'ഹിറ്റ്മാന്‍, മെന്‍റര്‍ ധോണി, കിംഗ് കോലി'; എന്തായിരുന്നു ബഹളം! കിവീസിനെതിരായ തോല്‍വി, ടീം ഇന്ത്യക്ക് ട്രോള്‍

First Published | Nov 1, 2021, 12:04 PM IST

ടി20 ലോകകപ്പില്‍ (T20 World Cup) ന്യൂസിലന്‍ഡിനോട് (New Zealand) തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതള്‍ അസ്ഥാനത്തായി. ഇന്ത്യക്ക് (Team India) ഇനി അവസാന നാലില്‍ ഇടം ലഭിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്നലെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ട്രോളുകള്‍ നിറയുകയാണ് ഇന്ത്യ.

ഇന്നലെ ടോസ് മുതല്‍ ഇന്ത്യക്ക് പിഴിച്ചു. ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമെന്നും ഉറപ്പായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നത് തോല്‍വിയുടെ ആദ്യ കാരണം.

ബാറ്റിംഗ് ക്രമത്തില്‍ വരുത്തിയ മാറ്റം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മധ്യനിരയില്‍ കളിച്ചുവന്ന സൂര്യകുമാര്‍ യാദവിന് പകരം എത്തിയത് ഇഷാന്‍ കിഷനാണ്. 


മധ്യനിരയില്‍ അത്ര തിളങ്ങിയിട്ടില്ലെന്നതിനാല്‍ ഇഷാന്‍ കിഷനെ ഓപ്പണിംഗിലേക്ക് മാറ്റി. ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മയെ ഇതോടെ താഴേക്ക് ഇറക്കേണ്ടിവന്നു. 

ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും ഓപ്പണ്‍ ചെയ്ത്, കെ എല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ നന്നാകുമായിരുന്നില്ലേ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്.

ഇന്ത്യക്കെതിരെ എന്നും മികച്ച റെക്കോര്‍ഡാണ് കിവീസ് ബൗളര്‍മാര്‍ക്കുള്ളത്. ഇന്നും മാറ്റമുണ്ടായില്ല. ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയും ആദം മില്‍നേയും ഇഷ് സോധിയും ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. 

ഇന്ത്യന്‍ ബാറ്റര്‍മാര്‍ പൂര്‍ണ പരാജയമായ മത്സരം കൂടിയായിരുന്നു ഇത്. റണ്‍ കണ്ടെത്താനാകാതെ മധ്യനിര വലഞ്ഞു. ഏഴ് മുതല്‍ 15 വരെയുള്ള ഓവറുകള്‍ക്കിടയില്‍ ഒരു ബൗണ്ടറി പോലും നേടാനായില്ല ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക്. 

ടോപ് സ്‌കോററായ രവീന്ദ്ര ജഡേജയുടെ 26 റണ്‍സ് ടീമിനെ 100 കടത്തിയത് തന്നെ സാഹസികമായി. ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയെ കാര്യമായി വിറപ്പിക്കാനായില്ല ജസ്പ്രീത് ബുമ്രക്കും സംഘത്തിനും.

നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ 110 റണ്‍സ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യത മങ്ങി. 

ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) ടീമിനെ ജയിപ്പിച്ചു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പടയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. 

കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. 

ഇനി അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യക്ക് മത്സരമുള്ളത്. മൂന്നിലും ജയിച്ചാല്‍ പോലും സെമിയിലെത്തുക പ്രയാസം.

അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ ഇന്ത്യ തോല്‍പ്പിക്കണം. ചെറിയ ജയമല്ല, വമ്പന്‍ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കണം. ഇതിനൊപ്പം ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ മറികടക്കണം. 

ഇതോടെ ഇന്ത്യ, അഫ്ഗാന്‍, കിവീസ് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാകും. മികച്ച റണ്‍റേറ്റ് ഉണ്ടെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ കടക്കാം. ഇതെല്ലാം വിദൂര സാധ്യതകള്‍ മാത്രമാണ്. എങ്കിലും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ തിരിച്ചുവരവിനായി.

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് തന്ത്രം പാളിയെന്ന് ബുമ്ര പറഞ്ഞു. ''ടോസ് നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടിവരുകയാണെങ്കില്‍ വലിയ സ്‌കോറിലെത്തണം എന്നായിരുന്നു തീരുമാനം.'' ബുമ്ര വ്യക്തമാക്കി. 

ബാറ്റര്‍മാര്‍ അല്‍പം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായെന്നും ബുമ്രയുടെ പക്ഷം. 'തുടര്‍ച്ചയായി ബയോ-ബബിളില്‍ കഴിയുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഈ തോല്‍വിയില്‍ തളരില്ല.' ബുമ്ര പറഞ്ഞു.

ഭീരുത്വം കാണിച്ചതിന് നല്‍കേണ്ടിവന്ന വിലയെന്ന് നായകന്‍ വിരാട് കോലി മത്സരശേഷം പറഞ്ഞു. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല എന്നാണ് മത്സര ശേഷം കോലി പറഞ്ഞത്. 

'ടീം ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല, താരങ്ങളില്‍ നിന്നും. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും.' കോലി വ്യക്തമാക്കി. 

'എന്നാലത് വര്‍ഷങ്ങളായി മറികടക്കാന്‍ ഇന്ത്യക്കായിരുന്നു. എല്ലാവരും അത് ഉള്‍ക്കൊള്ളണം. രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളില്‍ ബാക്കിയുണ്ട്' എന്നും കോലി കൂട്ടിച്ചേര്‍ത്തു.

'വളരെ നിരാശപ്പെടുത്തുന്ന പ്രകടനം. ന്യൂസിലന്‍ഡ് ഗംഭീരമായി കളിച്ചു. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ അത്ര നല്ലതായിരുന്നില്ല. മോശം ഷോട്ട് സെലക്ഷനാണ് കാഴ്ചവെച്ചത്.' മുന്‍ ഇന്ത്യന്‍ താരം സെവാഗ് പറഞ്ഞു.

'ഈ തോല്‍വി ഇന്ത്യയെ മുറിപ്പെടുത്തും. ഗൗരവമായ ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇത്.' മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ് വ്യക്തമാക്കി.

തോല്‍വി എക്കാലത്തും ഇന്ത്യയെ വേട്ടയാടുമെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ വ്യക്താക്കി. ഇന്ത്യന്‍ താരങ്ങളുടെ ഷോട്ട് സെലക്ഷന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി. 

'ന്യൂസിലന്‍ഡ് നന്നായി പന്തെറിഞ്ഞു. എന്നാല്‍ മോശം ഷോട്ട് സെലക്ഷനിലൂടെ ഇന്ത്യ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. സെമി സാധ്യത വിദൂരത്ത് മാത്രമാണ്.'' ലക്ഷ്മണ്‍ വ്യക്താക്കി.

പ്ലയിംഗ് ഇലവനിലെ മാറ്റമാണ് ഇന്ത്യയെ ചതിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും വ്യക്തമാക്കി. ഇത്തരം വലിയ വേദികളില്‍ പ്ലയിംഗ് ഇലവന്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. 

ടോസാണ് ടീം ഇന്ത്യയുടെ വിധിയെഴുതിയതെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് വ്യക്തമാക്കി. എന്നാല്‍ ന്യൂസിലന്‍ഡിന്റെ മികവ് അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

'ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. അവരുടെ ശരീരഭാഷ തന്നെ എതിരാളികളെ ജയിപ്പിക്കാന്‍ പോന്നതായിരുന്നു. നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബാറ്റ്‌സ്മാന്മാരും പുറത്തെടുത്തത്.' സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്നലെ എട്ട് വിക്കറ്റിനും. രണ്ട് മത്സരങ്ങളില്‍ രണ്ട് തോല്‍വിയാണ് ഇന്ത്യക്കുള്ളത്. 

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. സ്‌കോട്‌ലന്‍ഡ് മാത്രമാണ് ഇന്ത്യക്ക് താഴെയുള്ള ഏക ടീം. നമീബിയയും അഫ്ഗാനിസ്ഥാനും ഇന്ത്യക്ക് മുകളില്‍. 

ബുധനാഴ്ച്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. വെള്ളിയാഴ്ച്ച സ്‌കോട്‌ലന്‍ഡിനേയും ഞായറാഴ്ച്ച നമീബിയയേയും നേരിടും.

ശക്തമായ ടീമായിരുന്നിട്ടും ഈ തോല്‍വി ആരാധകര്‍ക്ക് സഹിക്കാനുവന്നതിലും അപ്പുറമാണ്. എം എസ് ധോണി മെന്ററായി എത്തിയതും ടീം ഇന്ത്യക്ക് ഗുണം ചെയ്തില്ല. വലിയ ചര്‍ച്ചകള്‍ക്കാണ് തോല്‍വി വഴിവച്ചിരിക്കുന്നത്.

Latest Videos

click me!