ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ സ്‌ട്രൈക്കറോട്, വിദഗ്ധപരിശോധനകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായില കേരളത്തിലേക്ക് എത്താനാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയ നിര്‍ദേശം.
കൊച്ചി: പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ അഡ്രിയാന്‍ ലൂണയും ജോഷ്വ സൊത്തീരിയോയും അടുത്തമാസം കൊച്ചിയിലെത്തും. സീസണില്‍ ഇനി കളിക്കില്ലെങ്കിലും തുടര്‍ ചികിത്സ കേരളത്തില്‍ നടത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. പ്രീ സീസണ്‍ പരിശീലനം ഒരാഴ്ച തികയ്ക്കും മുന്‍പേ പരിക്കേറ്റ ജോഷ്വാ സൊത്തീരിയോക്ക് ജൂലൈയില്‍ മുംബൈയിലാണ് ശസ്തക്രിയ നടന്നത്.
ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ സ്‌ട്രൈക്കറോട്, വിദഗ്ധപരിശോധനകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായില കേരളത്തിലേക്ക് എത്താനാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയ നിര്‍ദേശം. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ എട്ടാം മത്സരത്തിന് ശേഷം വിട്ടുനില്‍ക്കുന്ന അഡ്രിയാന്‍ ലൂണയും അടുത്ത മാസം പകുതിയോടെ കേരളത്തിലേക്ക് എത്തുമെന്ന സ്‌കിന്‍കിസ് പറഞ്ഞു. മുംബൈയിലുള്ള ലൂണ മാര്‍ച്ച് പകുതിയോടെ കൊച്ചിയിലെത്തും.
ഘാനയിലുള്ള പെപ്രയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം ഗ്രീക്ക് താരം ഡയമന്റോക്കോസിനും പരിക്കേറ്റപ്പോള്‍ നാട്ടില്‍ കുറച്ചുദിവസങ്ങള്‍ ചെലവഴിക്കാന്‍ ക്ലബ്ബ് അനുവദിച്ചിരുന്നു. അതേസമയം ചെന്നൈയിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഈയാഴ്ടച മുംബൈയില്‍ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് സൂചന.
കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഗംഭീരജയം നേടിയിരുന്നു. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ജയഭേരി മുഴക്കുകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകളെങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാല് മറുപടി ഗോളും. ജയത്തോടെ കെബിഎഫ്സി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു.
16 കളിയില്‍ ബ്ലാസ്റ്റേഴ്സിന് 29 ഉം, തൊട്ടുപിന്നിലുള്ള ഗോവയ്ക്ക് 15 മത്സരങ്ങളില്‍ 28 ഉം പോയിന്റുമാണുള്ളത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ മടങ്ങിവരവ്.