ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. എറണാകുളം മുളന്തുരുത്തിയില്‍ ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു. സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. എറണാകുളം മുളന്തുരുത്തിയില്‍ ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു. സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കമ്പിവടിയും കത്തിയും ഉള്‍പ്പെടെയുളള ആയുധങ്ങളുമായിട്ടാണ് അക്രമി സംഘം വീട്ടിലെത്തിയത്.
ഇതോടെ വീട്ടിലെ സ്ത്രീകള്‍ നിലവിളിച്ചു. അക്രമികളെ തടയാന്‍ വീട്ടിലുളള പുരുഷന്‍മാര്‍ ശ്രമിച്ചു. പക്ഷേ സിനിമ സ്റ്റൈലില്‍ അക്രമി സംഘം വീട്ടിലേക്ക് കടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്‍റെ വീട്ടില്‍ ഇന്നലെ സന്ധ്യയ്ക്കുണ്ടായതാണ് ഈ അതിക്രമം. അക്രമികള്‍ വീടിനുളളില്‍ കയറിയതോടെ വില്‍സന്‍റെ പിതാവ് വീട്ടിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിക്കാനിറങ്ങി. എന്നിട്ടും വഴങ്ങാതിരുന്ന അക്രമികള്‍ വീട്ടിലുണ്ടായിരുന്നവരെയെല്ലാം പൊതിരെ തല്ലി.
സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് വില്‍സന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. ശരത്തിന്‍റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരിലായിരുന്നു അക്രമമെന്നും ഇവര്‍ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേരാണ് പരുക്കുമായി ചികില്‍സ തേടിയത്.
പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും പരാതിയുണ്ട്. ആയുധങ്ങളുമായി വീട്ടിലെത്തിയ അക്രമി സംഘവും പരിക്കേറ്റെന്ന പരാതിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിച്ചു വരികയാണെന്നും ലഹരി സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നുമാണ് മുളന്തുരുത്തി പൊലീസിന്‍റെ വിശദീകരണം.
കൊച്ചിയിൽ ഫ്ലാറ്റിലെ 26ാം നിലയിൽ നിന്ന് വീണ് 15കാരന് ദാരുണാന്ത്യം