ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് കിവികള്‍ ടി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിന്‍റെ 166 റണ്‍സ് ഒരോവര്‍ ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു.
സ്റ്റാര്‍ ഓപ്പണര്‍ മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനെയും നഷ്ടമാകുമ്പോൾ 13 റണ്‍സ് മാത്രം സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്ന ടീം ഡാരില്‍ മിച്ചലിന്‍റെ പോരാട്ടത്തിലും ജിമ്മി നീഷമിന്‍റെ വെടിക്കെട്ടിലും വിജയിക്കുകയായിരുന്നു.
ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചല്‍ 47 പന്തിൽ നാല് വീതം ഫോറും സിക്സറുമടക്കം പുറത്താകാതെ 72 റൺസ് അടിച്ചെടുത്തു.
തോൽവിയിലേക്ക് പോവുമായിരുന്ന കിവീസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജിമ്മി നീഷമിന്‍റെ വെടിക്കെട്ടായിരുന്നു. ആറാമനായി ക്രീസിലെത്തി 11 പന്തിൽ മൂന്ന് സികസറടക്കം 27 റൺസ് നീഷം പേരിനൊപ്പം ചേര്‍ത്തു.
നേരത്തെ മോയീൻ അലിയുടെ അർധസെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 166ൽ എത്തിച്ചത്. അലി 37 പന്തിൽ 51ഉം ഡേവിഡ് മലാൻ 41ഉം റൺസെടുത്തു.
എത്ര ഗംഭീരമായ പോരാട്ടമാണിത്. വിജയത്തോടൊപ്പം ന്യൂസിലന്‍ഡ് ഒരിക്കല്‍ക്കൂടി ഹൃദയങ്ങള്‍ ജയിച്ചു. മിച്ചലിന്‍റേത് ഗംഭീര ഇന്നിംഗ്‌സ്. കോണ്‍വേയും നീഷമും നന്നായി പിന്തുണച്ചു. ബൗണ്ടറിലൈനില്‍ ബെയര്‍സ്റ്റോ 2019 ഫൈനലിലെ ബോള്‍ട്ടിന്‍റെ സംഭവം ഓര്‍മ്മിപ്പിച്ചു- സച്ചിന്‍ ട്വീറ്റ് ചെയ്‌തു.
ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം. ഡാരില്‍ മിച്ചല്‍ അതിശയകരം. ജിമ്മി നീഷം ഗെയിം ചേഞ്ചറായി. ന്യൂസിലന്‍ഡ് അത്ഭുതം കാട്ടി. ഫൈനലിലെത്തിയ കിവീസിന് ആശംസകള്‍- വീരു കുറിച്ചു.
ന്യൂസിലന്‍ഡ് മറ്റൊരു ലോകകപ്പ് ഫൈനലിലെത്തിയിരിക്കുന്നു. അവർ യഥാര്‍ഥ ചാമ്പ്യന്മാരാണ്. ഇന്ന് തകർപ്പൻ വിജയം സ്വന്തമാക്കി എന്നായിരുന്നു വെങ്കിടേഷ് പ്രസാദിന്‍റെ ട്വീറ്റ്.