ടി20 ലോകകപ്പ്: 'തന്ത്രങ്ങളില്‍ പിഴച്ച് ചോദിച്ചുവാങ്ങിയ തോല്‍വി'; ടീം ഇന്ത്യയെ ശകാരിച്ച് മുന്‍താരങ്ങള്‍

First Published | Nov 1, 2021, 2:13 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ സെമി പ്രതീക്ഷകള്‍ തുലാസിലായ ടീം ഇന്ത്യക്കെതിരെ(Team India) മുന്‍താരങ്ങള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ടീം ഇന്ത്യ ന്യൂസിലന്‍ഡിനോട് ഇന്നലെ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. രണ്ട് മത്സരത്തിലും ആധികാരികമായാണ് എതിരാളികളുടെ ജയം. ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് പരീക്ഷണവും മോശം ഷോട്ട് സെലക്ഷനുമാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. വീരേന്ദര്‍ സെവാഗ്(Virender Sehwag), വിവിഎസ് ലക്ഷ്‌മണ്‍(VVS Laxman), ഇര്‍ഫാന്‍ പത്താന്‍(Irfan Pathan) തുടങ്ങിയ മുന്‍താരങ്ങള്‍ വിമര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്നു. 

'വളരെ നിരാശപ്പെടുത്തുന്ന പ്രകടനം. ന്യൂസിലന്‍ഡ് ഗംഭീരമായി കളിച്ചു. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ അത്ര നല്ലതായിരുന്നില്ല. മോശം ഷോട്ട് സെലക്ഷനാണ് കാഴ്‌ചവെച്ചത് എന്നായിരുന്നു വീരുവിന്‍റെ ട്വീറ്റ്. 

ഷോട്ട് സെലക്ഷനുകള്‍ സംശയാസ്‌പദമാണ്. ന്യൂസിലന്‍ഡ് നന്നായി ബൗള്‍ ചെയ്തു. എന്നാല്‍ ഇന്ത്യ കിവീസിന്‍റെ ജോലി എളുപ്പമാക്കിക്കൊടുത്തു. ഇന്ത്യയുടെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ വിദൂരമാണ് എന്നും വിവിഎസ് ലക്ഷ്‌മണിന്‍റെ പ്രതികരണം. 


ഒരു മത്സരത്തിനായി പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തിയതാണ് ഇര്‍ഫാന്‍ പത്താനെ ചൊടിപ്പിച്ചത്. താരങ്ങളുടെ കാര്യത്തില്‍ സ്ഥിരത വേണമെന്ന് ഇര്‍ഫാന്‍ വാദിക്കുന്നു. 

ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം വിലപ്പോയില്ലെന്ന് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. മികച്ച ബാറ്റ്സ്‌മാനായ രോഹിത് ശര്‍മ്മ മൂന്നാം നമ്പറില്‍ എത്തിയതും ഇഷാന്‍ കിഷനെ ഓപ്പണിംഗ് ഇറക്കിയതിനേയും ഗാവസ്‌കര്‍ വിമര്‍ശിച്ചു. 

സാധാരണയേക്കാള്‍ അക്ഷമരായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. 111 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം. രണ്ട് മത്സരങ്ങളിലും ഇന്ത്യ ദയനീയമായി എന്ന് മദന്‍ ലാല്‍. 

അതേസമയം ഇന്ത്യന്‍ താരങ്ങളോട് പരുഷമായി പെരുമാറരുത് എന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ ആവശ്യം. ന്യൂസിലന്‍ഡ് മത്സരത്തില്‍ സമഗ്രാധിപത്യം കാട്ടി എന്നും ഭാജി പറഞ്ഞു. 

ലോകത്തെ മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കണം എന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ആവശ്യപ്പെട്ടു. പരിചയസമ്പത്ത് ലഭിക്കാന്‍ ഇത് ഉപകരിക്കും എന്നാണ് വോണിന്‍റെ ട്വീറ്റ്. 

ഇന്ത്യക്ക് ഇപ്പോഴും സെമിയിലേക്ക് യോഗ്യത നേടാനുള്ള ചെറിയ അവസരമുണ്ട്. എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളും നോക്കിയാല്‍ അവർ യോഗ്യത നേടുന്നത് ഒരു അത്ഭുതമായിരിക്കും എന്ന് ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്‌തു. 

നിരാശപ്പെടുത്തുന്ന പ്രകടനം എന്നാണ് ഷൊയൈബ് അക്‌തറിന്‍റെ ട്വീറ്റ്. മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു എന്നും അക്‌തര്‍ പറഞ്ഞു. 

Latest Videos

click me!