അത്യപൂർവയിനം ചൈനീസ് തവളയെ അരുണാചൽപ്രദേശിൽ കണ്ടെത്തി ശാസ്ത്രജ്ഞർ

1981 -ൽ ചൈനയിലെ ടിബറ്റിലാണ് ശാസ്ത്രജ്ഞർ ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്.

rare frog species belonging to china found in arunachal pradesh by ZSI

തവാങ് : ചൈനയിലെ ടിബറ്റ് പ്രവിശ്യയിൽ ജനിതകമായ വേരുകളുള്ള ഒരു വിശേഷയിനം തവളയെ അരുണാചൽ പ്രദേശിലെ തവാങിൽ കണ്ടെത്തിയിരിക്കുകയാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജൈവശാസ്ത്രജ്ഞർ. നാനോരാന കൊണേൻസിസ്‌ (Nanorana conaensis) എന്ന അത്യപൂർവ്വയിനം തവളയെയാണ് സമുദ്രനിരപ്പിൽ നിന്ന് 2844 മീറ്റർ ഉയരത്തിലുള്ള തവാങിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച പുറത്തിറങ്ങിയ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മാസികയിലാണ് ഈ വിവരം പരാമർശിച്ചു കൊണ്ടുള്ള ലേഖനം പുറത്തിറങ്ങിയിരിക്കുന്നത്. തവാങിലെ ഖ്രെംതെങ് ഗ്രാമത്തിലെ ഒരു വാട്ടർ ടാങ്കിന്റെ ചുവട്ടിൽ നിന്നാണ് ഈ തവളയെ ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. 

"1981 -ൽ ചൈനയിലെ ടിബറ്റിലാണ് ശാസ്ത്രജ്ഞർ ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്. 2018 -ലും ചില ശാസ്ത്രജ്ഞർ ഇതിനെ അരുണാചലിൽ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അന്ന് ആധികാരികമായ തെളിവുകൾ ലഭ്യമായിരുന്നില്ല. "  റിപ്പോർട്ടിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റായ ഭാസ്കർ സൈകിയ പറഞ്ഞു. "പിന്നീടാണ് ഇതിന്റെ സ്പെസിമെനുകൾ ശേഖരിക്കപ്പെട്ടതും തന്മാത്രാതലത്തിലുള്ള പഠനങ്ങൾ നടത്തപ്പെട്ടതും.  ചൈനയിൽ ജനിതക വേരുകളുള്ള ഈ ജീവിവർഗ്ഗത്തിന്റെ ഇന്ത്യയിലെ സാന്നിധ്യം തെളിയിക്കുന്ന ആദ്യത്തെ ആധികാരിക പഠനമാണ് ഇത്. " അദ്ദേഹം പറഞ്ഞു. 

പൂർണ വളർച്ച എത്തിയാൽ ഇതിന് 5 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാകും. അരുവികൾ, കുളങ്ങൾ, ചളിക്കുണ്ടുകൾ, പാറക്കെട്ടുകൾ തുടങ്ങിയ ഇടങ്ങളാണ് ഇവയുടെ ആവാസ സ്ഥാനമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ കണ്ടെത്തലോടെ പ്രസ്തുത തവള വർഗ്ഗത്തിന്റെ കിഴക്കൻ ആവാസാതിർത്തി ചൈനയിൽ നിന്ന് അരുണാചൽ പ്രദേശ് വരെ നീണ്ടിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios