പ്രിയപ്പെട്ട ചെടികളുടെ ഇലകള്‍ കടലാസുപോലെ വരണ്ടുണങ്ങിയോ? വിഷമിക്കേണ്ട, കാരണങ്ങള്‍ അറിഞ്ഞ് പരിപാലിക്കാം
വളം അമിതമായി ചെടികള്‍ക്ക് നല്‍കിയാലും ഇലകള്‍ കടലാസ് പോലെ വരണ്ട് കാണപ്പെടും. അമിതമായ വളപ്രയോഗം വേരുകളെ കരിയിച്ചുകളയുകയും ചെടിയെ ഉണക്കുകയും ചെയ്യും.
ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന പൂച്ചെടികളുടെ ഇലകള്‍ നീര് വറ്റി കടലാസ് പോലെ ചിലപ്പോള്‍ കാണപ്പെടാറുണ്ട്. പലപ്പോഴും വീട്ടിനകത്ത് ശ്രദ്ധയോടെ പരിപാലിക്കുന്ന ചെടികളുടെ ഇലകളിലും നിറം മാറ്റം സംഭവിച്ച് ഉണങ്ങി ചുരുണ്ടുപോകാറുണ്ട്. ആറ്റുനോറ്റ്, ഏറെയിഷ്ടത്തോടെ പരിപാലിക്കുന്ന ചെടികളാവും മിക്കവാറും നമ്മുടെ ചെടിച്ചട്ടികളിൽ. അതുകൊണ്ട് തന്നെ ഇങ്ങനെ നിറം മാറ്റം സംഭവിക്കുന്നതും ഉണങ്ങി ചുരുണ്ട് നശിച്ചു പോകുന്നതും കാണുമ്പോൾ സഹിക്കാനാവില്ല അല്ലേ? മാത്രമല്ല, ചെടികൾ വർത്താനുള്ള ഇഷ്ടം പോലും ചിലപ്പോൾ ഇല്ലാതായേക്കാം. എന്നാൽ, അങ്ങനെ വിഷമിക്കേണ്ട എല്ലാത്തിനും പരിഹാരം ഉണ്ട് എന്നാണല്ലോ? അതുപോലെ ഈ നിറം മാറ്റത്തിനും കാരണമുണ്ട്. അത് പരിഹരിക്കാനുള്ള പ്രതിവിധിയും. ഏതായാലും, ഇലകളുടെ ആരോഗ്യം നഷ്ടപ്പടാനുള്ള ചില കാരണങ്ങള്‍ മനസിലാക്കിയാല്‍ ചെടികള്‍ പൂര്‍ണ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കാം.
ഈര്‍പ്പം കുറയുന്നത്
ഇലകളുടെ അറ്റത്താണ് ആദ്യം ഉണങ്ങിയതായി കാണപ്പെടുന്നത്. പിന്നീട് മുഴുവനായി ഉണങ്ങി ചുരുണ്ട് പോകുന്നു. ഇത് സാധാരണയായി ചൂടുള്ള കാലാവസ്ഥയില്‍ അന്തരീക്ഷം വരണ്ടിരിക്കുമ്പോഴാണ് സംഭവിക്കുന്നത്. ചെടികള്‍ക്ക് നല്‍കുന്ന വെള്ളം വേരുകള്‍ വഴി വലിച്ചെടുക്കുന്നതിന് മുമ്പ് ബാഷ്പീകരണം നടക്കുന്നു. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ഇലകള്‍ക്ക് കുളിര്‍മ നഷ്ടമാകുകയും പെട്ടെന്ന് കരിഞ്ഞുപോകുകയും ചെയ്യും. അത് ഇവിടെയും സംഭവിക്കാം.
അമിതമായ ഈര്‍പ്പം
ഈർപ്പം കുറയുന്നത് പോലെ തന്നെ ഈര്‍പ്പം അമിതമായാലും ഇലകള്‍ കരിഞ്ഞുപോകും. മണ്ണില്‍ ഈര്‍പ്പം ആവശ്യത്തില്‍ കൂടുതലുണ്ടാകുമ്പോള്‍ ഓക്‌സിജന്‍ നഷ്ടമാകുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ വേരുകള്‍ വഴി ഓക്‌സിജന്‍ ലഭ്യമാകാതെ ഇലകള്‍ വരണ്ടുണങ്ങിപ്പോകും. അതുപോലെ വേരുചീയല്‍ ബാധിച്ചാല്‍ തണ്ടുകള്‍ അഴുകിയതു പോലെയോ വെള്ളം നിറഞ്ഞ പോലെയോ കാണപ്പെടാം. അതായത് ഈർപ്പം അമിതമാകുന്നതും പ്രശ്നമാണ് എന്ന് തന്നെ.
പൗഡറി മില്‍ഡ്യു
ഇലകള്‍ വരണ്ടുണങ്ങാനുള്ള മറ്റൊരു കാരണമാണ് കുമിള്‍ രോഗമായ പൗഡറി മില്‍ഡ്യു. ഇലകളുടെ പുറത്ത് വെളുത്ത പൊടി പോലുള്ള പദാര്‍ഥം കാണാം. അന്തരീക്ഷം ചൂടുള്ളതും ആര്‍ദ്രതയുമുള്ളതുമാകുമ്പോള്‍ ഇത് കാണപ്പെടാറുണ്ട്. വളരെ കുറച്ച് ഇലകളില്‍ മാത്രമേ ഈ പ്രശ്‌നം കാണപ്പെടുന്നുള്ളുവെങ്കില്‍ അത്തരം ഇലകള്‍ പറിച്ചുകളയുന്നത് തന്നെയാണ് നല്ലത്. പൗഡറി മില്‍ഡ്യു പെട്ടെന്ന് മറ്റിലകളിലേക്ക് പടര്‍ന്ന് പിടിക്കുന്നതാണ്. ചെടികള്‍ തമ്മില്‍ ആവശ്യത്തിന് അകലം നല്‍കി വായു സഞ്ചാരം ഉറപ്പുവരുത്തണം. അമിതമായി നനയ്ക്കാനും വളപ്രയോഗം നടത്താനും പാടില്ല. അതും ശ്രദ്ധിക്കണം.
അമിത വളപ്രയോഗം
വളം അമിതമായി ചെടികള്‍ക്ക് നല്‍കിയാലും ഇലകള്‍ കടലാസ് പോലെ വരണ്ട് കാണപ്പെടും. അമിതമായ വളപ്രയോഗം വേരുകളെ കരിയിച്ചുകളയുകയും ചെടിയെ ഉണക്കുകയും ചെയ്യും. നിര്‍ദേശാനുസരണം മാത്രമേ വളം നല്‍കാവൂ. മിക്കവാറും ചെടികളില്‍ നേര്‍പ്പിച്ച് ലായനിയായി നല്‍കുന്നതാണ് നല്ലത്. അതുപോലെ തണുപ്പുകാലത്ത് പല ചെടികള്‍ക്കും വളം നല്‍കരുത്. ഇക്കാര്യവും ശ്രദ്ധിക്കാം.
വെള്ളത്തിന്റെ ഗുണനിലവാരം
വീട്ടിനകത്ത് വളര്‍ത്തുന്ന പല ചെടികളും ക്ലോറിനോടും മറ്റ് ധാതുക്കളോടും പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. ഇലകള്‍ ബ്രൗണ്‍ നിറമാകാനും പുള്ളിക്കുത്തുകള്‍ കാണപ്പെടാനും ചെടി തന്നെ നശിച്ചുപോകാനും വെള്ളത്തിന്റെ ഗുണനിലവാരത്തിലുള്ള വ്യത്യാസം കാരണമാകുന്നുണ്ട്. പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു രാത്രി ബക്കറ്റില്‍ വെള്ളം പിടിച്ച് വെച്ചതിനു ശേഷം ക്ലോറിന്റെ അംശം ഇല്ലാതാക്കി ചെടികള്‍ക്ക് നല്‍കാം. അതുപോലെ തണുത്ത വെള്ളവും പല ചെടികളെയും ഹാനികരമായി ബാധിക്കുന്നുണ്ട്. അതിനാൽ തണുത്ത വെള്ളവും ക്ലോറിന്റെ അംശമുള്ള വെള്ളവും ഒഴിവാക്കാനും ശ്രദ്ധിക്കാം.