രുചിയുള്ള പഴമാണ് ലൊക്കോട്ട് അഥവാ ജാപ്പനീസ് മെഡ്‌ലര്‍; മഴക്കാലത്ത് കൃഷി ചെയ്യാം
മണ്‍സൂണ്‍ കാലത്താണ് തൈകള്‍ വളര്‍ത്തുന്നത്. എന്നിരുന്നാലും ആവശ്യത്തിന് ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതുകാലത്തും വളര്‍ത്താവുന്നതാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാനായി കുഴികള്‍ തയ്യാറാക്കിയാല്‍ രണ്ടോ മൂന്നോ ആഴ്ചയോളം സൂര്യപ്രകാശം ലഭിക്കാനായി തുറന്നിടണം.
മധുരവും നേരിയ പുളിയുമുള്ള രുചിയോടുകൂടി ആകര്‍ഷകമായ നിറത്തില്‍ വിളഞ്ഞ് നില്‍ക്കുന്ന കായകളാണ് ലൊക്കോട്ട് എന്ന മരത്തില്‍ നിന്ന് ലഭിക്കുന്നത്. അഞ്ച് മീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ മരം ജപ്പാനിലും ചൈനയിലും തായ്‍വാനിലും കൊറിയയിലുമാണ് പ്രധാനമായി വളരുന്നത്. ഇന്ത്യയില്‍ ഈ പഴം അറിയപ്പെടുന്നത് ജാപ്പനീസ് മെഡ്‌ലര്‍ എന്നും ജപ്പാന്‍ പ്ലം എന്നുമാണ്.
ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഡല്‍ഹിയിലും ആസ്സാമിലും ഹിമാചല്‍ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് വ്യാവസായികമായി ഈ പഴം ഉത്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഹൈറേഞ്ചിലെ കാലാവസ്ഥയാണ് ഈ മരം വളര്‍ത്താന്‍ യോജിച്ചത്.
ലൊക്കോട്ട് പഴത്തിന് നിരവധി ഗുണങ്ങളുണ്ട്. ചര്‍മത്തിന്റെ ആരോഗ്യം നന്നായി നിലനിര്‍ത്താനും കാഴ്ചശക്തി വര്‍ധിപ്പിക്കാനും രക്തസമര്‍ദ്ദം നിയന്ത്രിക്കാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനുമെല്ലാം ഈ പഴം സഹായിക്കുന്നു. റോസേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം എറിയോബോട്രിയ ജപ്പോണിക്ക എന്നാണ്.
വര്‍ഷത്തില്‍ 100 സെ.മീ മഴ പെയ്യുന്ന സ്ഥലങ്ങളിലാണ് കൃഷി ചെയ്യാന്‍ നല്ലത്. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്ന സ്ഥലങ്ങളിലും അമിതമായ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലും ഈ ചെടി വളരാറില്ല.
എയര്‍ ലെയറിങ്ങ് നടത്തി ഉണ്ടാക്കുന്ന തൈകളാണെങ്കില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് ചെടി വളരുന്നത്. ഈ പഴത്തിന് നിരവധി ഇനങ്ങളുണ്ട്. ഇവ ഓരോന്നും പല പല സമയങ്ങളിലാണ് വിളവെടുക്കുന്നത്.
ഗോള്‍ഡന്‍ യെല്ലോ, ഇംപ്രൂവ്ഡ് ഗോള്‍ഡന്‍ യെല്ലോ, മങ്ങിയ മഞ്ഞ നിറം, ലാര്‍ജ് റൗണ്ട് എന്നിവയാണ് വളരെ നേരത്തേ വിളവെടുക്കുന്ന ഇനങ്ങള്‍. സഫേദ, ഫയര്‍ ബോള്‍, ലാര്‍ജ് ആഗ്ര എന്നീ ഇനങ്ങള്‍ വിളവെടുക്കാനുള്ള സ്ഥിരം സീസണ്‍ പകുതി ആകുമ്പോഴേക്കും മൂത്ത് പഴുക്കുന്നവയാണ്. സീസണ്‍ കഴിഞ്ഞാല്‍ മൂത്ത് പഴുത്ത് വിളവെടുക്കുന്നവയാണ് തനാക്ക, കാലിഫോര്‍ണിയ അഡ്വാന്‍സ് എന്നീ ഇനങ്ങള്‍.
മണ്‍സൂണ്‍ കാലത്താണ് തൈകള്‍ വളര്‍ത്തുന്നത്. എന്നിരുന്നാലും ആവശ്യത്തിന് ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതുകാലത്തും വളര്‍ത്താവുന്നതാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാനായി കുഴികള്‍ തയ്യാറാക്കിയാല്‍ രണ്ടോ മൂന്നോ ആഴ്ചയോളം സൂര്യപ്രകാശം ലഭിക്കാനായി തുറന്നിടണം. പിന്നീട് കമ്പോസ്റ്റും ചാണകപ്പൊടിയും ചേര്‍ത്ത് കുഴി മൂടാവുന്നതാണ്. ഒരു ഹെക്ടറില്‍ 200 മുതല്‍ 300 വരെ തൈകള്‍ വളര്‍ത്താം. പഴയീച്ചയും പക്ഷികളുമാണ് പ്രധാനമായുമുള്ള ശത്രുക്കള്‍. ധാരാളം വളം ആവശ്യമുള്ള ചെടിയാണിത്. ഒരു വര്‍ഷത്തില്‍ ഒരു ചെടിക്ക് 40 കിലോ മുതല്‍ 50 കിലോ വരെ ജൈവവളം ആവശ്യമാണ്.
കൊമ്പുകോതല്‍ നടത്തിയാല്‍ ചെടി നല്ല ആകൃതിയില്‍ തന്നെ വളര്‍ത്തിയെടുക്കാം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. ജനുവരി മുതല്‍ ഫെബ്രുവരി വരെ പൂക്കളുണ്ടാകുന്നത് തുടരും. മൂന്ന് സമയങ്ങളിലായി പൂക്കളുണ്ടാകും. ഇതില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പൂക്കളുണ്ടാകുമ്പോഴാണ് ധാരാളം പഴങ്ങള്‍ ലഭിക്കുന്നത്.
നട്ടുവളര്‍ത്തിയാല്‍ മൂന്നാം വര്‍ഷം മുതലാണ് പഴങ്ങളുണ്ടാകുന്നത്. 15 വര്‍ഷങ്ങളാകുമ്പോഴേക്കും പരമാവധി വിളവ് ലഭിക്കും. പഴം മരത്തില്‍ നിന്ന് തന്നെ പൂര്‍ണവളര്‍ച്ചയെത്തണം. പഴമുണ്ടാകാന്‍ തുടങ്ങിയാല്‍ രണ്ടു മാസമെങ്കിലും എടുത്താണ് പഴങ്ങള്‍ മൂത്തുപാകമാകുന്നത്. ഒരു മരത്തിന്റെ ആയുസ്സില്‍ 15 മുതല്‍ 20 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കാറുണ്ട്.