'ആ തീരുമാനത്തില്‍ മാറ്റമില്ല'; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവില്ലെന്ന് ഡിവില്ലിയേഴ്‌സ്

By Web Team  |  First Published May 18, 2021, 6:28 PM IST

വരുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് തിരിച്ചെത്തുമെന്ന് പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്റ്റര്‍ ഗ്രെയിം സ്മിത്തും സൂചന നല്‍കിയിരുന്നു.
 


കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി എബി ഡിവില്ലിയേഴ്‌സ്. വരുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് തിരിച്ചെത്തുമെന്ന് പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്റ്റര്‍ ഗ്രെയിം സ്മിത്തും സൂചന നല്‍കിയിരുന്നു. എന്നാല്‍ താരം തിരിച്ചുവരുന്നില്ലെന്ന് അറിയിച്ചതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ഇന്ന് പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് വെറ്ററന്‍ താരത്തെ ഒഴിവാക്കുകയായിരുന്നു.

ഒരിക്കല്‍ തീരുമാനിച്ചതാണെന്നും ആ തീരുമാനം അവസാനത്തേതാണെന്നും മാറ്റമില്ലെന്നും ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. 2018 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഡിവില്ലിയേഴ്സ് വിരമിച്ചത്. സൗത്താഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 50.66 ശരാശരിയില്‍ 8765 റണ്‍സ് നേടിയ ഡിവില്ലിയേഴ്സ് 228 ഏകദിന മത്സരങ്ങളില്‍ നിന്നും 53.5 ശരാശരിയില്‍ 9577 റണ്‍സ് നേടിയിട്ടുണ്ട്. 75 ടി20 മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ള ഡിവില്ലിയേഴ്സ് 1672 റണ്‍സ് നേടി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ്് ബാംഗ്ലൂരിനായി മികച്ച പ്രകടനമാണ് ഡിവില്ലിയേഴ്്സ് പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 207 റണ്‍സ് ഡിവില്ലിയേഴ്സ് നേടിയിരുന്നു. 

Latest Videos

undefined

അതേസമയം അയര്‍ലന്‍ഡ്, വിന്‍ഡീസ് എന്നിവര്‍ക്കെതിരായ പരമ്പരയ്ക്ക് 19 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. ഓഫ്‌സ്പിന്നര്‍ പ്രണേളന്‍ സുബ്രയന്‍, പേസര്‍ ലിസാഡ് വില്യംസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഡീന്‍ എല്‍ഗാറാണ് ടീമിനെ നയിക്കുക. സീനിയര്‍ താരം ഫാഫ് ഡു പ്ലെസിസ് ടീമിലില്ല. ഡിവില്ലിയേഴ്‌സിനൊപ്പം തിരിച്ചുവരുമെന്ന് കരുതപ്പെട്ടിരുന്ന ഇമ്രാന്‍ താഹിറും ടീമിലില്ല. അയര്‍ലന്‍ഡിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കുക. ജൂലൈ 11 മുതല്‍ 15 വരെയാണ് പരമ്പര. പിന്നാലെ വിന്‍ഡീസിലേക്ക് പറക്കും.

ദക്ഷിണാഫ്രിക്കന്‍ ടീം: ഡീന്‍ എല്‍ഗാര്‍ (ക്യാപ്റ്റന്‍), തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, സറേല്‍ എര്‍വീ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ആന്റിച്ച് നോര്‍ജെ, കീഗന്‍ പീറ്റേഴ്‌സണ്‍, കഗിസോ റബാദ, റസ്സി വാന്‍ ഡര്‍ ഡസ്സന്‍, കെയ്ല്‍ വെറെയ്‌നെ, തബ്രൈസ് ഷംസി, ലിസാര്‍ഡ് വില്യംസ്, പ്രണേളന്‍ സുബ്രയന്‍, മാര്‍കോ ജെന്‍സണ്‍.

click me!