'ഭക്ഷണം പാഴാക്കരുത്'; ഇന്ന് ഭക്ഷണം പാഴാക്കുന്നതിനെതിരായ അന്താരാഷ്ട്ര ബോധവത്കരണ ദിനം

By Web Team  |  First Published Sep 29, 2021, 1:13 PM IST

ലോകത്താകെ ഉത്പാദപ്പിക്കുന്ന ഭക്ഷണത്തിന്‍റെ 17 ശതമാനവും ഓരോ വർഷവും പാഴായിപ്പോകുന്നുവെന്നാണ് കണക്ക്. ലോകമെങ്ങും നിലവിൽ 81.1 കോടി ജനങ്ങൾ പട്ടിണിയിലാണെന്നാണ് യുഎൻ ഭക്ഷ്യ,കാർഷിക സംഘടനയുടെ കണക്ക്. 


ഇന്ന് ഭക്ഷണം പാഴാക്കുന്നതിനെതിരായ അന്താരാഷ്ട്ര ബോധവത്കരണ ദിനം. ലോകമെങ്ങും ദിനംപ്രതി ടൺ കണക്കിന് ഭക്ഷണം പാഴായിപ്പോകുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് പരമദാരിദ്ര്യത്തിൽ കഴിയുന്നത്. ലോകത്താകെ ഉത്പാദപ്പിക്കുന്ന ഭക്ഷണത്തിന്‍റെ 17 ശതമാനവും ഓരോ വർഷവും പാഴായിപ്പോകുന്നുവെന്നാണ് കണക്ക്. മറ്റെല്ലാ പ്രതികൂല സാഹചര്യങ്ങൾക്കുമൊപ്പം കഴിഞ്ഞ 2 വർഷത്തിനിടെ കൊവിഡും ലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിട്ടു.

ലോകമെങ്ങും നിലവിൽ 81.1 കോടി ജനങ്ങൾ പട്ടിണിയിലാണെന്നാണ് യുഎൻ ഭക്ഷ്യ, കാർഷിക സംഘടനയുടെ കണക്ക്. കൊവിഡ് പശ്ചാത്തലത്തിൽ മാത്രം 13.2 കോടി പേർ ആവശ്യത്തിന് ഭക്ഷണമോ പോഷകാഹാരമോ കിട്ടാത്ത അവസ്ഥയിലെത്തി.

Latest Videos

undefined

മറുവശത്ത്, മനുഷ്യന്‍റെ ഉപയോഗത്തിനായി ലഭ്യമായ ഭക്ഷണത്തിൽ 17 ശതമാനം, അതായത് 93.1 കോടി ടൺ ഭക്ഷണം വീടുകളുടെയും ഹോട്ടലുകളുടെയും കടകളുടെയുമെല്ലാം ചവറ്റുകുട്ടയിലേക്ക് ഓരോ വർഷവും വലിച്ചെറിയപ്പെടുന്നു. ഈ 17 ശതമാനത്തിൽ 11 ശതമാനം ഭക്ഷണവും പാഴാകുന്നത് വീടുകളിലാണെന്ന് കൂടി അറിയുമ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം വ്യക്തമാകുന്നത്.

വിളവെടുപ്പിന് ശേഷം ഭക്ഷ്യവസ്തുക്കൾ വിൽപനയ്ക്കെത്തുന്നതിനിടയ്ക്ക് 14 ശതമാനത്തോളം നശിച്ചുപോകുന്നുവെന്നും കണക്കുകൾ പറയുന്നു. 2030ഓടെ ലോകത്തെ പട്ടിണിയും പോഷകാഹാരക്കുറവും പരമാവധി പരിഹരിക്കാനാണ് യുഎൻ ലക്ഷ്യമിടുന്നത്. എന്നാൽ നിരവധി രാജ്യങ്ങൾ ഇന്നും വൻ ഭക്ഷ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

അഫ്ഗാനിസ്ഥാനിലെ 4 കോടി ജനങ്ങളിൽ പകുതിയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നതെന്ന് ലോക ഭക്ഷ്യപദ്ധതി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 5 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നത്. ഭക്ഷ്യക്ഷാമം ആസന്നമായെന്ന് യുഎൻ മുന്നറിപ്പ് നൽകുന്നു. ആഭ്യന്തര കലാപം തീ‍ർത്ത ദുരിതത്തിന് കൊവിഡും ആക്കം കൂട്ടി.

കലാപകലുഷിതമായ എത്യോപ്യയയിലെ ടൈഗ്രേ മേഖലയിലും ഭക്ഷ്യക്ഷാമം രൂക്ഷമാണ്. വിമതരും സൈന്യവും തമ്മിൽ പോരാട്ടം നടക്കുന്ന മേഖലയില്‍ ഭക്ഷണവും മരുന്നും എത്തിക്കാന്‍ കഴിയാത്തതിന് ഇരുകൂട്ടരും പരസ്പരം പഴിചാരുന്നു. കാലാവസ്ഥാവ്യതിയാനം മൂലം ലോകത്ത് ആദ്യമായുണ്ടാകുന്ന ഭക്ഷ്യക്ഷാമമാകും മഡഗാസ്കറിലേതെന്നാണ് വിദഗ്ധർ പറയുന്നത്.  4 വർഷത്തോളമായി തുടരുന്ന വരൾച്ചക്കിടെ വെട്ടുകിളികളെയും കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഇലകളുമെല്ലാം കഴിച്ചാണ് ജനം വിശപ്പടക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നുണ്ടായ ഭൂമി കുലുക്കം സൃഷ്ടിച്ച ആഘാതത്തിന് പിന്നാലെ, ഹെയ്ത്തിയിലും ഭക്ഷ്യക്ഷാമം രൂക്ഷമായി. ഭൂകമ്പത്തിൽ ശുദ്ധജല സ്രോതസ്സുകൾ നശിച്ചതോടെ, കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ലാറ്റിൻ അമേരിക്കയിൽ നേരത്തെ തന്നെ വൻ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യമാണ് ഹെയ്ത്തി. ഉഗാണ്ട, സുഡാൻ ,യെമൻ, ലൈബീരിയ,മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്.. ദുരിതത്തിലായ രാജ്യങ്ങളുടെ പട്ടിക നീളുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഭക്ഷണം പാഴാകാതിരിക്കാനുള്ള നയരൂപീകരണത്തിലും സർക്കാരുകളുടെയും സംഘടനകളുടെയും ഇടപെടൽ കുറച്ചൊക്കെ സഹായിക്കും.

എന്നാൽ അതിനെല്ലാമപ്പുറത്ത് ഭക്ഷണം പാഴാക്കാനുള്ളതല്ലെന്ന തിരിച്ചറിവ് നാം ഓരോരുത്തരും കൈവരിക്കുമ്പോഴെ ലക്ഷ്യത്തിലെത്താനാകൂ. അനാവശ്യമായി ആഹാര സാധനങ്ങള്‍ വാങ്ങി, വലിച്ചെറിയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. മാത്രമല്ല, ഭക്ഷണം പാഴാക്കുമ്പോള്‍ അതുത്പാദിപ്പിക്കാനായി ഉപയോഗിച്ച പണവും വെള്ളവും ഊർജവും അധ്വാനവുമെല്ലാം പാഴാവുകയാണ്. നമ്മുടെ പ്രവർത്തനങ്ങളാണ് തീർച്ചയായും നമ്മുടെ ഭാവി തീരുമാനിക്കുന്നത്.

 

Also Read: ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!