മത്സ്യത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ കളയണ്ട, കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കാം
കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ക്കുമ്പോള്‍ മണ്ണിന്റെ ഘടനയില്‍ തന്നെ ആരോഗ്യകരമായ മാറ്റമുണ്ടാകുകയും വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യും. മണ്ണൊലിപ്പ് തടയുകയെന്നതാണ് കമ്പോസ്റ്റ് നിര്‍മാണത്തിന്റെ മറ്റൊരു ഗുണം.
മത്സ്യത്തില്‍ നിന്നുണ്ടാക്കുന്ന ദ്രാവകരൂപത്തിലുള്ള വളം വീട്ടുമുറ്റത്തുള്ള പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ഏറെ ഉപകാരിയാണ്. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കാറുണ്ട്. എന്നാല്‍, മത്സ്യം ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിച്ചിട്ടുണ്ടോ? അതുപോലെ മാംസത്തിന്റെ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കാവുന്നതാണോ?
മുറിച്ചതിനുശേഷം ബാക്കിവന്ന കഷണങ്ങളും മത്സ്യാവശിഷ്ടങ്ങളുമെല്ലാം പോഷകഗുണമുള്ള കമ്പോസ്റ്റ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്താം. മത്സ്യത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴിവാക്കാനായി സംസ്‌കരിച്ച് പൂച്ചകള്‍ക്കുള്ള ഭക്ഷണമുണ്ടാക്കാനും ഹൈഡ്രോളിസിസ് വഴി ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ ഉണ്ടാക്കാനുമാണ് സാധാരണ ശ്രമിക്കുന്നത്. വേവിച്ച് ബാക്കി വന്ന ഇറച്ചിയും ചെടികള്‍ക്ക് വളമാക്കി മാറ്റാം. ഇനി മുതല്‍ വീട്ടില്‍ കമ്പോസ്റ്റ് നിര്‍മിക്കാനായി ഒരു പാത്രം കൂടി കരുതാം.
മത്സ്യാവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് ആക്കിമാറ്റുമ്പോള്‍ സസ്യങ്ങളുടെ അവശിഷ്ടങ്ങളും ഒപ്പം ചേര്‍ക്കാറുണ്ട്. മരങ്ങളുടെ കഷണങ്ങള്‍, ഇലകള്‍, തടികള്‍, ശാഖകള്‍ എന്നിവയെല്ലാം കമ്പോസ്റ്റ് പാത്രത്തില്‍ നിക്ഷേപിക്കാം. സൂക്ഷ്മജീവികള്‍ മത്സ്യത്തെ വിഘടിപ്പിക്കുമ്പോള്‍ ധാരാളം ചൂടും പുറത്ത് വരും. ഈ ചൂട് മത്സ്യ കമ്പോസ്റ്റ് പാസ്ചുറൈസ് ചെയ്യാന്‍ സഹായിക്കുന്നു. അതുപോലെ ദുര്‍ഗന്ധം ഇല്ലാതാക്കാനും രോഗാണുക്കളെ നശിപ്പിക്കാനും ഈ ചൂട് സഹായിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം കിട്ടുന്ന വളക്കൂറുള്ള വസ്തു പോഷകപ്രദമായ കമ്പോസ്റ്റ് ആയി ഉപയോഗപ്പെടുത്താം.
മത്സ്യക്കമ്പോസ്റ്റിന് ആവശ്യം കാര്‍ബണ്‍, നൈട്രജന്‍ എന്നിവയാണ്. വെള്ളവും വായുവും അത്യാവശ്യമാണ്. 60 ശതമാനത്തോളം വെള്ളവും 20 ശതമാനത്തോളം ഓക്‌സിജനും കമ്പോസ്റ്റ് നിര്‍മാണപ്രക്രിയയില്‍ അത്യാവശ്യമാണ്. അതുപോലെ പി.എച്ച് മൂല്യം 6 -നും 8.5 -നും ഇടയിലായിരിക്കണം. 54 മുതല്‍ 65 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള കമ്പോസ്റ്റ് പാത്രമാണ് ഒരുക്കേണ്ടത്. 10 ക്യൂബിക് ഫീറ്റ് ഉള്ള കമ്പോസ്റ്റ് കൂമ്പാരമാണ് ഏറ്റവും ചുരുങ്ങിയ അളവായി പരിഗണിക്കുന്നത്. വിഘടന പ്രക്രിയയില്‍ അല്‍പം ദുര്‍ഗന്ധം തോന്നിയേക്കാമെങ്കിലും സാധാരണയായി ഇത് സംഭവിക്കുന്നത് പാത്രത്തിന്റെ ഏറ്റവും അടിയിലായാണ്.
കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ക്കുമ്പോള്‍ മണ്ണിന്റെ ഘടനയില്‍ തന്നെ ആരോഗ്യകരമായ മാറ്റമുണ്ടാകുകയും വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യും. മണ്ണൊലിപ്പ് തടയുകയെന്നതാണ് കമ്പോസ്റ്റ് നിര്‍മാണത്തിന്റെ മറ്റൊരു ഗുണം. കളിമണ്ണ് കലര്‍ന്ന മണ്ണില്‍ കമ്പോസ്റ്റ് ചേര്‍ത്താല്‍ പശിമ കുറയുകയും ചെടികളുടെ വേരുകള്‍ പെട്ടെന്ന് വളര്‍ന്ന് വ്യാപിച്ച് മണ്ണ് പിടിച്ച് നിര്‍ത്തുന്നതിനാല്‍ മണ്ണൊലിപ്പ് തടയാനും സഹായിക്കും. സൂക്ഷ്മ പോഷകങ്ങളും നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും കോപ്പറും സിങ്കുമെല്ലാം മണ്ണില്‍ കലര്‍ത്താന്‍ കമ്പോസ്റ്റിന് കഴിയും. ഇതെല്ലാം കൂടിയാണ് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നത്.
വേവിച്ച ഇറച്ചിയാണ് പച്ചയിറച്ചിയേക്കാള്‍ എളുപ്പത്തില്‍ വിഘടനം സംഭവിക്കുന്നത്. മാംസത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള നൈട്രജനും വിഘടനം എളുപ്പമാക്കുന്നു. പലരും ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കാത്തത് കീടങ്ങളും എലി, നായ മുതലായവയുടെ ഉപദ്രവവും കാരണമാണ്. കമ്പോസ്റ്റ് കൂമ്പാരത്തില്‍ കീടാണുക്കളെ കൊല്ലാനുള്ള ചൂട് നിലനില്‍ക്കുന്നില്ലെങ്കില്‍ രോഗം പരത്താനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവില്‍ മാത്രം മാംസം കമ്പോസ്റ്റ് നിര്‍മിക്കുന്ന പാത്രത്തില്‍ ചേര്‍ത്താല്‍ മതി. അടുക്കളയിലെ മറ്റുള്ള അവശിഷ്ടങ്ങളും ഇലകളും പച്ചക്കറികളുടെ അവശിഷ്ടങ്ങളുമൊക്കെ ചേര്‍ക്കുന്നതിനുള്ളിലേക്കായി മാംസവും നിക്ഷേപിച്ചാല്‍ പ്രശ്‌നമുണ്ടാകുന്നില്ല.