ലിച്ചിപ്പഴത്തോട് സാമ്യമുള്ള ലോംഗന്‍ പഴം; കുലകളായി വളരുന്ന മധുരമുള്ള പഴങ്ങള്‍
ചൂടുള്ളതും മഴയും തണുപ്പും ലോംഗന്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും പൂക്കളുണ്ടാകുന്നത് കുറയുകയും പഴങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുകയും ചെയ്യും.
ലിച്ചിപ്പഴത്തിന്റെ ഉള്‍ഭാഗം പോലെ വെളുത്ത മാംസളമായ ലോംഗന്‍ പഴത്തിന് ഇളം മധുരമാണ്. പൊരിപ്പൂവം, ചെമ്പുന്ന, ചോളപ്പൂവം എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഡിമോകാര്‍പ്പസ് ലോംഗന്‍ എന്നാണ്. സാപ്പിന്‍ഡേസേ സസ്യകുടുംബത്തിലെ അംഗമായ ലോംഗന്‍ പഴത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാം.
ചെറിയ പൂക്കള്‍ക്ക് ബ്രൗണ്‍ കലര്‍ന്ന മഞ്ഞ നിറമുള്ള ഇതളുകളാണ്. ഒരിഞ്ച് വണ്ണത്തിലുള്ള വൃത്താകൃതിയിലുള്ള പഴങ്ങള്‍ കുലകളായി തൂങ്ങിക്കിടക്കും. തണുത്ത കാലാവസ്ഥയില്‍ വളരാന്‍ പ്രയാസമാണ്. മണ്ണിന്റെ ഗുണമനുസരിച്ച് 100 അടിയോളം വളരുന്ന മരമാണിത്. സാധാരണയായി 40 അടി വരെ മാത്രം ഉയരത്തിലാണ് വളരുന്നത്. ശാഖകള്‍ നീളമുള്ളതും തടിച്ചതുമാണ്. ഇലകള്‍ക്ക് 8 ഇഞ്ചോളം വലുപ്പവും രണ്ട് ഇഞ്ച് വീതിയുമുണ്ടാകും.
വിവിധ ഇനങ്ങള്‍
ലോംഗന്‍ മരത്തില്‍ പലവിധ ഇനങ്ങളുണ്ട്. ലോകത്താകമാനം 40 ഇനങ്ങള്‍ മാത്രമേ വ്യാവസായികമായി കൃഷി ചെയ്യുന്നുള്ളു. പലപല പുതിയ ഇനങ്ങളും പരീക്ഷണക്കൃഷി നടത്തി വരികയാണ്. ഡോവ്, ചൊമ്പൂ, ബ്യൂ ക്യൂ എന്നിവ ഇത്തരത്തിലുള്ള പുതിയ ഇനങ്ങളാണ്. ഡയമണ്ട് റിവര്‍ എന്ന ഇനം അടുത്തകാലത്തായി കണ്ടെത്തിയതാണ്. എല്ലാ വര്‍ഷവും പഴങ്ങളുണ്ടാകുന്ന ഇനമാണിത്.
ഫു യാന്‍ (ലക്കി ഐ) - 18 ഗ്രാം ഉള്ള പഴത്തിന് നേരിയ തൊലിയും ചെറിയ കുരുക്കളുമാണ്. ദീര്‍ഘകാലം സൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഇനമാണിത്.
വു ലോങ്ങ് ലൈന്‍ ( ബ്ലാക്ക് ഡ്രാഗണ്‍ പീക്ക്) - 15 ഗ്രാം വലുപ്പമുള്ള കട്ടി കൂടിയ തൊലിയുള്ള ഇനമാണിത്. മധുരമുള്ള രുചിയാണ്.
വു യാന്‍ ( ബ്ലാക്ക് റൗണ്ട്) - ഇടത്തരം വലുപ്പമാണ്. വിത്തുകള്‍ക്ക് വലുപ്പം കൂടുതലാണ്. നല്ല മൃദുലമായ പഴമാണ്.
അനുയോജ്യമായ കാലാവസ്ഥയും മണ്ണും
വിവിധ തരത്തിലുള്ള മണ്ണില്‍ വളരുന്നതാണ് ഈ വൃക്ഷം. മണല്‍ കലര്‍ന്ന മണ്ണില്‍ നന്നായി വളരും. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലുള്ള പ്രദേശത്ത് വളരും.
ചൂടുള്ളതും മഴയും തണുപ്പും ലോംഗന്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും പൂക്കളുണ്ടാകുന്നത് കുറയുകയും പഴങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുകയും ചെയ്യും.
പൂക്കാലത്ത് പെയ്യുന്ന മഴ പൂക്കള്‍ കൊഴിഞ്ഞു പോകാന്‍ ഇടവരുത്തുകയും പരാഗണം നടക്കാതിരിക്കാന്‍ കാരണമാകുകയും ചെയ്യും. ചെടിയുടെ ഇളം ഇലകള്‍ ശക്തമായ കാറ്റില്‍ ദുര്‍ബലമായിപ്പോകും.
എയര്‍ ലെയറിങ്ങാണ് ഏറ്റവും സാധാരണമായി കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. വിത്ത് മുളപ്പിച്ചും കൃഷി ചെയ്യാം. എയര്‍ ലെയറിങ്ങ് നടത്താന്‍ അനുയോജ്യമായ സമയം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ്. 12 ദിവസത്തിനുള്ളില്‍ വേര് പിടിച്ചു വരും.
വിത്ത് മുളപ്പിക്കാനായി നാല് ദിവസം തണലത്ത് വെച്ച് ഉണക്കണം. രണ്ട് സെ.മീ കൂടുതല്‍ ആഴത്തില്‍ വിത്ത് നടാന്‍ പാടില്ല. 10 ദിവസത്തിനുള്ളില്‍ വിത്ത് മുളയ്ക്കും.
ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നീ രീതികള്‍ വഴിയും ലോംഗന്‍ ചെടി വളര്‍ത്തിയെടുക്കാം. വിത്ത് മുളപ്പിച്ചാല്‍ 8 വര്‍ഷമെങ്കിലും വളര്‍ച്ചയെത്തിയാല്‍ മാത്രമാണ് പഴങ്ങളുണ്ടാകുന്നതെന്നതുകൊണ്ട് ഈ രീതി കൂടുതലായി ആരും സ്വീകരിക്കുന്നില്ല. എന്നാല്‍, എയര്‍ ലെയറിങ്ങ് വഴി വളര്‍ത്തുമ്പോള്‍ 90 ശതമാനം വിജയമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
മറ്റുള്ള ചെടികളില്‍ നിന്നും 25 അടി അകലത്തിലായിരിക്കണം ഓരോ ചെടിയും നടേണ്ടത്. മഴക്കാലം തുടങ്ങുമ്പോഴാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. മണ്ണില്‍ ജൈവവളങ്ങളും ഫോസ്‌ഫേറ്റ് അടങ്ങിയ വളങ്ങളുമാണ് ചേര്‍ക്കേണ്ടത്.
പൂര്‍ണവളര്‍ച്ചയെത്തി പഴുത്ത ശേഷമാണ് പഴങ്ങള്‍ വിളവെടുക്കുന്നത്. വിളവെടുത്ത പഴം തണുപ്പുള്ള സ്ഥലത്ത് വെക്കണം. പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഒരു മരത്തില്‍ നിന്ന് 120 കി.ഗ്രാം വരെ പഴങ്ങള്‍ ഒരു വര്‍ഷം ലഭിക്കും. എയര്‍ ലെയറിങ്ങ് വഴി കൃഷി ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷം കൊണ്ട് പഴങ്ങള്‍ ലഭിക്കും.