കിവീസ് ഡ്രൈവിംഗ് സീറ്റില്‍, പൂനെ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്! ഇന്ത്യ ഇനി കുറച്ച് വിയര്‍ക്കും

By Web Team  |  First Published Oct 25, 2024, 2:34 PM IST

രണ്ടാം ഇന്നിംഗ്‌സില്‍ അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (17) മടങ്ങി.


പൂനെ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ലീഡ് 200നോട് അടുക്കുന്നു. പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് ലീഡ് 188 റണ്‍സാക്കി ഉയര്‍ത്തി. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട് ന്യൂസിലന്‍ഡ്. ടോം ലാതം (37), രചിന്‍ രവീന്ദ്ര (7) എന്നിവരാണ് ക്രീസില്‍. നേരത്തെ, ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259നെതിരെ ഇന്ത്യ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്‍സിന്റെ ലീഡാണ് കിവീസ് ഒന്നാം ഇന്നിഗ്‌സില്‍ നേടിയത്. ഏഴ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.

രണ്ടാം ഇന്നിംഗ്‌സില്‍ അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (17) മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കോണ്‍വെ. മൂന്നാമതെത്തിയ വില്‍ യംഗിനെ (23) അശ്വിനും വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ, 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. 30 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 

Latest Videos

undefined

സഞ്ജുവിന്റെ രഞ്ജി ട്രോഫി ഷോ നീളും? കേരളം-ബംഗാള്‍ മത്സരം ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെക്കാന്‍ സാധ്യത

രോഹിത് ശര്‍മയ്ക്ക് (0) പുറമെ വിരാട് കോലിയും (1) ഇന്ന് നിരാശപ്പെടുത്തി. ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. തുടര്‍ന്ന് ക്രീസിലെത്തിയത് കോലി. ഒമ്പത്് പന്തുകള്‍ മാത്രം നേരിട്ട കോലിയെ സാന്റ്‌നര്‍ ബൗള്‍ഡാക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെ ക്രീസിലെത്തിയ കോലി, അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അതും താഴ്ന്നിറങ്ങിയ ഒരു ഫുള്‍ടോസ് പന്തില്‍. ആത്മവിശ്വാസത്തോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിനും (30) അധികനേരം മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കുകയാിരുന്നു താരം. 

പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന റിഷഭ് പന്ത് (18) ആവട്ടെ, ഫിലിപ്‌സിന്റെ പന്തില്‍ ബൗള്‍ഡായി. സര്‍ഫറാസ് ഖാന്‍ (11) സാന്റ്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് മടങ്ങുന്നത്. ആര്‍ അശ്വിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സാന്റ്‌നറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജഡേജ - വാഷിംഗ്ടണ്‍ സഖ്യം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. പിന്നാലെ ലഞ്ചിന് പിരിഞ്ഞു. രണ്ടാം സെഷനില്‍ ജഡേജ ആക്രമിച്ച് കളിച്ചു. ഇതുതന്നെയാണ് സ്‌കോര്‍ 150 കടത്തിയത്. എന്നാല്‍ അധികനേരം മൂന്നോട്ട് പോവാന്‍ സാധിച്ചില്ല. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആകാശ് ദീപ് (6), ജസ്പ്രിത് ബുമ്ര (0) വന്നത് പോലെ മടങ്ങി. സുന്ദര്‍ (18) പുറത്താവാതെ നിന്നു. രോഹിത് ശര്‍മയെ (0) ഇന്നലെ ടിം സൗത്തി ബൗള്‍ഡാക്കിയിരുന്നു.

സഞ്ജുവിന്റെ രഞ്ജി ട്രോഫി ഷോ നീളും? കേരളം-ബംഗാള്‍ മത്സരം ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെക്കാന്‍ സാധ്യത

നേരത്തെ, മൂന്നിന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.

tags
click me!