ഏകദിന ശൈലിയില്‍ പ്രഭ്‌സിമ്രാന്‍! രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ പഞ്ചാബിന്റെ ലീഡ് 100 കടന്നു

By Web Team  |  First Published Oct 14, 2024, 11:22 AM IST

മൂന്ന് വിക്കറ്റ് നേടിയ ബാബ അപരാജിതാണ് രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബിനെ തകര്‍ത്തത്. ആദത്യ സര്‍വാതെ രണ്ട് വിക്കറ്റ് വീഴ്ത്തി.


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ പഞ്ചാബിന്റെ ലീഡ് 100 കവിഞ്ഞു. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ അവര്‍ക്ക് 135 റണ്‍സിന്റെ ലീഡായി. അന്‍മോല്‍പ്രീത് സിംഗ് (26), പ്രഭ്‌സിമ്രാന്‍ സിംഗ് (51) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ പഞ്ചാബ് 15 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 194നെതിരെ കേരളം 179 എല്ലാവരും പുറത്താവുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ ബാബ അപരാജിതാണ് രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബിനെ തകര്‍ത്തത്. ആദത്യ സര്‍വാതെ രണ്ട് വിക്കറ്റ് വീഴ്ത്തി. അഭയ് ചൗധരി (12), നമന്‍ ധിര്‍ (7), സിദ്ധാര്‍ത്ഥ് കൗള്‍ (0), കൃഷ് ഭഗത് (5), നെഹല്‍ വധേര (12) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് ഇതുവരെ നഷ്ടമായത്. അന്‍മോല്‍ - പ്രഭ്‌സിമ്രാന്‍ കൂട്ടുകെട്ട് ഇതുവരെ 71 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന പ്രഭ്‌സിമ്രാന്‍ ഇതുവരെ 49 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഒരു സിക്‌സും ഏഴ് ഫോറും ഇന്നിംഗ്‌സിലുണ്ട്.

Latest Videos

undefined

പാകിസ്ഥാന്‍ കരുണ കാണിക്കണം! ഇന്ത്യക്ക് ഇനിയും വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍ സാധ്യത

കേരളത്തിന് ഒന്നാം ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായി. 15 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സച്ചിന്‍ ബേബി (12), വത്സല്‍ ഗോവിന്ദ് (28) നിരാശപ്പെടുത്തി. അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും 17 റണ്‍സ് വീതമെടുത്തു. 38 റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡെയുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. ഫാസ്റ്റ് ബൌളര്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിന്റെ ആദ്യ ഇന്നിങ്‌സ് 194 റണ്‍സിന് അവസാനിച്ചിരുന്നു. സിദ്ദാര്‍ഥ് കൗളിനെ പുറത്താക്കിയ ജലജ് സക്‌സേന മല്‌സരത്തില്‍ അഞ്ച് വിക്കറ് നേട്ടവും പൂര്‍ത്തിയാക്കി. ആദിത്യ സര്‍വാതെയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന വിക്കറ്റില്‍ മായങ്ക് മര്‍ക്കണ്ഡേയും സിദ്ദാര്‍ത്ഥ് കൌളും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 51 റണ്‍സാണ് കേരളത്തിന് തിരിച്ചടിയായത്. മായങ്ക് 37 റണ്‍സുമായി പുറത്താകാതെ നിന്നു.

click me!