പരിക്കേറ്റപ്പോള്‍ രണ്ടാഴ്ച വിശ്രമമാണ് ഗില്ലിന് നിര്‍ദേശിച്ചത്. പരിശീലന മത്സരം തുടങ്ങുന്ന ശനിയാഴ്ചയാണ് രണ്ടാഴ്ച പൂര്‍ത്തിയാവുന്നത്.
കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. കൈവിരലിനേറ്റ പരിക്ക് മൂലം പെര്‍ത്തിലെ ആദ്യ ടെസ്റ്റ് നഷ്ടമായ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റിലും കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍ത്ത് ടെസ്റ്റിന് മുമ്പ് നടന്ന പരിശീലന മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗില്ലിന്‍റെ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റത്. പരിക്ക് മാറി ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.
എന്നാല്‍ കൈവിരലില്‍ പൊട്ടലുള്ള ഗില്ലിന് രണ്ടാം ടെസ്റ്റും നഷ്ടമായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റപ്പോള്‍ രണ്ടാഴ്ച വിശ്രമമാണ് ഗില്ലിന് നിര്‍ദേശിച്ചത്. പരിശീലന മത്സരം തുടങ്ങുന്ന ശനിയാഴ്ചയാണ് രണ്ടാഴ്ച പൂര്‍ത്തിയാവുന്നത്. പരിക്കു മാറിയാലും മതിയായ പരിശീലനമില്ലാതെ ഡേ നൈറ്റ് ടെസ്റ്റില്‍ ഗില്ലിന് കളിക്കാനാവുമോ എന്ന ആശങ്കയും ഇന്ത്യക്കുണ്ട്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള ദ്വിദിന പരിശീലന മത്സരത്തിലും ഗില്‍ കളിക്കാന്‍ സാധ്യതയില്ല.
ഗില്ലിന്‍റെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ ഗില്ലിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലോ രോഹിത്തോ ഇറങ്ങുമെന്നാണ് കരുതുന്നത്. രോഹിത്തിന് പകരം പെര്‍ത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രാഹുല്‍ മികവ് കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ രോഹിത് മധ്യനിരയില്‍ കളിക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. അഡ്‌ലെയ്ഡില്‍ രാഹുല്‍ ഓപ്പണറായി തുടര്‍ന്നാല്‍ രോഹിത് മൂന്നാം നമ്പറില്‍ കളിക്കാനും സാധ്യതയുണ്ട്. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക