'സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം ഉപദേശിച്ചിട്ടും അവൻ നന്നായില്ല', പൃഥ്വി ഷായെക്കുറിച്ച് മുൻ സെലക്ടർ

By Web Team  |  First Published Nov 27, 2024, 11:06 AM IST

2020ല്‍ ഉത്തേജക മരുന്നുപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സച്ചിന്‍ പൃഥ്വി ഷായെ നേരില്‍ക്കണ്ട് ഉപദേശിച്ചിരുന്നു.


മുംബൈ: ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും താല്‍പര്യം കാട്ടാതിരുന്ന യുവതാരം പൃഥ്വി ഷാക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുന്‍ സെലക്ടര്‍. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമെല്ലാം ഉപദേശിച്ചിട്ടും പൃഥ്വി ഷാ നന്നായില്ലെന്നും ഇവരൊക്കെ മണ്ടന്‍മാരാണോ എന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ബിസിസിഐ മുന്‍ സെലക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

2020ല്‍ ഉത്തേജക മരുന്നുപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സച്ചിന്‍ പൃഥ്വി ഷായെ നേരില്‍ക്കണ്ട് ഉപദേശിച്ചിരുന്നു. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അച്ചടക്കവും സ്വയം നിയന്ത്രിക്കാനുള്ള കഴിവുമാണ് ഒരാളലെ മികച്ച ക്രിക്കറ്ററാക്കുന്നതെന്നായിരുന്നു സച്ചിന്‍ പൃഥ്വിയോട് പറഞ്ഞത്. തന്‍റെ ബാല്യകാല സുഹൃത്തായ വിനോദ് കാംബ്ലിയുടെ ജീവിതം കൺമുന്നിലുള്ള സച്ചിന് ഇത് പറയാനാവും. സച്ചിനെക്കാള്‍ പ്രതിഭയുണ്ടായിട്ടും വിനോദ് കാംബ്ലി എവിടെയാണ് എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൃഥ്വി ഷായും ഇതേവഴിയിലൂടെ പോകുന്നത് കണ്ടപ്പോഴാണ് സച്ചിന്‍ ഉപദേശിച്ചത്.

Latest Videos

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യൻസിലേക്ക്; ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍

ഡല്‍ഹി ക്യാപിറ്റല്‍സിലുള്ളപ്പോള്‍ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗും അണ്ടര്‍ 19 ടീമിലുണ്ടായിരുന്നപ്പോൾ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡുമെല്ലാം പൃഥ്വിയെ ഉപദേശിച്ച് നന്നാക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ അവരുടെ വാക്കുകളൊന്നും അവൻ ചെവിക്കൊണ്ടില്ല. അവനില്‍ ഒരു മാറ്റവുമുണ്ടായില്ല. ഇനി എന്തെങ്കിലും മാറ്റം ഉണ്ടായെങ്കില്‍ അതൊന്നും പ്രകടവുമല്ല. അവരാരും മണ്ടന്‍മാരായതുകൊണ്ടല്ലല്ലോ അവനെ ഉപദേശിച്ചതെന്നും സെലക്ടര്‍ പറഞ്ഞു.

വാർണർ മുതൽ പൃഥ്വി ഷാ വരെ; താരലേലത്തിൽ അവഗണിക്കപ്പെട്ടവരുടെ ഡ്രീം ഇലവൻ

18-ാം വയസില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ സെഞ്ചുറിയോടെ അരങ്ങേറിയ പൃഥ്വി ഷാ 2021ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2022ല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചില്ല. ഈ രഞ്ജി സീസണില്‍ അമിതഭാരവും ഫിറ്റ്നെസില്ലായ്മയും കാരണം മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്തായ പൃഥ്വി ഷായെ ഐപിഎല്‍ താരലേലത്തിലും ആരും ടീമിലെടുത്തതുമില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് പൃഥ്വി ഷായെ ഐപിഎല്ലിൽ ടീമുകള്‍ തഴയുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമില്‍ ഇടം നേടാനായെങ്കിലും ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ഇതുവരെ പുറത്തെടുക്കാന്‍ ഷാക്ക് കഴിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!