പിസ്ത ജൈവരീതിയില്‍ നമുക്കും കൃഷി ചെയ്യാം; ആദ്യ വിളവെടുപ്പിനായി ഏഴ് വര്‍ഷങ്ങള്‍
പിസ്ത കൃഷി ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനം അനുകൂലമായ കാലാവസ്ഥ തന്നെയാണ്.
ഭക്ഷണാവസാനം വിളമ്പുന്ന മധുരവിഭവങ്ങളിലും പുഡ്ഡിങ്ങിലും കേക്കിലും പേസ്ട്രിയിലും ഐസ്‌ക്രീമിലുമൊക്കെ ഇന്ന് പിസ്ത അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഭക്ഷണപ്രേമികള്‍ ഇഷ്ടപ്പെടുന്ന ഉണങ്ങിയ പഴവര്‍ഗത്തില്‍പ്പെട്ട പിസ്ത ഉത്പാദിപ്പിക്കാനായി ജൈവരീതിയില്‍ സുസ്ഥിരമായതും പരിസ്ഥിതി സൗഹൃദപരമായതുമായ കൃഷിരീതി അവലംബിക്കുന്നവരുണ്ട്. ദീര്‍ഘകാലം ആയുസുള്ള ഈ മരം ഏകദേശം 300 വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന് പറയപ്പെടുന്നു. കൃഷി ചെയ്താല്‍ ഏകദേശം ഏഴ് മുതല്‍ 10 വര്‍ഷങ്ങളെടുത്താണ് കാര്യമായ ഉത്പാദനം നടക്കുന്നത്. ഏറ്റവും ഉയര്‍ന്ന വിളവ് ലഭിക്കുന്നത് ഏകദേശം 20 വര്‍ഷങ്ങളോടടുപ്പിച്ചാണ്. പലര്‍ക്കും ഏറെ പ്രിയപ്പെട്ട പിസ്ത കൃഷി ചെയ്ത് എങ്ങനെ വിളവെടുക്കാമെന്ന് നോക്കാം.
പിസ്റ്റാഷ്യ (പിസ്റ്റാസിയ) വേര (Pistacia vera) എന്നാണ് ഈ മരത്തിന്റെ ശാസ്ത്രനാമം. മധ്യേഷന്‍ സ്വദേശിയായ അണ്ടിപ്പരിപ്പ് വര്‍ഗത്തില്‍പ്പെട്ട പിസ്തയുടെ മരം ഏകദേശം 10 മീറ്ററോളം ഉയരത്തില്‍ വളരും. അനക്കാര്‍ഡിയാസി സസ്യകുടുംബത്തിലെ അംഗമായ പിസ്ത മുന്തിരിക്കുലകളെപ്പോലെ കൂട്ടത്തോടെ കായ്ച്ചു നില്‍ക്കും. തണ്ടിന്റെ രണ്ടുവശങ്ങളിലുമായി ജോഡികളായാണ് ഇലകളുണ്ടാകുന്നത്. വളരെ ചെറുതും ബ്രൗണ്‍ കലര്‍ന്ന പച്ച നിറത്തിലുമുള്ള പൂക്കളാണ്. അകത്ത് പരിപ്പോടു കൂടിയ മാംസളമായ പഴമാണ് ഈ മരത്തിലുണ്ടാകുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ കായകളുടെ പുറംതോട് പൊട്ടുമ്പോഴാണ് പിസ്ത പുറത്തെടുത്ത് ഭക്ഷ്യയോഗ്യമാക്കുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിസ്ത ഉത്പാദിപ്പിക്കുന്നത് ഇറാനിലാണ്. യു.എസ്.എ, ചൈന, സിറിയ എന്നിവിടങ്ങളിലും ഉയര്‍ന്ന വിളവെടുപ്പ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ ജമ്മുവിലും കാശ്മീരിലുമാണ് പിസ്ത ഉയര്‍ന്ന തോതില്‍ ഉത്പാദിപ്പിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലും പിസ്ത വളര്‍ത്തി വിളവെടുക്കുന്നുണ്ട്. മെക്‌സിക്കോ, അരിസോണ, ടെക്‌സാസ് എന്നിവിടങ്ങളിലും പിസ്ത ഉത്പാദിപ്പിക്കുന്നുണ്ട്. പൊതുവേ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ വളരെ നന്നായി വളരുന്ന ഈ മരം കാലിഫോര്‍ണിയ, ലെബനന്‍, സിറിയ, ഇറാന്‍, ടര്‍ക്കി, ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
പിസ്ത കൃഷി ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനം അനുകൂലമായ കാലാവസ്ഥ തന്നെയാണ്. ചൂടുകാലത്ത് 36 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയുള്ള സ്ഥലത്തും തണുപ്പുകാലത്ത് ഏകദേശം ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍ കുറയാത്ത സ്ഥലത്തുമാണ് ഈ മരം വളരാന്‍ അനുകൂലമായ കാലാവസ്ഥ നിലനില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലത്ത് അതിശൈത്യത്തില്‍ കൃഷി ചെയ്യാന്‍ പറ്റാത്ത വിളയാണിത്.
നല്ല നീര്‍വാര്‍ച്ചയുള്ളതും അല്‍പം മണല്‍ കലര്‍ന്നതുമായ മണ്ണാണ് വളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. മണ്ണിന്റെ പി.എച്ച് മൂല്യം ഏഴിനും 7.8 -നും ഇടയിലുള്ള സ്ഥലത്താണ് ഉയര്‍ന്ന ഗുണനിലവാരമുള്ള പിസ്ത വിളവെടുക്കാന്‍ കഴിയുന്നത്. ഉയര്‍ന്ന ക്ഷാരാംശമുള്ള മണ്ണാണ് ഏറ്റവും യോജിച്ചത്. ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. ബഡ്ഡിങ്ങ് വഴി പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. പാത്രത്തില്‍ മുളപ്പിച്ച തൈകള്‍ കൃഷിസ്ഥലത്തേക്ക് മാറ്റിനടുമ്പോള്‍ ഒരിഞ്ച് താഴ്ത്തി നടണം. സാധാരണ മരങ്ങള്‍ തമ്മില്‍ 6 x 6 മീറ്റര്‍ അകലം നല്‍കി ഗ്രിഡ് പാറ്റേണിലാണ് പിസ്ത കൃഷി ചെയ്യുന്നത്. പഴങ്ങളുണ്ടാകാനായി ആണ്‍-പെണ്‍ ചെടികള്‍ ഒരുമിച്ചാണ് നടുന്നത്. ആണ്‍ പൂക്കളും പെണ്‍ പൂക്കളും വ്യത്യസ്ത മരങ്ങളിലാണുണ്ടാകുന്നത്. പരാഗങ്ങളുടെ ലഭ്യത കുറയുന്നതു കാരണം വിളവ് കുറയുകയും ചെയ്യും. ഒരു ആണ്‍ മരത്തില്‍ നിന്ന് ഏകദേശം എട്ടോ പത്തോ പെണ്‍മരങ്ങളില്‍ പരാഗങ്ങള്‍ പതിപ്പിച്ച് പ്രത്യുത്പാദനം നടത്താനായി തയ്യാറാക്കാം.
നന്നായി വിളവ് ലഭിക്കാന്‍ ജൈവവളമായി ചാണകപ്പൊടി തന്നെയാണ് ഉപയോഗിക്കുന്നത്. പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അഭാവമുണ്ടായാല്‍ വിത്തുത്പാദനം ഗണ്യമായി കുറയും. അതിനാല്‍ എന്‍.പി.കെ മിശ്രിതം വര്‍ഷത്തില്‍ രണ്ടുതവണകളായി നല്‍കാറുണ്ട്. ആദ്യത്തെ തവണ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലും രണ്ടാമത്തെ തവണയായി ഏപ്രില്‍-മെയ് മാസങ്ങളിലുമാണ് വളപ്രയോഗം നടത്താറുള്ളത്.
ബഡ്ഡിങ്ങ് വഴി കൃഷി ചെയ്യുന്ന മരങ്ങളാണെങ്കില്‍ ഏകദേശം അഞ്ച് വര്‍ഷങ്ങളെടുത്താണ് പഴങ്ങളുത്പാദിപ്പിക്കുന്നത്. നട്ടുവളര്‍ത്തി 12 വര്‍ഷമാകാതെ ഉയര്‍ന്ന അളവില്‍ വിളവ് ലഭിക്കുകയില്ല. മരത്തിന്റെ ശാഖകള്‍ പിടിച്ച് കുലുക്കിയാല്‍ പിസ്തയുടെ പഴങ്ങള്‍ താഴെ വീഴും. വ്യാവസായികമായി വിളവെടുക്കുമ്പോള്‍ രണ്ടുതരം യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മരം കുലുക്കി കായകള്‍ താഴെ വീഴ്ത്തി ആവശ്യാനുസരണം ശേഖരിക്കുന്നത്.