ഞാവല്‍ കൃഷിയും ലാഭകരമാക്കാം; തുടക്കത്തില്‍ ഒരു മരത്തില്‍ ഒരു കി.ഗ്രാം പഴങ്ങള്‍

ബുഷ് രൂപത്തിലാണ് സാധാരണയായി ഞാവല്‍ച്ചെടി വളരുന്നത്. ആദ്യത്തെ ഒന്നുരണ്ടു വര്‍ഷത്തോളം കായകളുണ്ടാകാതെയാണ് പലരും വളര്‍ത്തുന്നത്. 

grow blueberry for profit

ബ്ലൂബെറി അഥവാ ഞാവല്‍പ്പഴം വെറുതെ പഴമായി കഴിക്കാനും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ബേക്ക് ചെയ്ത വിഭവങ്ങളിലും ജാം ഉണ്ടാക്കാനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. നല്ല പോഷകങ്ങളും ആരോഗ്യഗുണവുമുള്ള ഈ പഴം വടക്കേ അമേരിക്കന്‍ സ്വദേശിയാണ്. ഇന്ത്യയില്‍ ബ്ലൂബെറി കൃഷി വളരെ പരിമിതമാണെങ്കിലും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ പഴം വ്യാവസായികമായി വളര്‍ത്തി വിപണനം നടത്തിയാല്‍ കര്‍ഷകര്‍ക്ക് വന്‍ലാഭമുണ്ടാക്കാന്‍ കഴിയും.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ പഴം രക്തസമ്മര്‍ദം കുറയ്ക്കാനും പ്രമേഹത്തെ ചെറുക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനുമെല്ലാം സഹായിക്കുമെന്ന് പറയപ്പെടുന്നു. കലോറി മൂല്യം കുറവും പോഷകങ്ങളുടെ അളവ് കൂടുതലുമാണ്.

grow blueberry for profit

പലതരത്തിലുള്ള കാലാവസ്ഥാ വ്യതിയാനമുള്ള സ്ഥലത്തും ഞാവല്‍പ്പഴം വളരുന്നുണ്ട്. എന്നിരുന്നാലും നല്ല സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശത്ത് കൃഷി ചെയ്താലാണ് നല്ല വിളവ് ലഭിക്കാറുള്ളത്. ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങള്‍ നോക്കി വാങ്ങി കൃഷി ചെയ്യുന്നതാണ് നല്ലത്.

ഉയര്‍ന്ന അമ്ലഗുണമുള്ളതും ഈര്‍പ്പവും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണിലാണ് ഞാവല്‍ കൃഷി ചെയ്യുന്നത്. പി.എച്ച് മൂല്യം 4 -നും 5.5 -നും ഇടയിലായിരിക്കും. ഇതിനേക്കാള്‍ ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള മണ്ണാണെങ്കില്‍ ചെറിയ അളവില്‍ സള്‍ഫര്‍ ചേര്‍ത്ത് മണ്ണ് പാകപ്പെടുത്താം. മണ്ണ് പരിശോധന നടത്തിയശേഷം മാത്രമേ ഞാവല്‍ കൃഷി ചെയ്യാന്‍ പാടുള്ളൂ.

മൂന്ന് തരത്തിലുള്ള ഞാവല്‍ ഇനങ്ങളുണ്ട്. ഹൈ ബുഷ്, ലോ ബുഷ്, ഹൈബ്രിഡ് ഹാഫ് ബുഷ് എന്നിവയാണ് അവ. ഇതില്‍ത്തന്നെ നൂതനമായ ഇനങ്ങളാണ് ഡ്യൂക്, ടോറോ, മിസ്റ്റി നെല്‍സണ്‍, എലിസബത്ത്, കൊളുംബസ് പ്രീമിയര്‍, പൗഡര്‍ ബ്ലൂ ക്ലൈമാക്‌സ്, ബ്രൈറ്റ് വെല്‍, ബ്ലൂ ക്രോപ്, ബ്ലൂ റേ എന്നിവ.

കൃഷിഭൂമി ഉഴുതുമറിച്ച് കളകളെല്ലാം ഒഴിവാക്കണം. ഓരോ വരികളും തമ്മില്‍ 80 സെ.മീ അകലം നല്‍കിയാണ് നടുന്നത്. ജലസേചന സൗകര്യമുണ്ടെങ്കില്‍ ഏതു മാസത്തിലും ഞാവല്‍ നടാം. 3.5 ലിറ്റര്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാത്രത്തില്‍ വളര്‍ത്തിയെടുക്കുന്ന തൈകള്‍ ഒന്നോ രണ്ടോ വര്‍ഷത്തെ വളര്‍ച്ചയെത്തുമ്പോള്‍ പ്രധാന കൃഷിഭൂമിയിലേക്ക് പറിച്ചുനടാം. തണ്ടിന്റെ നീളം 15 സെ.മീ മുതല്‍ 25 സെ.മീ വരെയെങ്കിലും ആയിരിക്കണം. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് 10 ഇഞ്ച് ആഴത്തില്‍ കുഴി തയ്യാറാക്കിവെക്കണം. ഈ കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെ ചകിരിച്ചോറുമായും കമ്പോസ്റ്റുമായും തുല്യ അളവില്‍ യോജിപ്പിച്ച് ഉപയോഗിക്കാം.

ബുഷ് രൂപത്തിലാണ് സാധാരണയായി ഞാവല്‍ച്ചെടി വളരുന്നത്. ആദ്യത്തെ ഒന്നുരണ്ടു വര്‍ഷത്തോളം കായകളുണ്ടാകാതെയാണ് പലരും വളര്‍ത്തുന്നത്. പൂമൊട്ടുകള്‍ വിടരുന്നതിന് മുമ്പ് നുള്ളിക്കളഞ്ഞാല്‍ വളര്‍ച്ച നിയന്ത്രിക്കാം. വളര്‍ച്ചയുടെ ആദ്യത്തെ നാല് വര്‍ഷങ്ങളില്‍ പ്രൂണിങ്ങ് നടത്തേണ്ട ആവശ്യമില്ല. അഞ്ച് വര്‍ഷം പ്രായമായ ചെടിയില്‍ ഓരോ വര്‍ഷവും കൊമ്പുകോതല്‍ നടത്താം.

കീടങ്ങളെയും അസുഖങ്ങളെയും പ്രതിരോധിച്ച് വളരാന്‍ കഴിവുള്ള ചെടിയാണിത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണിത്. പഴങ്ങളുണ്ടാകാന്‍ തുടങ്ങുമ്പോള്‍ ചെടികള്‍ക്ക് ചുറ്റും വലകള്‍ വിരിച്ച് സംരക്ഷിക്കേണ്ടതാണ്.

പറിച്ചുനട്ട ഉടന്‍ തന്നെ ജലസേചനം നടത്തണം. മഴവെള്ളമാണ് പൈപ്പുവെള്ളത്തേക്കാള്‍ നല്ലത്. പുതയിടല്‍ നടത്തിയാല്‍ മണ്ണിലെ ജലനഷ്ടം കുറയ്ക്കാനും കളകളെ നിയന്ത്രിക്കാനും സഹായകമാകും. മരത്തിന്റെ താഴ്ഭാഗത്തുണ്ടാകുന്ന പഴങ്ങള്‍ പറിച്ചുകളഞ്ഞാല്‍ വേരുകള്‍ക്ക് കൂടുതല്‍ ശക്തിയുണ്ടാക്കാന്‍ കഴിയും. അമ്ലഗുണമുള്ള മണ്ണ് ഇഷ്ടപ്പെടുന്നതിനാല്‍ അമോണിയം സള്‍ഫേറ്റ്, അമോണിയം നൈട്രേറ്റ് എന്നിവയടങ്ങിയ വളങ്ങളാണ് നല്ലത്.

grow blueberry for profit

വളര്‍ച്ചയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസണിലാണ് പഴങ്ങള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നത്. ഒരു വര്‍ഷത്തില്‍ ഒരിക്കലാണ് കായകളുണ്ടാകുന്നത്. വിളവെടുത്ത ശേഷം പഴങ്ങളുണ്ടായ ഭാഗങ്ങള്‍ മരത്തില്‍ നിന്ന് ഒഴിവാക്കും. സാധാരണയായി ആഗസ്റ്റിലും സെപ്റ്റംബറിലുമാണ് വിളവെടുപ്പ് നടത്തുന്നത്. പഴങ്ങള്‍ നീലനിറമായ ഉടനെ തന്നെ പറിച്ചെടുക്കാതെ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. വിളവെടുക്കാന്‍ പാകമായാല്‍ പഴങ്ങള്‍ സ്വാഭാവികമായി തന്നെ താഴെ വീഴും.

മണ്ണിന്റെ ഇനവും ജലസേചന സൗകര്യവും കാലാവസ്ഥയും ആശ്രയിച്ചാണ് വിളവും ലഭിക്കുന്നത്. ആദ്യ വിളവെടുപ്പില്‍ ഒരു മരത്തില്‍ നിന്ന് ഏകദേശം ഒരു കി.ഗ്രാം പഴങ്ങളാണ് കണക്കാക്കുന്നത്. ഓരോവര്‍ഷം കഴിയുന്തോറും ഇരട്ടി വിളവെടുപ്പ് നടത്താം. പരമാവധി 10 കി.ഗ്രാം പഴങ്ങളാണ് ഒരു മരത്തില്‍ നിന്ന് ലഭിക്കുന്നത്. ഒരിക്കല്‍ കൃഷി ചെയ്താല്‍ ഏകദേശം 25 വര്‍ഷങ്ങളോളം പഴങ്ങള്‍ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios