ചെടികൾ ഇഷ്ടമാണോ? ഇതാ, നിങ്ങളുടെ പൂന്തോട്ടത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങള്‍
കുറ്റിച്ചെടിയായാലും പൂച്ചെടിയായാലും ആവശ്യത്തിന് വായുസഞ്ചാരം ആവശ്യമാണ്. അതുപോലെ ശാഖകളും വേരുകളും വളരാനായി ധാരാളം സ്ഥലവും അനുവദിക്കണം.
ഏതു തരത്തില്‍പ്പെട്ട ചെടികള്‍ പൂന്തോട്ടത്തില്‍ വളര്‍ത്തിയാലും സാധാരണയായി പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. എങ്ങനെയാണ് ശരിയായ രീതിയില്‍ തോട്ടം പരിപാലിക്കേണ്ടതെന്ന് അറിയാതെയാണ് നമ്മള്‍ ചെടി നടുന്നതും പുതയിടല്‍ നടത്തുന്നതും കൊമ്പുകോതല്‍ നടത്തുന്നതുമെല്ലാം. പൂന്തോട്ടത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വേരുകളുടെ സമീപം ആവശ്യത്തില്‍ക്കൂടുതല്‍ പുതയിടല്‍
ആവശ്യത്തില്‍ക്കൂടുതല്‍ അളവില്‍ പുതയിടുന്ന വസ്തുക്കളുപയോഗിച്ചാല്‍ ഈര്‍പ്പം കൂടുകയും തണ്ടുകള്‍ ചീഞ്ഞു പോകാനും സാധ്യതയുണ്ട്. പ്രാണികളെയും അസുഖങ്ങളെയും ക്ഷണിച്ചു വരുത്താനും ഇത് കാരണമാകും. ചെടികളുടെ വേരുകളില്‍ നിന്നും അല്‍പം അകലെയായി വെറും രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ മാത്രമേ പുതയിടല്‍ നടത്താവൂ.
പരാഗണകാരികളെ ആകര്‍ഷിക്കുന്ന പൂക്കള്‍ വളര്‍ത്താതിരിക്കല്‍
പൂക്കളും വിത്തുകളുമുണ്ടാകണമെങ്കില്‍ പരാഗണം നടക്കണം. ചില ചെടികളില്‍ സ്വപരാഗണം നടക്കും. പക്ഷേ, ഭക്ഷ്യയോഗ്യമായ പല ചെടികളിലും പരാഗണകാരികള്‍ വഴിയാണ് പ്രത്യുത്പാദനം നടക്കുന്നത്. ബ്ലൂ ബെറി, ആപ്പിള്‍, തക്കാളി, തണ്ണിമത്തന്‍ എന്നിവയിലെല്ലാം പരാഗണം നടക്കാന്‍ തേനീച്ചകളും വണ്ടുകളും പൂമ്പാറ്റകളുമെല്ലാം പൂമ്പൊടി ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.
പരാഗണകാരികളെ ആകര്‍ഷിക്കുന്ന പൂച്ചെടികളെ പച്ചക്കറികളും പഴങ്ങളും വളര്‍ത്തുന്ന തോട്ടത്തില്‍ നട്ടുപിടിപ്പിക്കണം.
ശരിയായ സ്ഥലത്ത് ചെടി വളര്‍ത്താതിരിക്കല്‍
തണല്‍ ഇഷ്ടപ്പെടുന്ന ചെടികളെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടുവളര്‍ത്തിയാല്‍ കാര്യമുണ്ടോ? ചെടികള്‍ വാങ്ങുമ്പോള്‍ എത്ര സൂര്യപ്രകാശം ആവശ്യമുണ്ടെന്നും എവിടെ വളര്‍ത്തണമെന്നുമെല്ലാം അറിയണം.
ചെടികള്‍ തമ്മില്‍ ആവശ്യത്തിന് അകലം നല്‍കാതിരിക്കല്‍
കുറ്റിച്ചെടിയായാലും പൂച്ചെടിയായാലും ആവശ്യത്തിന് വായുസഞ്ചാരം ആവശ്യമാണ്. അതുപോലെ ശാഖകളും വേരുകളും വളരാനായി ധാരാളം സ്ഥലവും അനുവദിക്കണം. വളരെ അടുത്ത് ചെടികള്‍ നടുമ്പോള്‍ അസുഖങ്ങള്‍ പകരാനുള്ള സാധ്യത മാത്രമല്ല, വിളവെടുപ്പും ഗണ്യമായി കുറയും.
ഒരേ തരത്തിലുള്ള ചെടികള്‍ ഒരേ നിരയില്‍ വളര്‍ത്തുന്നത്
ഒരേ ഇനം ചെടികള്‍ ഒരേ നിരയില്‍ വളര്‍ത്തുന്നത് പലരുടെയും ഹോബിയാണ്. എന്നാല്‍, ഇത് നല്ല ആശയമല്ല. കീടങ്ങളും അസുഖങ്ങളും ബാധിച്ചാല്‍ ആ നിരയിലുള്ള മുഴുവന്‍ ചെടികളും നശിക്കും.
വ്യത്യസ്ത തരം ചെടികളെ ഇടകലര്‍ത്തി നടണം. ഉദ്യാനത്തിന് കൂടുതല്‍ ഭംഗി നല്‍കാനും ഉപകാരികളായ പക്ഷികള്‍ക്കും പ്രാണികള്‍ക്കും അനൂകൂലമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാനും ഇത് സഹായിക്കും.
വളരെ നേരത്തെ കൊമ്പുകോതല്‍ നടത്തുന്നത്
ചില പൂച്ചെടികള്‍ നേരത്തേ വളര്‍ന്ന തണ്ടിലായിരിക്കും പൂവിടുന്നത്. മറ്റു ചിലത് പുതിയ വളര്‍ച്ചയുണ്ടായ തണ്ടില്‍ പൂക്കള്‍ വിടരുന്നവയാണ്. വളരെ നേരത്തേ കൊമ്പുകോതല്‍ നടത്തിയാല്‍ പൂമൊട്ടുകളാണ് മുറിച്ചുമാറ്റിക്കളയുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ഏതു കാലത്താണ് പൂക്കളുണ്ടാകുന്നതെന്ന് ധാരണയില്ലെങ്കില്‍ കൊമ്പുകോതല്‍ നടത്താതെ പൂവിടുന്നതിനായി കാത്തിരിക്കുന്നതാണ് നല്ലത്.
നടാനുള്ള കുഴിയില്‍ പുതിയ നടീല്‍ മിശ്രിതം നിറയ്ക്കുന്നത്
തോട്ടത്തില്‍ കുഴിയെടുത്ത് നടാനായി തയ്യാറാക്കുമ്പോള്‍ പുതിയതായി തയ്യാറാക്കിയ നടീല്‍ മിശ്രിതം കുഴികളില്‍ നിറയക്കരുത്. വേരുകള്‍ ചുറ്റിലേക്കും പടര്‍ന്ന് വളരാന്‍ അനുവദിക്കാതെ കുഴിയില്‍ തന്നെയാകാനും ആരോഗ്യമില്ലാത്ത മരങ്ങളും കുറ്റിച്ചെടികളുമുണ്ടാകാന്‍ കാരണമാകുകയും ചെയ്യും. ചെടി നട്ടു കഴിഞ്ഞാല്‍ കുഴിയില്‍ നിന്ന് നേരത്തേ പുറത്തെടുത്ത അതേ മണ്ണ് തന്നെ നിറയ്ക്കണം.