കാല്‍സ്യം ചെടികള്‍ക്കും അത്യാവശ്യം; ഇലകള്‍ വഴിയും ആഗിരണം ചെയ്യും
കാല്‍സ്യം മറ്റ് മൂലകങ്ങളുമായി ചേര്‍ത്ത് മണ്ണിലെ അസിഡിറ്റി കുറയ്ക്കുന്ന പ്രവര്‍ത്തനമാണ് ലൈമിങ്ങ്. കാല്‍സ്യവും മഗ്നീഷ്യവും ചേര്‍ന്നുള്ള സംയുക്തം ഇതിന് ഉപയോഗിക്കാറുണ്ട്. ക്രിസ്റ്റല്‍ രൂപത്തിലുള്ള കാല്‍സ്യം-മഗ്നീഷ്യം സംയുക്തമാണ് ഡോളമൈറ്റ് ലൈം.
കാല്‍സ്യത്തിന്റെ ആവശ്യകത എല്ലാ ജീവജാലങ്ങളിലുമുണ്ട്. വിവിധ വളങ്ങളില്‍ കാത്സ്യം ഫോസ്‌ഫേറ്റ് എന്ന രീതിയിലും വിറ്റാമിന്‍ സപ്ലിമെന്റുകളില്‍ കാല്‍സ്യം ഗ്ലൂക്കോണേറ്റ് ആയും പലവിധത്തില്‍ ഈ മൂലകം ലഭ്യമാണ്. ചെടികള്‍ ആരോഗ്യത്തോടെ വളരണമെങ്കില്‍ അടിസ്ഥാന ഘടകമായ കാല്‍സ്യം അത്യാവശ്യമാണ്. മണ്ണിലെ പി.എച്ച് മൂല്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കാല്‍സ്യത്തിന്റെ അളവാണ്. ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഈ മൂലകത്തെക്കുറിച്ച് അറിഞ്ഞിരുന്നാല്‍ കൃഷിയിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാം.
മണ്ണില്‍ കാല്‍സ്യത്തിന്റെ അളവ് അനുസരിച്ചാണ് പി.എച്ച് മൂല്യം വിലയിരുത്തുന്നത്. ഉയര്‍ന്ന അളവില്‍ കാല്‍സ്യണ്ടെങ്കില്‍ ആല്‍ക്കലൈന്‍ സ്വഭാവമുള്ള മണ്ണാണെന്ന് പറയാം. അതുപോലെ കുറഞ്ഞ കാല്‍സ്യം അടങ്ങിയിട്ടുള്ള മണ്ണാണ് അസിഡിക് സ്വഭാവമുള്ളത്.
പി.എച്ച് മൂല്യം 7.2 -നേക്കാള്‍ ഉയര്‍ന്ന ആല്‍ക്കലൈന്‍ സ്വഭാവമുള്ള മണ്ണിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ അധികമുള്ള കാല്‍സ്യം മണ്ണിലെ മറ്റു ഘടകങ്ങളുമായി ചേര്‍ന്ന് ലയിക്കാത്ത സംയുക്തങ്ങളായി മാറ്റപ്പെടും. ഇത് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. അതുപോലെ മണ്ണില്‍ സസ്യങ്ങള്‍ക്ക് ആവശ്യമുള്ള അയേണ്‍, ബോറോണ്‍, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ ലഭ്യതയിലും അപര്യാപ്‍തതയുണ്ടാകും.
മണ്ണില്‍ പൊട്ടാസ്യം, സോഡിയം, അമോണിയം, മഗ്നീഷ്യം, അലുമിനിയം, അമോണിയം എന്നീ മൂലകങ്ങള്‍ കൂടിയാലും കാല്‍സ്യം ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. പൊട്ടാസ്യവും കാല്‍സ്യവും മഗ്നീഷ്യവും ശരിയായ അളവില്‍ മണ്ണില്‍ നിലനിര്‍ത്തണം. ഇതില്‍ ഏതെങ്കിലും പോഷകം കൂടിയാല്‍ കാല്‍സ്യത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ അഭാവത്തിലേക്ക് നയിക്കും.
കാല്‍സ്യം മറ്റ് മൂലകങ്ങളുമായി ചേര്‍ത്ത് മണ്ണിലെ അസിഡിറ്റി കുറയ്ക്കുന്ന പ്രവര്‍ത്തനമാണ് ലൈമിങ്ങ്. കാല്‍സ്യവും മഗ്നീഷ്യവും ചേര്‍ന്നുള്ള സംയുക്തം ഇതിന് ഉപയോഗിക്കാറുണ്ട്. ക്രിസ്റ്റല്‍ രൂപത്തിലുള്ള കാല്‍സ്യം-മഗ്നീഷ്യം സംയുക്തമാണ് ഡോളമൈറ്റ് ലൈം.
ആവശ്യത്തിന് വെള്ളം ചെടികള്‍ക്ക് നല്‍കിയാല്‍ മാത്രമേ കാല്‍സ്യം ആഗിരണം ചെയ്യാന്‍ കഴിയുകയുള്ളു. വളരെ കുറഞ്ഞ വെള്ളം ലഭിക്കുന്ന ചെടിക്ക് വളരെ കുറഞ്ഞ അളവിലേ കാല്‍സ്യവും കിട്ടുകയുള്ളു. ചെടികളില്‍ കാല്‍സ്യത്തിന്റെ അഭാവമുണ്ടായാല്‍ നിങ്ങള്‍ ആദ്യം തന്നെ നല്‍കുന്ന വെള്ളത്തിന്റെ അളവാണ് പരിശോധിക്കേണ്ടത്.
കാല്‍സ്യത്തിന്റെ അഭാവമുള്ള ചെടികളുടെ അലകള്‍ക്ക് ബ്രൗണ്‍ നിറം ബാധിക്കാറുണ്ട്. തക്കാളി, കക്കിരി, മത്തങ്ങ വര്‍ഗത്തില്‍ പെട്ട പച്ചക്കറികള്‍ എന്നിവയിലെല്ലാം കാല്‍സ്യത്തിന്റെ അഭാവമുണ്ടാകാറുണ്ട്.
മണ്ണില്‍ കാല്‍സ്യത്തിന്റെ അളവ് കൂട്ടാനുള്ള നല്ല മാര്‍ഗം ലൈം ചേര്‍ക്കുകയെന്നതാണ്. മുട്ടത്തോടിലും കാല്‍സ്യം അടങ്ങിയിരിക്കുന്നു. മുട്ടത്തോട് പൊടിച്ച് തക്കാളിത്തൈകള്‍ക്ക് നല്‍കിയാല്‍ കാല്‍സ്യം നന്നായി ലഭിക്കുകയും വലിയ തക്കാളികള്‍ ലഭിക്കുകയും ചെയ്യും.
കാല്‍സ്യത്തിന്റെ അഭാവമുണ്ടായാല്‍ ഇലകളില്‍ സ്‌പ്രേ ചെയ്തും ഈ നഷ്ടം പരിഹരിക്കാം. ചെടികള്‍ക്ക് ഇലകള്‍ വഴിയും കാല്‍സ്യം ആഗിരണം ചെയ്യാം. കാല്‍സ്യം നൈട്രേറ്റ് അല്ലെങ്കില്‍ കാല്‍സ്യം ക്ലോറൈഡ് വെള്ളത്തില്‍ ലയിപ്പിച്ചാണ് ഇലകളില്‍ സ്‌പ്രേ ചെയ്യുന്നത്.