ഇംഗ്ലണ്ടിലെ സതാംപ്‌ടണ്‍ തന്നെയായിരിക്കും കിരീടപ്പോരിന് വേദിയെന്ന് ഐസിസി സ്ഥിരീകരിച്ചു.
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ സമനിലയിലായാല്‍ ഇരു ടീമിനെയും വിജയിയായി പ്രഖ്യാപിക്കും. ഇംഗ്ലണ്ടിലെ സതാംപ്‌ടണ്‍ തന്നെയായിരിക്കും കിരീടപ്പോരിന് വേദിയെന്നും ഐസിസി സ്ഥിരീകരിച്ചു.
വിജയിയെ കണ്ടെത്താനായി മാത്രം റിസര്‍വ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ല. ഫൈനല്‍ ദിനങ്ങളില്‍ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്‌ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ റിസര്‍വ് ദിനം മത്സരത്തിനായി ഉപയോഗിക്കൂവെന്ന് ഐസിസി അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് 2018 ജൂണിൽ ഈ രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതായും ഐസിസി വ്യക്തമാക്കി.
undefined
സമയനഷ്‌ടത്തെ കുറിച്ച് മാച്ച് റഫറി ഇരു ടീമുകള്‍ക്കും അറിയിപ്പുകള്‍ നല്‍കും. അഞ്ചാം ദിനം അവസാന മണിക്കൂറിന്‍റെ ആരംഭത്തില്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോര് ആരംഭിക്കുന്നത്. ഇരു ടീമുകള്‍ക്കുമുള്ള ക്വാറന്‍റീന്‍ സൗകര്യം തൊട്ടടുത്തുണ്ട് എന്നതാണ് സതാംപ്‌ടണെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന്. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് കോലിപ്പട. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.
പേസര്‍മാരല്ല, തലവേദന രണ്ട് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍; തുറന്നുപറഞ്ഞ് ന്യൂസിലന്‍ഡ് താരം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona