ഒരു ഗുരുതരമായ ടാക്കിൾ ചെയ്ത് ഒരു കളിക്കാരെ പരിക്കേൽപ്പിച്ചതിനാണ് ചുവപ്പ് കാർഡ് ലഭിച്ചതെങ്കിൽ ഒരുപക്ഷേ മാപ്പ് പറയുമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ തനിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു.
ദോഹ: 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിൽ ഉറഗ്വെ - ഘാന മത്സരത്തിലെ സംഭവങ്ങളിൽ പശ്ചാത്താപമില്ലെന്ന് അന്നത്തെ വിവാദ നായകൻ ലൂയിസ് സുവാരസ്. അന്ന് രാത്രി സുവാരസ് ഉറുഗ്വെയുടെ ഹീറോ ആയപ്പോൾ ഘാന ഇന്നും ആ 'കൊടും ചതി' മറന്നിട്ടില്ല. പന്ത്രണ്ട് വർഷത്തിന് ശേഷവും ഘാനക്കാർ തന്നെ പിശാചായി കാണുന്നുവെന്ന് അറിയാമോ എന്ന ചോദ്യത്തിന്, തനിക്ക് ഖേദമില്ലെന്നായിരുന്നു സുവാരസിന്റെ മറുപടി.
അന്നത്തെ ഹാൻഡ് ബോൾ തന്റെയായിരുന്നു, പക്ഷേ ഘാന കളിക്കാരനാണ് പെനാൽറ്റി നഷ്ടമാക്കിയത്, താനല്ല. ഒരു ഗുരുതരമായ ടാക്കിൾ ചെയ്ത് ഒരു കളിക്കാരെ പരിക്കേൽപ്പിച്ചതിനാണ് ചുവപ്പ് കാർഡ് ലഭിച്ചതെങ്കിൽ ഒരുപക്ഷേ മാപ്പ് പറയുമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ തനിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. ഘാന താരം പെനാൽറ്റി പാഴാക്കിയത് തന്റെ തെറ്റല്ലെന്നും സുവാരസ് പറഞ്ഞു. ഇന്ന് ഖത്തർ ലോകകപ്പിൽ വീണ്ടുമൊരു ഘാന - ഉറുഗ്വെ പോരാട്ടം വരുമ്പോൾ ലോകമാകെ വീണ്ടും ഉറ്റുനോക്കുന്നതിന് കാരണവും സുവാരസിന്റെ ഹാൻഡ് ബോളിൽ പൊലിഞ്ഞ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ കാരണം തന്നെയാണ്.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് എത്തുമ്പോൾ ഘാന ഫേവറിറ്റുകൾ ആയിരുന്നില്ല. പക്ഷേ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോഴേക്കും കറുത്ത കുതിരകളായി മാറി ഘാന. പ്രീ ക്വാർട്ടറിൽ അമേരിക്കയെ വീഴ്ത്തി ഉറുഗ്വെയെ നേരിടാനെത്തിയ ഘാന ഒരൊറ്റ ജയത്തിനപ്പുറം സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകുമായിരുന്നു. അതും ആഫ്രിക്കൻ മണ്ണിൽ. എന്നാൽ നടന്നത് മറ്റൊന്ന്. അക്ഷരാർത്ഥത്തിൽ ലൂയി സുവാരസ് ഘാനയിൽ നിന്ന് ആ ജയം മോഷ്ടിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് സുള്ളി മുന്താരി ആഫ്രിക്കൻ കരുത്തരെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ഡിഗോ ഫോർലാൻ ഉറുഗ്വെയെ സമനിലയിലെത്തിച്ചു. മത്സരം അവസാനിക്കുമ്പോൾ സ്കോർ 1-1. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ പിന്നെ നടന്നതൊക്കെ നാടകീയത.
എക്‌സ്‌ട്രാ ടൈമിന്‍റെ അവസാന നിമിഷത്തിൽ ഘാനയുടെ സ്റ്റീവൻ ആപ്പിയ തൊടുത്തുവിട്ട ഫ്രീകിക്ക് ഉറുഗ്വെ ഗോളിയെ കടന്ന് വലയിലേക്ക് നീങ്ങി. ഗോൾ ലൈനിൽ നിന്ന സുവാരസ് ഗോൾ കാൽമുട്ടുകൊണ്ട് തടുത്തിട്ടു. പുറത്തേക്ക് തെറിച്ച പന്തിൽ ഡൊമിനിക് അഡിയാന്‍റെ ഹെഡർ വന്നു. വലയിലേക്ക് പാഞ്ഞെത്തിയ പന്ത് സുവാരസ് ഇരു കൈയും കൊണ്ട് തട്ടിപ്പുറത്തേക്കിട്ടു. ഫുട്ബോൾ ലോകം ഒരു നിമിഷം പകച്ചു നിന്നു. സുവാരസിന് ചുവപ്പ് കാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഘാനയ്ക്ക് അനുകൂലമായ പെനാൽറ്റി കിക്ക് എടുത്തത് അന്നത്തെ സൂപ്പര്‍ താരം അസമോവ ഗ്യാനായിരുന്നു. അത് പക്ഷേ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. ആ പിഴവും ലൂയി സുവാരസ് ആഘോഷമാക്കി. ഒടുവിൽ ഷൂട്ടൗട്ടിൽ 4-2ന്‍റെ ജയവുമായി ഉറുഗ്വെ സെമിയിലേക്ക് കടന്നു. ഘാന പുറത്തായി. അന്നത്തെ ലൂയി സുവാരസിനോട് പകരം ചോദിക്കാൻ കൂടിയാണ് ഇന്ന് ഘാന ഇറങ്ങുന്നത്.