കോലി ഒഴിയുന്നു; ടി20 ലോകകപ്പിന് ശേഷം രോഹിത് വൈറ്റ് ബോള്‍ നായകന്‍- റിപ്പോര്‍ട്ട്

By Web Team  |  First Published Sep 13, 2021, 10:13 AM IST

ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ നീക്കം. ഇതോടെ രോഹിത് ശര്‍മ്മ ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുമെന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. 


മുംബൈ: യുഎഇയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ നീക്കം. ഇതോടെ രോഹിത് ശര്‍മ്മ ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുമെന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി ബാറ്റിംഗിനെ ബാധിക്കുന്നതായാണ് കോലിയുടെ വിലയിരുത്തല്‍. 

നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്‌മെന്‍റുമായി കോലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചര്‍ച്ച ചെയ്തുവരികയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലും 2023ലും നടക്കുന്ന ലോകകപ്പുകളില്‍ ബാറ്റിംഗില്‍ ടീമിന് കൂടുതല്‍ സംഭാവന നല്‍കാന്‍ ഇതിലൂടെ കോലി ലക്ഷ്യമിടുന്നു. 

Latest Videos

undefined

'വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് വിരാട് കോലി തന്നെ പ്രഖ്യാപനം നടത്തും. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍റെ ഫോമിലേക്ക് മടങ്ങിയെത്താനുമാണ് അദേഹത്തിന്‍റെ ആലോചന' എന്ന് ബിസിസിഐയോട് ചേര്‍ന്ന വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ക്യാപ്റ്റന്‍സി കോലിയുടെ ബാറ്റിംഗിനെ ബാധിക്കുന്നു

'രോഹിത് ശര്‍മ്മ നിശ്‌ചിത ഓവര്‍ ക്രിക്കറ്റിലെ നായകസ്ഥാനം ഏറ്റെടുക്കാന്‍ ഉചിതമായ സമയമാണിത്. രോഹിത്തും കോലിയും തമ്മില്‍ നല്ല ബന്ധമായതിനാല്‍ ഇന്ത്യന്‍ ടീമിന് ഗുണകരമാകും. മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം തന്‍റെ ബാറ്റിംഗിനെ ബാധിക്കുന്നതായി കോലിക്കറിയാം. ബാറ്റിംഗില്‍ ടീമിന് കൂടുതല്‍ സംഭാവന നല്‍കേണ്ടതിനാല്‍ വിശ്രമം കോലിക്ക് അനിവാര്യമാണ്. രോഹിത് വൈറ്റ്ബോൾ നായകനായി ചുമതലയേൽക്കുകയാണെങ്കിൽ വിരാടിന് ഇന്ത്യയെ ടെസ്റ്റില്‍ തുടര്‍ന്നും നയിക്കുകയും ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ബാറ്റിംഗിൽ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യാം. വെറും 32 വയസുള്ള കോലിയുടെ ഫിറ്റ്നസ് കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് അഞ്ചാറ് വര്‍ഷമെങ്കിലും കളിക്കാന്‍ കഴിയും' എന്നും ഇന്ത്യന്‍ ടീമിനോട് ചേര്‍ന്ന വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

കോലിയും രോഹിത്തും നായകസ്ഥാനം പങ്കിടുന്നത് നേരത്തെയും വലിയ ചര്‍ച്ചയായിട്ടുണ്ട്. 65 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി 38 ഉം 95 ഏകദിനങ്ങളില്‍ 65 ഉം 45 ടി20കളില്‍ 29 ഉം വിജയങ്ങള്‍ നേടി. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിംഗില്‍ കോലിക്ക് താളം നഷ്‌ടപ്പെട്ടിരിക്കുകയാണ്. അതേസമയം മുപ്പത്തിനാലുകാരനായ രോഹിത് ശര്‍മ്മ കരിയറിലെ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!