മോഷ്ടിച്ച കാറിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ പ്രതിയെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പൊലീസ്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആലപ്പുഴ കാട്ടൂർ സ്വദേശി നിഖിലിനെയാണ് ട്രാഫിക് എസ്.ഐ മണികണ്ഠൻ പിടികൂടിയത്.
ആലപ്പുഴ: മോഷ്ടിച്ച കാറിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ പ്രതിയെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പൊലീസ്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആലപ്പുഴ കാട്ടൂർ സ്വദേശി നിഖിലിനെയാണ് ട്രാഫിക് എസ്.ഐ മണികണ്ഠൻ പിടികൂടിയത്. ആലപ്പുഴ ദേശീയ പാതയിൽ കൈതവനയ്ക്ക് സമീപം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ സ്വിഫ്റ്റ് കാറാണ് ട്രാഫിക് പൊലീസ് പിന്തുടർന്നത്. പൊലീസ് പിന്തുടർന്നതോടെ കാറുമായി കടന്നു കളയാനായിരുന്നു പ്രതിയുടെ ശ്രമം.
തുടർന്ന് ട്രാഫിക് എസ് ഐ മണികണ്ഠനും സംഘവും സാഹസികമായി ആലപ്പുഴ ഗേൾസ് സ്കൂളിന് സമീപം വെച്ച് പ്രതിയെ പിടികൂടി. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂരിൽ നിന്ന് മോഷണം പോയ കാറാണ് നിർത്താതെ പോയതെന്ന് മനസിലായത്. ചൊവ്വാഴ്ചയാണ് ഇയാൾ പെരുമ്പാവൂരിൽ നിന്ന് കാർ മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആലപ്പുഴ കലവൂർ കാട്ടൂർ സ്വദേശി മെൽവിൻ എന്ന നിഖിലിനെ സൗത്ത് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പോലീസ് ഇയാളെ കാപ്പാ നടപടിക്ക് വിധേയമാക്കാനിരിക്കെയാണ് ഇയാൾ അറസ്റ്റിൽ ആയത്.