അവിശ്വസനീയം രഹാനെ! കൊല്‍ക്കത്ത മറ്റൊരു നായകനെ തേടേണ്ട, മുഷ്താഖ് അലി ടി20യില്‍ റണ്‍വേട്ടയില്‍ കുതിപ്പ്

By Web Team  |  First Published Dec 11, 2024, 8:33 PM IST

ടൂര്‍ണമെന്റില്‍ ഇതുവരെ നാല് അര്‍ധ സെഞ്ചുറികള്‍ നേടാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രക്കെതിരേയും രഹാനെ 54 പന്തില്‍ 95 റണ്‍സാണ് അടിച്ചെടുത്തത്.


ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെ. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ 45 പന്തില്‍ 84 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. രഹാനെയുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ മുംബൈ ആറ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദര്‍ഭ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും രഹാനെയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് അര്‍ധ സെഞ്ചുറികള്‍ നേടാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രക്കെതിരേയും രഹാനെ 54 പന്തില്‍ 95 റണ്‍സാണ് അടിച്ചെടുത്തത്. അവിടേയും മത്സരത്തിലെ താരം രഹാനെ തന്നെ. ഈ വിജയാണ് മുംബൈ ഗ്രൂപ്പ് ചാംപ്യന്മാരാക്കിയതും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് കടക്കാന്‍ അവസരമൊരുക്കിയതും. സര്‍വീസസ് 18 പന്തില്‍ 22 റണ്‍സ് നേടിയ രഹാനെ നാഗാലന്‍ഡിനെതിരെ ബാറ്റിംഗിനെത്തിയില്ല. കേരളത്തിനെതിരെ 35 പന്തില്‍ 68, മഹാരാഷ്ട്രക്കെതിരെ 32 പന്തില്‍ 54, ഗോവയ്‌ക്കെതിരെ 13 പന്തില്‍ 13 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍.

Latest Videos

മുഷ്താഖ് അലിയില്‍ ഇതുവരെ ആറ് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച രഹാനെയുടെ സമ്പാദ്യം 334 റണ്‍സാണ്. 55.66 ശരാശരിയിലാണ് നേട്ടം. 167.83 എന്ന മോഹിപ്പിക്കന്ന സ്‌ട്രൈക്കറ്റ് റേറ്റും താരത്തിനുണ്ട്. നാല് അര്‍ധ സെഞ്ചുറികള്‍. ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരവും രഹാനെ തന്നെ. 14 സിക്‌സും 31 ഫോറും മുംബൈ താരം നേടി. നിലവില്‍ റണ്‍വേട്ടയില്‍ നാലാമതുണ്ട് രഹാനെ. 334 റണ്‍സാണ് സമ്പാദ്യം. അനായാസം അദ്ദേഹത്തിന് ഒന്നാമതെത്താം. ബിഹാറിന്റെ സാക്കിബുള്‍ ഗനിയാണ് (353) ഒന്നാമത്. ബംഗാളിന്റെ കരണ്‍ ലാല്‍ (338), അഭിഷേക് പോറല്‍ (335) എന്നിവര്‍ രഹാനെയ്ക്ക് തൊട്ടുമുന്നില്‍. ബംഗാളും ബിഹാറും പുറത്തായതിനാല്‍ വരും മത്സരങ്ങളില്‍ ഈ ഫോം തുടര്‍ന്നാല്‍ രഹാനെയ്ക്ക് ഒന്നാമതെത്താം. ഹൈദരാബദിന്റെ തിലക് വര്‍മ (327), സൗരാഷ്ട്രയുടെ ഹര്‍വിക് ദേശായ് (323) എന്നിവര്‍ രഹാനെയ്ക്ക് പിന്നിലുണ്ട്. ഇതില്‍ ഹര്‍വിക്കിന് മാത്രമാണ് ഇനി മത്സരം അവശേഷിക്കുന്നത്. 

26 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടം! സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല, ഓസീസ് തൂത്തുവാരി

undefined

ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിക്ക് രഹാനെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഇതിനിടെ കൊല്‍ക്കത്തയെ നയിക്കാനും രഹാനെ എത്തുമെന്നുള്ള വാര്‍ത്തകള്‍ വന്നു. രഹാനെയെ നായകനാക്കുന്ന കാര്യത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് 90 ശതമാനവും തീരുമാനമെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയുടെ രഞ്ജി ടീം നീയകനായ രഹാനെയെ അവസാന റൗണ്ട് ലേലത്തിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 

ആദ്യ ഘട്ടത്തില്‍ തഴഞ്ഞ രഹാനെയെ അവസാന റൗണ്ടില്‍ താരങ്ങളെ തികയ്ക്കാനായാണ് കൊല്‍ക്കത്ത സ്വന്തമാക്കിയതെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകന്‍ കൂടിയായ രഹാനെയുടെ പരിചയസമ്പത്തിലും നായകമികവിലും വിശ്വാസമര്‍പ്പിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ ഫോം കൂടി പരിഗണിക്കുമ്പോള്‍ രഹാനെ കൊല്‍ക്കത്തെ നയിച്ചാലും അത്ഭുതപ്പെടാനില്ല.

click me!