പേരച്ചെടി വീട്ടിനകത്ത് വളര്‍ത്താം; ഇലകള്‍ക്കും ഔഷധഗുണം
ഒരാളുടെ പൊക്കത്തില്‍ പേരച്ചെടി നീളാന്‍ അനുവദിക്കരുത്. മുകള്‍ ഭാഗം മുറിച്ച് മാറ്റി കുറ്റിച്ചെടിയായി നിലനിര്‍ത്തണം. ജൈവവളം നല്‍കിയാല്‍ കായ്കള്‍ നന്നായി ഉണ്ടാകും.
തണുത്ത കാലാവസ്ഥയില്‍ ഇലകള്‍ കൊഴിഞ്ഞുപോകുന്ന പേരച്ചെടി ചെറിയ ചട്ടികളില്‍ വീട്ടിനകത്തും വളര്‍ത്താം. വിത്ത് മുളപ്പിച്ച് വളര്‍ത്തുന്ന ഇത്തരം ചെടികള്‍ക്ക് മാതൃസസ്യത്തിന്റെ ഗുണത്തില്‍ നിന്നും വ്യത്യാസമുണ്ടാകും. വിറ്റാമിന്‍ സി, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയ പേരക്കയുടെ ഇലകളും ഔഷധഗുണമുള്ളതാണ്. പേരയിലിട്ട് തിളപ്പിച്ച വെള്ള കവിള്‍ കൊണ്ടാല്‍ ജലദോഷവും തൊണ്ടവേദനയും ഒരു പരിധി വരെ ചെറുക്കാം. വീട്ടിനകത്ത് വളര്‍ത്തിയാല്‍ ഇലകള്‍ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്.
വിത്ത് മുളച്ചു വരുന്ന തൈകള്‍ നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെച്ചാല്‍ മതി. വിത്തു മുളപ്പിച്ചും ഗ്രാഫ്റ്റിങ്ങ് നടത്തിയും എയര്‍ ലെയറിങ്ങ് വഴിയും പേര വളര്‍ത്താം. മുളപ്പിക്കാനുള്ള എളുപ്പ വഴിയായി രണ്ടാഴ്ചയോളം വിത്തുകള്‍ ഇത്തിരി വെള്ളത്തില്‍ കുതിര്‍ത്തുവെച്ചാല്‍ മതി. രണ്ടാഴ്ച മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. തണുപ്പുകാലത്ത് വീട്ടിനകത്ത് അത്യാവശ്യം വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെച്ചാല്‍ മതി.
സാധാരണ മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും അടങ്ങിയ പോട്ടിങ്ങ് മിശ്രിതം തന്നെ മതി. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണായിരിക്കണം. വളരുന്ന ഘട്ടത്തില്‍ കൃത്യമായി നനയ്ക്കണം. തണുപ്പുകാലത്ത് വെള്ളത്തിന്റെ അളവ് കുറയ്ക്കണം. ദ്രാവകരൂപത്തിലുള്ള വളം നല്‍കുന്നതാണ് നല്ലത്.
ഒരാളുടെ പൊക്കത്തില്‍ പേരച്ചെടി നീളാന്‍ അനുവദിക്കരുത്. മുകള്‍ ഭാഗം മുറിച്ച് മാറ്റി കുറ്റിച്ചെടിയായി നിലനിര്‍ത്തണം. ജൈവവളം നല്‍കിയാല്‍ കായ്കള്‍ നന്നായി ഉണ്ടാകും.
സാധാരണയായി 30 അടി ഉയരത്തില്‍ വളരുന്ന ചെടിയാണിത്. നാലോ അഞ്ചോ വര്‍ഷമാകുമ്പോളാണ് പൂവിട്ട് കായ്ക്കാന്‍ തുടങ്ങുന്നത്. വേനല്‍ക്കാലത്തിന് മുമ്പായി കൊമ്പുകോതല്‍ നടത്തിക്കൊടുത്താല്‍ ചട്ടിയില്‍ ചെറിയ ചെടിയായിത്തന്നെ പേര മരം വളര്‍ത്താം. പഴങ്ങളുണ്ടാകുന്ന സാധ്യതയുമുണ്ട്. മീലി മൂട്ടയും വെള്ളീച്ചയുമാണ് പേരച്ചെടിയെ ആക്രമിക്കുന്ന കീടങ്ങള്‍. ഇലകളും പൂക്കളും നേര്‍ത്ത സുഗന്ധമുള്ളതും മനോഹരവുമാണ്.