പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി ചെടികള്‍ നല്‍കാം; ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
പാചകം ഇഷ്ടമുള്ളവര്‍ക്കാണ് സമ്മാനം നല്‍കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തന്നെ ഒരേതരത്തില്‍ കൂട്ടമായി വളര്‍ത്താവുന്ന ഔഷധസസ്യങ്ങള്‍ നല്‍കാവുന്നതാണ്. അതായത് റോസ്‌മേരി, കര്‍പ്പൂരതുളസി എന്നിവ ഒരേ പാത്രത്തില്‍ വളര്‍ത്തി നല്‍കാം.
നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നല്‍കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് ചെടികള്‍. സ്വാഭാവികമായ മനോഹാരിത നിലനിര്‍ത്തി അന്തരീക്ഷം ശുദ്ധീകരിക്കുന്ന ചെടികള്‍ ഇഷ്‍ടപ്പെടാത്തവര്‍ ആരും തന്നെയുണ്ടാകില്ല. പിറന്നാള്‍ സമ്മാനമായും വിവാഹ വാര്‍ഷിക സമ്മാനമായും ഇവ നല്‍കാവുന്നതാണ്. ഏതുതരം ചെടികളാണ് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയെന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ചില ചെടികള്‍ക്ക് അലര്‍ജിയുണ്ടാകാം. മറ്റുചിലത് വളര്‍ത്തുമൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും അപകടകരമായേക്കാം. ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചായിരിക്കണം പ്രിയപ്പെട്ടവര്‍ക്ക് ചെടികള്‍ സമ്മാനമായി നല്‍കുന്നത്. നിങ്ങള്‍ കൊടുക്കുന്ന ചെടികള്‍ എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ അത് കിട്ടുന്നവര്‍ക്ക് തലവേദനയായി മാറും.
ആദ്യമായി ചെടികള്‍ എവിടെയാണ് വളര്‍ത്തുന്നതെന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും തണുപ്പുള്ളതുമായ സ്ഥലത്തുള്ള വീടാണെങ്കില്‍ കാക്റ്റസ് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ ചെടികളുടെ വലുപ്പവും പരിഗണിക്കണം. സക്കുലന്റ്, കള്ളിച്ചെടികള്‍, ഐവി ചെടികള്‍, പോത്തോസ്, സാന്‍സിവേറിയ എന്നിവ സമ്മാനമായി നല്‍കാന്‍ യോജിച്ച ചെടിയാണ്. അതുപോലെ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും അപകടമില്ലാത്ത ചെടികളില്‍ ചിലതാണ് ആഫ്രിക്കന്‍ വയലറ്റ്, ക്രിസ്‍മസ് കാക്റ്റസ്, ഫ്രണ്ട്ഷിപ്പ് പ്ലാന്റ് എന്നിവ.
പാചകം ഇഷ്ടമുള്ളവര്‍ക്കാണ് സമ്മാനം നല്‍കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തന്നെ ഒരേതരത്തില്‍ കൂട്ടമായി വളര്‍ത്താവുന്ന ഔഷധസസ്യങ്ങള്‍ നല്‍കാവുന്നതാണ്. അതായത് റോസ്‌മേരി, കര്‍പ്പൂരതുളസി എന്നിവ ഒരേ പാത്രത്തില്‍ വളര്‍ത്തി നല്‍കാം. അതുപോലെ സലാഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇലച്ചെടികള്‍ ഒരു പാത്രത്തില്‍ കൂട്ടമായി വളര്‍ത്തി നല്‍കാം.
മൈക്രോഗ്രീന്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാവുന്ന മറ്റൊരു സമ്മാനമാണ്. ടെറേറിയവും അതുപോലെ തന്നെ ആകര്‍ഷകമായ സമ്മാനം തന്നെ.