ഐപിഎല്‍ ടീമുകളില്‍ വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം; മുന്‍ ഇന്ത്യന്‍ താരത്തിന്റെ നിര്‍ദേശം

By Web Team  |  First Published May 15, 2021, 10:10 PM IST

അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കാണ് സാധ്യത. രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ കൂടുതല്‍ പ്രാദേശിക താരങ്ങള്‍ക്ക് അവസരം ലഭിക്കും.


ദില്ലി: അടുത്ത ഐപിഎല്‍ സീസണില്‍ ടീമുകളുടെ എണ്ണം 10ലേക്ക് ഉയര്‍ത്താനുള്ള ആലോചനയിലാണ് ബിസിസിഐ. അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കാണ് സാധ്യത. രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ കൂടുതല്‍ പ്രാദേശിക താരങ്ങള്‍ക്ക് അവസരം ലഭിക്കും. ഈയൊരു സാഹചര്യത്തില്‍ വളരെ രസകരമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയോട് സംസാരിക്കുകയായിരുന്നു ചോപ്ര. 

ഐപിഎല്‍ ടീമുകളില്‍ വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കണമെന്നാണ് ചോപ്ര പറയുന്നത്. ചോപ്രയുടെ വാക്കുകള്‍... ''ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎല്‍ ആണെന്നുള്ളതില്‍ സംശയമൊന്നുമില്ല. അതിന്റെ പ്രധാന കാരണം മത്സരങ്ങളുടെ ഗുണനിലവാരമാണ്. ആ നിലവാരം എപ്പോഴും കാത്തുസൂക്ഷിക്കണം. അടുത്ത സീസണില്‍ ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നതോടൊപ്പം ടീമുകളില്‍ അഞ്ച് വിദേശതാരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണം.  എങ്കില്‍ മാത്രമേ ഗുണനിലവരാരം ഉയര്‍ത്താന്‍ സാധിക്കൂ. 

Latest Videos

undefined

ചില ടീമുകളില്‍ കരുത്തരായ ഇന്ത്യന്‍ താരങ്ങള്‍ കൂടുതലുണ്ട്. എന്നാല്‍ ആ സൗകര്യം എല്ലാ ടീമുകള്‍ക്കും ലഭ്യമല്ല. ഒരു വിദേശ താരത്തെകൂടി ടീമില്‍ ഉള്‍പ്പെടുന്നതിലൂടെ ടീമുകള്‍ക്ക് കൂടുതല്‍ കെട്ടുറപ്പ് വരും.'' ചോപ്ര പറഞ്ഞുനിര്‍ത്തി.

നേരത്തെ അഹമ്മദാബാദ്, പൂനെ എന്നിവര്‍ക്ക് പുറമെ തിരുവനന്തപുരം, ലഖ്‌നൗ, കാണ്‍പൂര്‍, ഗോഹട്ടി തുടങ്ങിയ നഗരങ്ങളുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. ടീമുകള്‍ ഏതൊക്കെയാണെന്ന് ഔദ്യോഗിക തീരുമാനമായിട്ടില്ല.

click me!