ഈ പന ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം; വായു ശുദ്ധീകരിക്കാനും സഹായിക്കും...
മണ്ണ് വരണ്ടതാകുമ്പോള്‍ നനയ്ക്കണം. വീട്ടിനകത്ത് പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ വെള്ളം ഒഴിച്ചാല്‍ പൂര്‍ണമായും വാര്‍ന്നുപോകുന്നത് ശേഖരിച്ച് മാറ്റണം.
കടുംപച്ച നിറത്തില്‍ ഫാനിന്റെ ആകൃതിയിലുള്ള ഇലകളുള്ള ലേഡി പാം (Rhapis Excelsa) പൂന്തോട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ പ്രത്യേക ഭംഗിയാണ്. കൂട്ടത്തോടെ വളര്‍ത്തിയാല്‍ കൂടുതല്‍ ആകര്‍ഷകമായ ഒരിനം പനയാണിത്. ആറ് മുതല്‍ 12 അടി വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി നല്ലൊരു ഇന്‍ഡോര്‍ പ്ലാന്റ് കൂടിയാണ്.
ദക്ഷിണ ചൈനയാണ് ഈ പനയുടെ ജന്മദേശം. വീതിയുള്ള ഇലകളോട് കൂടി വളരുമെന്നതാണ് പ്രത്യേകത. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍ വളര്‍ച്ചാനിരക്ക് കുറവായിരിക്കും. പ്രകൃതിദത്തമായ രീതിയില്‍ വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ചെടിയുമാണ്.
രണ്ടുതരത്തിലുള്ള ലേഡി പാം നഴ്‌സറികളില്‍ ലഭ്യമാണ്. വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന ഒരിനം പനയില്‍ ചെടിയുടെ താഴെ മുതല്‍ മുകള്‍ഭാഗം വരെ നിറയെ ഇലകളാണ്. മറ്റൊരിനം പന കട്ടി കുറഞ്ഞതും കൂടുതല്‍ ഉയരത്തില്‍ വളരുന്നതുമാണ്. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വളര്‍ത്തുന്നതാണ് നല്ലത്. 27 ഡിഗ്രി സെല്‍ഷ്യസിനുള്ളിലുള്ള താപനിലയിലാണ് ഇവ നന്നായി വളരുന്നത്.
മണ്ണ് വരണ്ടതാകുമ്പോള്‍ നനയ്ക്കണം. വീട്ടിനകത്ത് പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ വെള്ളം ഒഴിച്ചാല്‍ പൂര്‍ണമായും വാര്‍ന്നുപോകുന്നത് ശേഖരിച്ച് മാറ്റണം. ഇല്ലെങ്കില്‍ താഴെ ശേഖരിക്കുന്ന വെള്ളത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കപ്പെടും. ഓരോ രണ്ടു വര്‍ഷം കഴിയുമ്പോഴും പാത്രത്തില്‍ നിന്നും മാറ്റി അല്‍പം വലിയ പാത്രത്തില്‍ മണ്ണ് നിറച്ച് മാറ്റി നടണം.
വളം അമിതമായി നല്‍കരുത്. വേനല്‍ക്കാലത്ത് ദ്രാവകരൂപത്തിലുള്ള വളം നല്‍കുന്നതാണ് ഏറ്റവും നല്ലത്. നന്നായി പരിചരിച്ചാല്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന പനയാണിത്. വീടിന് പുറത്ത് വളര്‍ത്തുമ്പോള്‍ മഞ്ഞനിറത്തിലുള്ള പൂക്കളുണ്ടാകാറുണ്ട്. ഇവയ്ക്ക് പൂര്‍ണമായതോ ഭാഗികമായതോ ആയ തണലാണ് ആവശ്യം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ജൈവവളം നല്‍കിയാണ് വളര്‍ത്തേണ്ടത്.
ചൂട് കൂടുതലാകുമ്പോള്‍ ഇലകളുടെ അറ്റം ബ്രൗണ്‍ നിറത്തിലാകും. ഇത്തരം ഇലകള്‍ പറിച്ചു മാറ്റണം. ഇലകള്‍ക്ക് നല്ല പച്ചനിറമാണെങ്കില്‍ ആവശ്യത്തിന് വളം നല്‍കിയെന്ന് മനസിലാക്കാം. എന്നാല്‍, മഞ്ഞ കലര്‍ന്ന നിറമാകുമ്പോള്‍ പോഷകാംശങ്ങല്‍ ലഭിക്കുന്നില്ലെന്ന് മനസിലാക്കണം.