ബുമ്രയുടെ അക്കൗണ്ടില്‍ 64 വിക്കറ്റുകളുണ്ട്. 12 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍.
ദില്ലി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുമായി താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ്. അടുത്ത കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിസ്മയകരമായ പ്രകടനം നടത്തിയിരുന്നു ബുമ്ര. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കിയിരുന്നു. 51 വിക്കറ്റുകളാണ് കപില്‍ ഓസ്‌ട്രേലിയയില്‍ വീഴ്ത്തിയത്. ബുമ്രയുടെ അക്കൗണ്ടില്‍ 64 വിക്കറ്റുകളുണ്ട്. 12 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍. 17.15 ശരാശരിയുണ്ട് താരത്തിന്. നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 86 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
പിന്നാലെയാണ് കപിലിന്റെ അഭ്യര്‍ത്ഥന. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ദയവായി എന്നെ ബുമ്രയുമായി താരതമ്യം ചെയ്യരുത്. ഒരു തലമുറയെ മറ്റൊരു തലമുറയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇന്ന് ഒറ്റ ദിവസം കൊണ്ട് 300 റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്. അത് നമ്മുടെ കാലത്ത് സംഭവിച്ചിട്ടില്ല. അതിനാല്‍, താരതമ്യം ചെയ്യരുത്.'' കപില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 13.06 ശരാശരിയില്‍ 32 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ ഒരു പരമ്പരയില്‍ മാത്രം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരവും ബുമ്ര തന്നെ. 1977-78ല്‍ 31 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയുടെ റെക്കോര്‍ഡാണ് ബുമ്ര മറികടന്നത്.
സിഡ്നിയില്‍ നടന്ന അഞ്ചാം ടെസ്റ്റിനിടെ താരത്തിന് പരിക്കേറ്റിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബൗള്‍ ചെയ്യരുതെന്ന് തീരുമാനിക്കുകയായിരുന്നു ബുമ്ര. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരിക്ക് 2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹത്തെ സംശയത്തിലാക്കി. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ബുമ്രയെ ഉള്‍പ്പെടുത്തുമെങ്കിലും ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല. അദ്ദേഹം ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്.