ഇനി ശീതകാല പച്ചക്കറികളുടെ കാലം; കാബേജിലെ ഒന്‍പത് വിവിധ ഇനങ്ങളിതാ
കാബേജിലെ വിവിധ ഇനങ്ങളെ പരിചയപ്പെടാം.
ഇനി ശീതകാല പച്ചക്കറികളുടെ കാലമാണ്. അത്തരത്തിലുള്ള വിളയായ കാബേജില്‍ പല ഇനങ്ങളുമുണ്ട്. വളര്‍ത്തുന്ന സ്ഥലത്തുള്ള മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒന്‍പത് വ്യത്യസ്ത ഇനങ്ങളിലുള്ള കാബേജുകളെ പരിചയപ്പെടാം.
ബ്രുണ്‍സ്വിക് (Brunswick): തണുപ്പുകാലത്ത് ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാവുന്ന ഇനമാണ് ആവശ്യമെങ്കില്‍ ബ്രുണ്‍സ്വിക് ആണ് നല്ലത്. വളര്‍ത്തിയാല്‍ 95 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് 18 ഇഞ്ച് അകലത്തില്‍ ഓരോ ചെടിയും നടണം. കാബേജിന്റ തലഭാഗത്തിന് നാലര കിലോ ഭാരമുണ്ടാകും.
കാര്‍ലെസ്‌ററണ്‍ വെയ്ക്ഫീല്‍ഡ് (Charleston Wakefield): ഇത് ചൂടിനെയും അതിജീവിക്കുന്ന ഇനമാണ്. കടുംപച്ച നിറമുള്ള കാബേജിന്റെ തലഭാഗത്തിന് ഏകദേശം മൂന്ന് കിലോ ഭാരമുണ്ടാകും. 70 മുതല്‍ 80 ദിവസങ്ങള്‍ക്കുള്ളിലാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. നന്നായി വളര്‍ന്ന് നല്ല വിളവ് കിട്ടാന്‍ ഓരോ ചെടിയും തമ്മില്‍ 18 മുതല്‍ 24 വരെ ഇഞ്ച് അകലം നല്‍കണം.
ഏര്‍ളിയാന (Earliana): വളരെ നേരത്തേ പൂര്‍ണവളര്‍ച്ചയെത്തുന്ന ഇനമാണിത്. 60 ദിവസങ്ങള്‍ മാത്രം മതി. ഏകദേശം ഒരുകിലോ ഭാരം മാത്രമേ ഈ ഇനത്തിന് ഉണ്ടാവുകയുള്ളു.
ഗോള്‍ഡന്‍ ഏക്കര്‍ ( Golden Acre): മധുരമുള്ള ഇനത്തില്‍പ്പെട്ട കാബേജാണിത്. നല്ല സൂര്യപ്രകാശത്തിലാണ് വളരുന്നത്. ജൈവവളവും കമ്പോസ്റ്റും നല്‍കാം.
ജനുവരി കിങ്ങ് (January King): വലിയ പച്ചനിറത്തിലുള്ളതും പര്‍പ്പിള്‍ നിറത്തിലുള്ളതുമായ ഇലകളോടുകൂടിയ കരുത്തുള്ള ഇനമാണിത്. പാചകാവശ്യത്തിന് പലരും ഏറെ ഇഷ്ടപ്പെടുന്ന ഈ ഇനം പറിച്ചെടുത്ത് കുറേക്കാലം സൂക്ഷിക്കാവുന്നതാണ്. 2.5 കിലോ ഭാരമുള്ള കാബേജ് വിളവെടുക്കാം. 150 മുതല്‍ 200 വരെ ദിവസങ്ങളെടുത്താണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. തോട്ടത്തില്‍ അലങ്കാരമായും ഈ കാബേജ് വളര്‍ത്താറുണ്ട്.
ലേറ്റ് ഫ്‌ളാറ്റ് ഡച്ച് (Late flat dutch): വളരെ വലുപ്പമുള്ള കാബേജുകള്‍ ഉണ്ടാകുന്ന ഇനമാണിത്. ഏകദേശം ഏഴ് കിലോ ഭാരമുണ്ടാകും. മങ്ങിയ പച്ച നിറത്തിലുള്ള ഇലകളാണ്. വലിയ ഇനമായതുകൊണ്ടുതന്നെ വിളവെടുക്കാന്‍ കൂടുതല്‍ കാലം ആവശ്യമാണ്. ചെടികള്‍ രണ്ടടി അകലത്തില്‍ കൃഷി ചെയ്യണം.
മാമത്ത് റെഡ് റോക്ക്( Mammoth Red Rock): നല്ല പര്‍പ്പിള്‍ നിറമുള്ള കാബേജിന് നാല് കിലോ വരെ ഭാരമുണ്ടാകും. 100 ദിവസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തുന്നത്.
റെഡ് ഏക്കര്‍ (Red Acre): തിളങ്ങുന്ന പര്‍പ്പിളും ചുവപ്പും കലര്‍ന്ന ഇലകളുള്ള കാബേജ് തോട്ടത്തില്‍ ആകര്‍ഷകവും അടുക്കളയില്‍ രുചികരമായ പച്ചക്കറിയുമാണ്. ഏകദേശം രണ്ട് കിലോ ഭാരമുള്ള കാബേജാണ്. 100 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം. സാലഡുകളില്‍ ഉപയോഗിക്കുന്ന മധുരമുള്ള ഇനമാണ്.
സാവോയ് പെര്‍ഫെക്ഷന്‍ ( Savoy perfection): മറ്റുള്ള കാബേജിനങ്ങളുടെ മിനുസമുള്ള തരത്തിലുള്ളതല്ലാതെ, ചുളിഞ്ഞ രീതിയില്‍ കാണപ്പെടുന്ന ഇലകളാണ് പ്രത്യേകത. 90 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.