കടകളില്‍ നിന്ന് വാങ്ങുന്ന വെളുത്തുള്ളിയും മുളപ്പിക്കാം; ഇലകളും ഭക്ഷ്യയോഗ്യം തന്നെ
ഇത് വളര്‍ത്തുന്നതിന് മുമ്പായി 7.6 സെ.മീ കനത്തില്‍ കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ക്കണം. 2.5 മുതല്‍ 5 സെ.മീ വരെ ആഴത്തില്‍ അല്ലികള്‍ കുഴിച്ചിടാം. കൂര്‍ത്ത ഭാഗം മുകളിലേക്ക് വരത്തക്കവിധമായിരിക്കണം.
വെളുത്തുള്ളി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നിങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പലചരക്കു കടകളില്‍ നിന്നും വാങ്ങുന്ന വെളുത്തുള്ളി മുളപ്പിച്ച് കൃഷി ചെയ്യാന്‍ പറ്റുമോ? അതെ, എന്നാണുത്തരം. അതുപോലെ വീട്ടിനകത്ത് വളര്‍ത്തിയാലും പുറത്ത് വളര്‍ത്തിയാലും വെളുത്തുള്ളിയുടെ രുചിയോട് സാമ്യമുള്ള ഇലകളും ഭക്ഷിക്കാവുന്നതാണ്.
പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ ഏകദേശം ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വെളുത്തുള്ളി ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസ് വയറിലെ അസുഖങ്ങള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും വെളുത്തുള്ളി ഔഷധമായി ഉപയോഗിച്ചിരുന്നു. പുരാതന ഒളിമ്പിക്‌സ് അത്‌ലറ്റുകള്‍ പ്രകടനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനുമായി വെളുത്തുള്ളി കഴിച്ചിരുന്നു.
കടകളില്‍ നിന്ന് വാങ്ങുന്ന വെളുത്തുള്ളി അല്ലി വേര്‍പെടുത്തി കൂര്‍ത്ത ഭാഗം മുകളിലേക്ക് വരത്തക്കവിധം മണ്ണില്‍ കുഴിച്ചിടണം. തൊലി കളയാതെ വേര്‍പെടുത്തണം. ഇത്തിരി മണ്ണ് മുകളില്‍ ഇട്ട് മൂടണം. ഓരോ അല്ലികളും തമ്മില്‍ ഏകദേശം 7.6 സെ.മീ അകലം നല്‍കിയായിരിക്കണം നടേണ്ടത്. മൂന്ന് ആഴ്ചകള്‍ കഴിഞ്ഞാല്‍ മുള പൊട്ടിവരുന്നത് കാണാവുന്നതാണ്.
നല്ല തണുപ്പുള്ള പ്രദേശമാണെങ്കില്‍ പുതയിടല്‍ നടത്തി ചൂട് നിലനിര്‍ത്തണം. പക്ഷേ, ചൂട് കാലാവസ്ഥ വരുമ്പോള്‍ ഇത് ഒഴിവാക്കാന്‍ മറക്കരുത്. കൃത്യമായ വെള്ളമൊഴിക്കാനും കളകള്‍ പറിച്ചുമാറ്റാനും ശ്രദ്ധിക്കണം. വെളുത്തുള്ളി വളര്‍ന്ന് പൂര്‍ണവളര്‍ച്ചയെത്താന്‍ ഏകദേശം ഏഴ് മാസങ്ങളെടുക്കും. ഇലകളുടെ അറ്റം ബ്രൗണ്‍ നിറമാകാന്‍ തുടങ്ങുമ്പോള്‍ വെള്ളം ഒഴിക്കുന്നത് നിര്‍ത്തണം. ഉണങ്ങാന്‍ അനുവദിക്കണം. രണ്ടാഴ്ച കാത്തുനിന്ന ശേഷം വളരെ ശ്രദ്ധയോടെ മണ്ണില്‍ നിന്നും വെളുത്തുള്ളി ഇളക്കിയെടുക്കാം.
പര്‍പ്പിള്‍ സ്ട്രിപ് ഗാര്‍ലിക്
തൊലിയില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പാടുകളോ പുള്ളികളോ കാണപ്പെടുന്ന തരത്തിലുള്ള വെളുത്തുള്ളിയുമുണ്ട്. ഇത്തരം വെളുത്തുള്ളിയില്‍ ഒരു ബള്‍ബില്‍ 12 അല്ലികള്‍ കാണപ്പെടും. ഇത് ഏത് തരത്തിലുള്ള കാലാവസ്ഥയിലും വളരുന്നതാണ്.
ഇത് വളര്‍ത്തുന്നതിന് മുമ്പായി 7.6 സെ.മീ കനത്തില്‍ കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ക്കണം. 2.5 മുതല്‍ 5 സെ.മീ വരെ ആഴത്തില്‍ അല്ലികള്‍ കുഴിച്ചിടാം. കൂര്‍ത്ത ഭാഗം മുകളിലേക്ക് വരത്തക്കവിധമായിരിക്കണം. ഉണങ്ങിയ ഇലകള്‍ കൊണ്ട് ഈ സ്ഥലത്ത് പുതയിടാം. മുള പൊട്ടിയാല്‍ പുതയിട്ട ഇലകള്‍ ഒഴിവാക്കണം.
പര്‍പ്പിള്‍ വെളുത്തുള്ളിയിലുള്ള ഇനങ്ങളാണ് ബെലാറസ്, പേര്‍ഷ്യന്‍ സ്റ്റാര്‍, സെലെസ്‌റ്റെ, സൈബീരിയന്‍, റഷ്യന്‍ ജെയ്ന്റ് മാര്‍ബിള്‍, പര്‍പ്പിള്‍ ഗ്ലേസര്‍, ചെസ്‌നോക് റെഡ് എന്നിവ.