ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പിന് 17 വയസ്! ശ്രീശാന്തിന്റെ ക്യാച്ചും യുവരാജിന്റെ സിക്‌സുകളും ഇന്നും ട്രന്‍ഡിംഗ്

By Web TeamFirst Published Sep 24, 2024, 1:21 PM IST
Highlights

പുതിയ ഫോര്‍മാറ്റിലേക്ക് പുത്തന്‍ താരങ്ങളാണ് ഇന്ത്യയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ കളത്തിലിറങ്ങിയത്.

മുംബൈ: ഇന്ത്യയുടെ ആദ്യ ട്വന്റി 20 ലോകകപ്പ് ജയത്തിന്റെ ഓര്‍മയില്‍ രാജ്യം. പാക്കിസ്ഥാനെതിരായ ഹൈ വോള്‍ട്ടേജ് ത്രില്ലറില്‍ അഞ്ച് റണ്‍സിന്റെ ഗംഭീര ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവറില്‍ മലയാളി താരം എസ് ശ്രീശാന്ത് എടുത്ത ക്യാച്ചും ആവേശവും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്നും ആവേശമാണ്. തോല്‍ക്കുമെന്നുറപ്പിച്ചടുത്ത് നിന്ന് എം എസ് ധോണിയും കൂട്ടരും പാക്കിസ്ഥാനെ വീഴ്ത്തി നേടിയൊരു കുട്ടി കിരീടം. ഈ കിരീടത്തിന് ഇന്ന് മധുരപ്പതിനേഴ്.

പുതിയ ഫോര്‍മാറ്റിലേക്ക് പുത്തന്‍ താരങ്ങളാണ് ഇന്ത്യയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ കളത്തിലിറങ്ങിയത്. നായകനായി റാഞ്ചിക്കാരാന്‍ എം എസ് ധോണി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബോള്‍ ഔട്ട് ജയം നേടിയതോടെ യുവ ഇന്ത്യയെ ആരാധകര്‍ വിശ്വസിച്ച് തുടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് ഓവറിലെ ആറ് പന്തും സിക്‌സറിച്ചതായിരുന്നു ലോകകപ്പിലെ ഹൈ മൊമന്റ്. സെമിയില്‍ തഴക്കം വന്ന ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ മുന്നേറ്റം. ഹെയ്ഡനെയും ഗില്‍ക്രിസ്റ്റിനേയും പുറത്താക്കിയ ശ്രീശാന്തിന്റെ സെലിബ്രേഷന്‍ ഇന്നും ട്രെന്‍ഡിങ്.

Latest Videos

ഒറ്റയ്ക്ക് മത്സരഫലം മാറ്റാന്‍ കഴിവുള്ള താരം ഇന്ത്യന്‍ ടീമിലുണ്ട്! പേരെടുത്ത് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

ഫൈനലില്‍ വീണ്ടും ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ ഗംഭീറിന്റെ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത് 157 റണ്‍സ്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയത്തിലേക്ക് 13 റണ്‍സ്. ജൊഗീന്ദര്‍ ശര്‍മയെ പന്തേല്‍പ്പിച്ച്  ക്യാപ്റ്റന്‍ ധോണി. ഒരു വൈഡും സിക്‌സറും വഴങ്ങിയെങ്കിലും മൂന്നാം പന്തില്‍ മിസ്ബാ ഉള്‍ ഹഖിന് പിഴച്ചു. ആദ്യ ട്വന്റി 20 കിരീടം ഇന്ത്യയ്ക്ക്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യ ട്വന്റി 20 കിരീടം നേടുന്നത്. 2007ല്‍ ടീമിലുണ്ടായിരുന്ന രോഹിത് ശര്‍മ ഇക്കുറി നായകനായെത്തിയാണ് കിരീടം സ്വന്തമാക്കിയത്.

click me!