272 റണ്‍സ് ചേസ് ചെയ്ത ടീം 7 റണ്‍സിന് ഓള്‍ ഔട്ട്, ടി20 ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഐവറികോസ്റ്റ്

By Web Team  |  First Published Nov 26, 2024, 7:33 PM IST

2023ല്‍ സ്പെയിനിനെതിരെ ഐല്‍ ഓഫ് മാന്‍, സിംഗപ്പൂരിനെതിരെ മംഗോളിയ ടീമുകള്‍ മുമ്പ് 10 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ റെക്കോര്‍ഡാണ് ഐവറികോസ്റ്റ് തിരുത്തിയത്.


ലാഗോസ്: ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് ഐവറി കോസ്റ്റിന്. നൈജീരിയക്കെതിരായ മത്സരത്തില്‍ വെറും 7 റണ്‍സിനാണ് ഐവറി കോസ്റ്റ് ഓൾ ഔട്ടായത്. 2023ല്‍ സ്പെയിനിനെതിരെ ഐല്‍ ഓഫ് മാന്‍, സിംഗപ്പൂരിനെതിരെ മംഗോളിയ ടീമുകള്‍ മുമ്പ് 10 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ റെക്കോര്‍ഡാണ് ഐവറികോസ്റ്റ് തിരുത്തിയത്.

ടി20 ലോകകപ്പ് മേഖലാ യോഗ്യതാ മത്സരത്തില്‍ ടോസ് നേടിയ നൈജീരയ ഐവറി കോസ്റ്റിനെതിരെ ബാറ്റിംഗ് തെര‍‌ഞ്ഞെടുത്തു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത നൈജീരിയ അടിച്ചു കൂട്ടിയത്. നൈജീരിയക്കായി സെലിം സാലു 53 പന്തില്‍ 112 റണ്‍സടിച്ചപ്പോള്‍ ഐസക് ഒക്പെ 23 പന്തില്‍ 65 റണ്‍സടിച്ചു.

Latest Videos

undefined

പെർത്തിലെ വമ്പൻ ജയത്തിന് പിന്നാലെ ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങുന്നു; രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം ചേരും

മറുപടി ബാറ്റിംഗില്‍ ഐവറി കോസ്റ്റ് ഓപ്പണര്‍ ഔട്ടാര മൊഹമ്മദ് രണ്ട് റണ്‍സെടുത്താണ് തുടങ്ങിയത്. അഞ്ചാം പന്തിലും രണ്ട് റണ്‍സെടുത്തു.  എന്നാല്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ ഔട്ടാര പുറത്തായി. പിന്നീട് രണ്ടാം ഓവറിലും നാലാം ഓവറിലും ഓരോ വിക്കറ്റ് മാത്രം നഷ്ടമായ ഐവറി കോസ്റ്റിന് അഞ്ചാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട് അഞ്ചാം ഓവറിലും ആറാം ഓവറിലും ഏഴാം ഓവറിലും ഓരോ വിക്കറ്റ് കൂടി നഷ്ടമായ ഐവറി കോസ്റ്റ് 7.3 ഓവറില്‍ ഓൾ ഔട്ടായി.

മിമി അലക്സ്, വിക്കറ്റ് കീപ്പര്‍ മെയ്ഗ ഇബ്രാഹിം, ജെ ക്ലൗഡെ എന്നിവര്‍ മാത്രമാണ് ഐവറി കോസ്റ്റിനായി ഒരു റണ്ണെങ്കിലും നേടിയത്. ആറ് ബാറ്റര്‍മാര്‍ പൂജ്യരായി മടങ്ങി. ലാഡ്ജി സെചെയ്ൽ പുറത്താകാതെ നിന്നു.

7 All Out!😱

In an ICC Men's T20 World Cup Africa sub regional qualifier, Nigeria bundled out Ivory Coast for the lowest Men's T20I total ever! 😵 pic.twitter.com/vblBXqG9W1

— FanCode (@FanCode)

നൈജീരീയ 264 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയെങ്കിലും ടി20 ക്രിക്കറ്റില്‍ റണ്‍സടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം ഇപ്പോഴും ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 290 റണ്‍സ് ജയം തന്നെയാണ്. 2026ലെ ടി20 ലോകകപ്പിനായുള്ള മേഖലാ യോഗ്യതാ മത്സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!