ഈ ചെടി മടിയന്‍മാര്‍ക്കും വളര്‍ത്താം; വെള്ളവും വളവും നല്‍കാന്‍ മറന്നാലും പ്രശ്‌നമില്ല
നേരിട്ടല്ലാതെയുള്ള വെളിച്ചം കിട്ടുന്ന സ്ഥലങ്ങളിലാണ് സെഡ് സെഡ് ചെടി വളരാന്‍ ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും വളരെ കുറഞ്ഞ വെളിച്ചമുള്ള സ്ഥലത്തും വളരും. വളരെ കുറഞ്ഞ ഫ്ലൂറസെന്റ് വെളിച്ചം ലഭിക്കുന്ന ഓഫീസ് മുറികളിലും യോജിച്ച ചെടിയാണിത്.
മാസങ്ങളോളം പരിചരിക്കാന്‍ കഴിയാതെ വന്നാലും വളരെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ചെടികളെയായിരിക്കും പലര്‍ക്കും താല്‍പര്യം. ജോലിത്തിരക്കുകളും യാത്രകളുമെല്ലാം നമ്മുടെ സമയം അപഹരിക്കുമ്പോള്‍ പ്രിയപ്പെട്ട ചെടികളെ ശ്രദ്ധിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുണ്ട്. എന്നാല്‍, ചെടികള്‍ വളര്‍ത്തണമെന്ന അടങ്ങാത്ത ആഗ്രഹവും ഉണ്ടാകും. ഇങ്ങനെയുള്ളവര്‍ക്ക് വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും നട്ടുവളര്‍ത്താവുന്ന ചെടിയാണ് സെഡ് സെഡ് പ്ലാന്റ്. സാമിയോകള്‍ക്കസ് സാമിഫോളിയ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെടിയാണ് നമ്മള്‍ സെഡ് സെഡ് പ്ലാന്റ് എന്ന് വിളിക്കുന്നത്.
പ്രത്യേകിച്ച് പരിചരണവും സൂര്യപ്രകാശവും ഇല്ലാതെ തന്നെ എപ്പോഴും ആരോഗ്യത്തോടെ കാണപ്പെടുന്ന ഈ ചെടി ഓഫീസുകളില്‍ പലയിടങ്ങളിലും വളര്‍ത്താറുണ്ട്. ഓവല്‍ ആകൃതിയിലുള്ള ഇലകളാണിതിന്. തണ്ടുകള്‍ മാംസളമാണ്. മെഴുക് പോലുള്ള തിളങ്ങുന്ന ആവരണത്തിന് സമാനമായ രീതിയില്‍ ചെടിയില്‍ കാണപ്പെടുന്നത് കൊണ്ട് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയതാണോയെന്ന് സംശയം തോന്നാം. കൃത്രിമമായി ഉണ്ടാക്കിയ ചെടിയാണോ ഇതെന്ന് സംശയിക്കുന്നവര്‍ നിരവധിയാണ്.
നേരിട്ടല്ലാതെയുള്ള വെളിച്ചം കിട്ടുന്ന സ്ഥലങ്ങളിലാണ് സെഡ് സെഡ് ചെടി വളരാന്‍ ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും വളരെ കുറഞ്ഞ വെളിച്ചമുള്ള സ്ഥലത്തും വളരും. വളരെ കുറഞ്ഞ ഫ്ലൂറസെന്റ് വെളിച്ചം ലഭിക്കുന്ന ഓഫീസ് മുറികളിലും യോജിച്ച ചെടിയാണിത്.
നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വെച്ചാല്‍ ഇലകള്‍ക്ക് പൊള്ളലേറ്റപോലെ പാടുകള്‍ കാണാം. അതുപോലെ ഇലകള്‍ ചുരുളുകയും മഞ്ഞനിറം ബാധിക്കുകയും ചെയ്യുന്നതും അമിതമായ സൂര്യപ്രകാശം കാരണമാണ്. ഇലകള്‍ ചുരുളാന്‍ തുടങ്ങിയാല്‍ ചെടി തന്നെ സ്വയം സൂര്യപ്രകാശത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കണം. അപ്പോള്‍ ചെടിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റിവെക്കണം.
ഈ ചെടിയെ തനിച്ച് വിടുന്നതാണ് യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പരിചരണം. വളരെ കുറച്ച് വെള്ളം മാത്രം മതി. കൂടുതല്‍ വെള്ളം കിട്ടിയാല്‍ ഇലകള്‍ മഞ്ഞനിറമാകും. വേരുകള്‍ അഴുകാനും സാധ്യതയുണ്ട്. നനയ്ക്കാന്‍ മറന്നുപോകുന്നതാണ് ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. മാസങ്ങളോളം വെള്ളമില്ലെങ്കിലും വളരും. പക്ഷേ, പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് മിതമായ രീതിയില്‍ കൃത്യമായി നനയ്ക്കണം.
വളപ്രയോഗം നടത്തേണ്ട ആവശ്യമേയില്ല. മറവിയുള്ളവര്‍ക്കും മടിയന്‍മാര്‍ക്കും വളര്‍ത്താവുന്ന ചെടിയാണിതെന്ന് ചുരുക്കം.