കഷ്ടപ്പാടിന് പ്രകൃതിയുടെ കിടിലന്‍ 'സർപ്രൈസ്', അമ്പരന്ന് കർഷക കുടുംബം, ഒരു ചുവടിൽ വിളഞ്ഞത് 8 കിലോ ഇഞ്ചി
സാധാരണ ഒരു ചുവട്ടിൽ അരക്കിലോ ഇഞ്ചി വരെയാണ് വിളയുന്നത്. ഇഞ്ചിയുടെ തണ്ടിനും ആറടിയിലേറെ പൊക്കമുണ്ടായിരുന്നുവെന്നാണ് അനിൽ കുമാർ വിശദമാക്കുന്നത്.
കട്ടപ്പന: ഏറെ കഷ്ടപ്പാടിന് ഇടയിൽ വിളവെടുപ്പ് കാലമെന്നത് കർഷകനെ സംബന്ധിച്ച് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്. അത്തരത്തിൽ ഒരാണ്ടിന്റെ പരിശ്രമത്തിന് പ്രകൃതി ഒരുക്കിയ സർപ്രൈസിൽ അമ്പരന്ന് നിൽക്കുകയാണ് ഇടുക്കി കട്ടപ്പനയിലെ ഒരു കർഷക കുടുംബം. ഇഞ്ചിയുടെ ഒരു ചുവട്ടിൽ നിന്ന് എട്ട് കിലോ ഇഞ്ചിയാണ് ഈ കുടുംബത്തിന് ലഭിച്ചത്. സമീപത്തെയും സംസ്ഥാനത്തെയും കർഷകർക്ക് അത്ഭുതമായി മാറാന്‍ ഈ ഇഞ്ചിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. കട്ടപ്പന അമ്പലക്കവല കൊല്ലക്കാട്ട് കെ ആർ അനിൽ കുമാറിന്‍റെ പുരയിടത്തിലാണ് ഈ അത്ഭുതം.
അഞ്ച് വർഷം മുമ്പ് അയൽവാസിയിൽ നിന്ന് രണ്ടു കിലോ വിത്ത് വാങ്ങിയാണ് അനിൽ കുമാർ ഇഞ്ചി കൃഷി തുടങ്ങിയത്. ആദ്യമൊക്കെ ഒരു കിലോ വരെ തൂക്കമുള്ള ഇഞ്ചി ഉണ്ടായി. കഴിഞ്ഞ വർഷം ഇത് അഞ്ചു കിലോ വരെ എത്തിയിരുന്നു. ഈ വർഷം നട്ട 30 വിത്തുകളിൽ ഒരെണ്ണത്തിലാണ് 8 കിലോ തൂക്കത്തിലുള്ള ഇഞ്ചി വിളഞ്ഞത്. സാധാരണ ഒരു ചുവട്ടിൽ അരക്കിലോ ഇഞ്ചി വരെയാണ് വിളയുന്നത്. ഇഞ്ചിയുടെ തണ്ടിനും ആറടിയിലേറെ പൊക്കമുണ്ടായിരുന്നുവെന്നാണ് അനിൽ കുമാർ വിശദമാക്കുന്നത്. അപ്പോൾ തന്നെ ചെറിയ പ്രതീക്ഷകൾ ഉണ്ടാവുമെന്ന് കരുതിയെങ്കിലും ഇത്തരമൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ലെന്നാണ് ഈ കർഷക കുടുംബം പ്രതികരിക്കുന്നത്.
ചാണകപ്പൊടിയുൾപ്പെടെയുള്ള ജൈവ വളം മാത്രമുപയോഗിച്ചാണ് അനിലിൻറെ കൃഷി. അനിൽ കുമാറും ഭാര്യ അനിയും ചേർന്നാണ് കൃഷിപ്പണികൾ ചെയ്യുന്നത്. ഇഞ്ചി കൃഷിക്ക് പുറമേ ഏലം, കാപ്പി, കരുമുളക് എന്നിവക്കൊപ്പം അരയേക്കർ പാടത്ത് നെൽക്കൃൽഷിയും ഇവർക്കുണ്ട്. നാട്ടിലെ താരമായ ഇഞ്ചി കാണാൻ നിരവധി പേർ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം