ചായ തയ്യാറാക്കിയാല്‍ ടീ ബാഗ് വലിച്ചെറിയണ്ട; ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം

ബ്ലാക്ക് ടീ, വൈറ്റ് ടീ, ഗ്രീന്‍ ടീ എന്നിവയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം ടീ ബാഗുകള്‍ ആസിഡ് അടങ്ങിയ മണ്ണില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചില പ്രത്യേക ചെടികള്‍ക്ക് വളമായി ഉപയോഗപ്പെടുത്താം. 

tea bag for your garden

ചായപ്രേമികള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ തോട്ടത്തില്‍ ഉപകാരപ്രദമായ പലതും ചെയ്യാം. നമ്മള്‍ ചായ തയ്യാറാക്കിയ ശേഷം വലിച്ചെറിയുന്ന ടീ ബാഗുകള്‍ക്ക് വേറെയും ചില ഉപയോഗങ്ങളുണ്ട്. പൂന്തോട്ടത്തില്‍ ചെടികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

ടീ ബാഗുകള്‍ പലതരമുണ്ട്. ബ്ലാക്ക് മിന്റ്, പെപ്പര്‍മിന്റ്, ഐസ്ഡ് ടീ ബാഗ്, ഹെര്‍ബല്‍ ടീ ബാഗ്, ലിപ്ടണ്‍ ഗ്രീന്‍ ടീ ബാഗ് എന്നിങ്ങനെ ഏതായാലും വീണ്ടും നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. പഞ്ചസാരയും ക്രീമുമൊന്നും കലര്‍ത്തിയ ടീ ബാഗുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

രാവിലെ ചായ കഴിച്ച ശേഷം ടീ ബാഗ് നല്ല വൃത്തിയുള്ള പാത്രത്തില്‍ ശേഖരിച്ച് വെക്കണം. ബാഗ് മുഴവനായോ അല്ലെങ്കില്‍ അതിനുള്ളിലുള്ള ചായപ്പൊടിയോ ഉപയോഗപ്പെടുത്താം. നല്ല ജൈവവളമായി മാറ്റാന്‍ പറ്റിയതാണ് ഇത്തരം ബാഗുകള്‍. ഈ ബാഗും കമ്പോസ്റ്റ് ആയി മാറും. ഈര്‍പ്പം ശേഖരിക്കാന്‍ കഴിവുള്ള ഇവ കമ്പോസ്റ്റ് നിര്‍മാണം ത്വരിതഗതിയിലാക്കും. പോളിപ്രൊപ്പിലിന്‍ ഉപയോഗിച്ചുള്ള ടീ ബാഗുകള്‍ കമ്പോസ്റ്റ് നിര്‍മാണത്തിന് ഉപയോഗിക്കരുത്.

tea bag for your garden

നിങ്ങളുടെ പൂന്തോട്ടത്തിലെ പുല്‍ത്തകിടിയിലും ഇത്തരം ബാഗുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചില സ്ഥലങ്ങളില്‍ പുല്ലുകളില്ലാതെ കാണപ്പെടാറുണ്ട്. പുല്‍ത്തകിടിയില്‍ കൂടുതലായി ചവിട്ടി നടക്കുമ്പോഴോ വരള്‍ച്ച കാരണമോ ചില അസുഖങ്ങള്‍ കാരണമോ ഇങ്ങനെ പുല്ല് വളരാതെ തരിശായി നില്‍ക്കുന്ന സ്ഥലങ്ങളുണ്ടാകും. ഇവിടെ ഉപയോഗശേഷമുള്ള ഈര്‍പ്പമുള്ള ടീ ബാഗ് വെച്ച ശേഷം പുല്ലിന്റെ വിത്ത് വിതച്ചാല്‍ മതി. ബാഗ് ക്രമേണ അഴുകുകയും പുല്ല് നന്നായി വളരുകയും ചെയ്യും.

ബ്ലാക്ക് ടീ, വൈറ്റ് ടീ, ഗ്രീന്‍ ടീ എന്നിവയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം ടീ ബാഗുകള്‍ ആസിഡ് അടങ്ങിയ മണ്ണില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചില പ്രത്യേക ചെടികള്‍ക്ക് വളമായി ഉപയോഗപ്പെടുത്താം. ഒരു രാത്രി മുഴുവനും ടീ ബാഗുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഈ വെള്ളം ഹൈഡ്രേഞ്ചിയ, ഫേണ്‍ എന്നീ ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.

ചെടികള്‍ പെട്ടെന്ന് പൂവിടാനും വളര്‍ച്ച കൂട്ടാനും പറ്റിയ ഒരു മാര്‍ഗമുണ്ട്. അയേണ്‍ ഗുളികകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങി പൗഡര്‍ രൂപത്തിലാക്കുക. ഇത് നന്നായി തേയിലയുമായി യോജിപ്പിച്ച് വെള്ളത്തില്‍ കലര്‍ത്തുക. നന്നായി അലിയുന്നതുവരെ അനക്കാതെ വെക്കുക. അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ ഇത് മണ്ണിലേക്ക് നേരിട്ട് ഒഴിച്ചു കൊടുക്കാം. ഇന്‍ഡോര്‍ പ്ലാന്റായാലും പൂന്തോട്ടത്തിലെ ചെടിയായാലും ഇത് നല്‍കാവുന്നതാണ്. കുറച്ച് ആഴ്ചകള്‍ കൊണ്ട് ചെടികള്‍ അയേണ്‍ അംശം വലിച്ചെടുക്കുകയും ആരോഗ്യത്തോടെ വളര്‍ന്ന് പൂവിടുകയും ചെയ്യും. 

Latest Videos
Follow Us:
Download App:
  • android
  • ios