ്പോള്‍ ഡിസിസി പ്രസി‍ഡന്‍റ് സ്ഥാനമൊഴിയുന്ന യു രാജീവന്‍ പാര്‍ട്ടിയാണ് മുഖ്യമെന്ന് പ്രഖ്യാപിച്ചു. 

പിടി തോമസ് എംഎല്‍എയടക്കം ഒരു പിടി നേതാക്കള്‍ പൂര്‍ണമായി ഔദ്യോഗികപക്ഷത്തേക്ക് നേരത്തേ പോയിരുന്നു. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വേണമെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനെ പോലുള്ള പ്രമുഖ നേതാക്കള്‍ തന്നെ പറയുന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍. രണ്ടാംനിരയിലെ പ്രമുഖനേതാക്കളും പ്രകടമായ ഗ്രൂപ്പ് മാറ്റം വരും ദിവസങ്ങളില്‍ പറയാനാണ് സാധ്യത. 

ഗ്രൂപ്പല്ല കേരളത്തില്‍ പാര്‍ട്ടിയാണ് വേണ്ടതെന്ന കെ സുധാകരന്‍റെയും വിഡി സതീശന്‍റെയും അഭിപ്രായത്തിന് പാര്‍ട്ടിയില്‍ പ്രാമുഖ്യം കൂടി വരികയാണ്. കെ മുരളീധരന്‍റെ പരസ്യപിന്തുണയും അവര്‍ക്ക് തുണയായി. അച്ചടക്കലംഘനം അനുവദിക്കാനാകില്ലെന്ന ഹൈക്കമാൻഡ് നിലപാട് കൂടിയാകുമ്പോള്‍ ഔദ്യോഗികപക്ഷത്തിന് കരുത്ത് കൂടാനാണ് സാധ്യത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!