രഞ്ജി ട്രോഫി: സഞ്ജുവിന്‍റെ പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകർക്ക് നിരാശ; കേരള-കര്‍ണാടക മത്സരം വൈകുന്നു

By Web TeamFirst Published Oct 18, 2024, 3:06 PM IST
Highlights

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയ കേരളം വിജയത്തുടര്‍ച്ച ലക്ഷ്യമാക്കിയാണ് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളവും കര്‍ണാടകവും തമ്മിലുള്ള രണ്ടാം മത്സരത്തിന്‍റെ ആദ്യ ദിനം മഴയുടെ കളി. ബെംഗളൂരുവിലെ അലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിന്‍റെ ടോസ് പോലും മഴയില്‍ കുതിര്‍ന്ന ഔട്ട് ഫീല്‍ഡ് മൂലം ആദ്യ ദിനം സാധ്യമായിട്ടില്ല. ഇപ്പോഴും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ ആദ്യ ദിനം കളി നടക്കാനുള്ള സാധ്യത കുറവാണ്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയ കേരളം വിജയത്തുടര്‍ച്ച ലക്ഷ്യമാക്കിയാണ് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ സഞ്ജു സാംസണുമുണ്ട്. ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിന്‍റെ പ്രകടനം കാണാന്‍ ആകാംക്ഷയോ‍ടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് മഴ കളിക്കുന്നത്.

Latest Videos

46ന് ഓള്‍ ഔട്ടായതിന്‍റെ ക്ഷീണം മാറും മുമ്പ് ഇന്ത്യക്ക് മറ്റൊരു നാണക്കേട്, 2012നുശേഷം ഇന്ത്യയില്‍ ആദ്യം

രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര.

ടീം- സച്ചിന്‍ ബേബി( ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മൊഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ് , ബേസില്‍ എന്‍.പി. ജലജ് സക്സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, നിഥീഷ് എം.ഡി, ആസിഫ് കെ.എം, ഫായിസ് ഫനൂസ്. 

click me!