തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അപകീര്‍ത്തിപരമായ കമന്റ് എഴുതിയ സംഭവത്തില്‍ പരാതിയുമായി മാല പാർവതി. ഫിലിമി ന്യൂസ് ആൻഡ് ഗോസിപ്പെന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‍ത ഒരു വീഡിയോയ്‍ക്ക് താഴെയുള്ള കമന്റായി മാല പാര്‍വതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എഴുതിയത് സംബന്ധിച്ചാണ് പരാതി നല്‍കിയത്. കമന്റെഴുതിയ അക്കൗണ്ടിന്റെ പേര് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ചലച്ചിത്ര താരം ഹണി റോസും പരാതി നല്‍കിയിരുന്നു. നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.
അതിനിടെ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്‍ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.
'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ പറയുന്നത്.
Read More: തുടരും ഫാൻസ് ഷോകള്‍ ഹൗസ്‍ഫുള്‍, ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക