12 വയസ് മുതല്‍ തുടര്‍ച്ചയായി അച്ഛന്‍ ബലാത്സംഗം ചെയ്തിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
ഇപ്പോള്‍ ജെയിമിന് നാല്‍പത് വയസായി. തന്റെ യഥാര്‍ത്ഥ പേരും താനനുഭവിച്ച ഭീകരമായ അനുഭവങ്ങളും പൊതുമധ്യത്തില്‍ വെളിപ്പെടുത്താനുള്ള അനുമതിക്കായി എട്ട് മാസത്തോളം നീണ്ട നിയമപോരാട്ടത്തിലായിരുന്നു ജെയിം
സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ലൈംഗികാതിക്രമങ്ങള്‍. വീട്ടിനകത്ത് വച്ച് പോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നമ്മളെത്രയോ വാര്‍ത്തകളിലൂടെ വായിച്ചും കണ്ടുമെല്ലാം അറിയുന്നു. അത്തരമൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും പുറത്തുവരുന്നത്.
സ്വന്തം അച്ഛനാല്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് മെല്‍ബണ്‍ സ്വദേശിയായ ജെയിം ലീ പേയ്ജ് വെളിപ്പെടുത്തുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ജെയിം താന്‍ അുഭവിച്ച കടുത്ത അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്.
തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് ആദ്യമായി അച്ഛന്‍ ലൈംഗികാവശ്യത്തിനായി തന്നെ സമീപിച്ചതെന്നും അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും തനിക്കായില്ലെന്നും ജെയിം പറയുന്നു.
'അച്ഛന്‍ പൊതുവേ ഞങ്ങളെയൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. അന്ന് അച്ഛന്‍ കളിക്കാന്‍ വിളിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ഒടുവില്‍ അച്ഛന്‍ ഞങ്ങളെ പരിഗണിക്കാന്‍ തുടങ്ങിയല്ലോ എന്ന ചിന്ത. എന്നാല്‍ വൈകാതെ തന്നെ കളി കാര്യമായി. എനിക്ക് പേടിയും വേദനയും അനുഭവപ്പെടാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാനായില്ല...'- ജെയിം പറയുന്നു.
ഡേവിഡ് ഹുഡ്‌സണ്‍ എന്ന 'പീഡോഫൈല്‍' പിന്നീട് ഇതൊരു പതിവാക്കി. പ്രതിരോധിക്കാന്‍ പോയിട്ട് വാ തുറന്ന് ശബ്ദിക്കാന്‍ പോലുമാകുമായിരുന്നില്ല ജെയിമിന്.
'അന്നൊക്കെ ഞാന്‍ തലയിണക്ക് താഴെ കുറച്ച് പൈസ സൂക്ഷിക്കും. അച്ഛന്റെ പീഡനം സഹിക്കാന്‍ പറ്റാതാകുമ്പോള്‍ ആ വിവരം ആരെയെങ്കിലും ഫോണില്‍ വിളിച്ചറിയിക്കാനായിരുന്നു പൈസ. ആരെങ്കിലുമൊക്കെ എന്നെ സഹായിക്കാന്‍ വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആരും വന്നില്ല...'- ജെയിമിന്റെ വാക്കുകള്‍.
(ഇപ്പോഴത്തെ ജെയിമും പഴയ കാലത്തെ ജെയിമും...)
തുടര്‍ച്ചയായി നാല് വര്‍ഷമാണ് ജെയിം തന്റെ പിതാവിന്റെ പീഡനങ്ങളനുഭവിച്ച് ജീവിച്ചത്. നാല് വര്‍ഷമായപ്പോഴേക്കും മറ്റൊരു സത്യം ജെയിം മനസിലാക്കി. തന്റെ അര്‍ധസഹോദരിയായ കരോളിനേയും ഹുഡ്‌സണ്‍ സമാനമായി പീഡിപ്പിക്കുന്നുണ്ട്. അങ്ങനെ ഇരുവരും തങ്ങളുടെ അനുഭവങ്ങള്‍ പരസ്പരം തുറന്നുപറഞ്ഞു. സംഭവം പൊലീസില്‍ അറിയിക്കാമെന്നും അച്ഛനെതിരെ പരാതി നല്‍കാമെന്നും ആദ്യം പറഞ്ഞത് കരോള്‍ ആയിരുന്നു. അങ്ങനെ ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പരാതി നല്‍കി, കേസ് ഫയല്‍ ചെയ്യപ്പെട്ടെങ്കിലും കോടതിയില്‍ വന്ന് മൊഴി നല്‍കാന്‍ കരോള്‍ ഉണ്ടായില്ല. അവളെ ഹുഡ്‌സണ്‍ വെടിവച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഹുഡ്‌സണ്‍ മരിക്കാതെ രക്ഷപ്പെട്ടു.
കരോളിന്റെ കൊലപാതകക്കേസില്‍ അയാള്‍ 19 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടെങ്കിലും ലൈംഗികാതിക്രമക്കുറ്റത്തില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടിരുന്നു. പരാതിക്കാരിയും പ്രധാന സാക്ഷിയുമായിരുന്ന കരോള്‍ മരിച്ചതിനെ തുടര്‍ന്നാണ് കേസ് എങ്ങുമെത്താതെ ഉപേക്ഷിക്കപ്പെട്ടത്.
എന്നാല്‍ 2018ഓടെ ജെയിം താന്‍ അച്ഛനില്‍ നിന്ന് നേരിട്ട ക്രൂരപീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തി. അങ്ങനെ വീണ്ടും ഹുഡ്‌സണെതിരെ ലൈംഗികാതിക്രമക്കുറ്റം ചുമത്തപ്പെട്ടു. കൊലക്കുറ്റത്തിലും ഈ കേസിലുമായി വര്‍ഷങ്ങളുടെ തടവ് വിധിക്കപ്പെട്ടുവെങ്കിലും അപ്പീലില്‍ ശിക്ഷാ ഇളവ് അനുവദിക്കപ്പെട്ടു.
'എനിക്ക് നീതി ലഭിച്ചതായി തോന്നുന്നില്ല. ഇവിടത്തെ നിയമവ്യവസ്ഥ അത്തരത്തിലുള്ളതാണെന്നാണ് എന്റെ തോന്നല്‍...'- ജെയിം പറയുന്നു.
ഇപ്പോള്‍ ജെയിമിന് നാല്‍പത് വയസായി. തന്റെ യഥാര്‍ത്ഥ പേരും താനനുഭവിച്ച ഭീകരമായ അനുഭവങ്ങളും പൊതുമധ്യത്തില്‍ വെളിപ്പെടുത്താനുള്ള അനുമതിക്കായി എട്ട് മാസത്തോളം നീണ്ട നിയമപോരാട്ടത്തിലായിരുന്നു ജെയിം.
(ജെയിമിന്‍റെ സഹോദരി കരോൾ, അച്ഛൻ ഹുഡ്സൺ...)
വിക്ടോറിയന്‍ കുടുബാംഗങ്ങളായവര്‍ക്ക് തങ്ങളനുഭവിച്ച ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നുപറയണമെങ്കില്‍ നിയമത്തിന്റെ അനുവാദം തേടിയേ പറ്റൂ. ജെയിം ഒരു വിക്ടോറിയന്‍ കുടുംബാംഗമായതിനാല്‍ അവര്‍ക്കും താന്‍ അനുഭവിച്ച അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാന്‍ കോടതിയെ സമീപിക്കേണ്ടി വന്നു.
'എനിക്ക് മനസിലാകുന്നില്ല ഈ നിയമങ്ങളൊന്നും. എന്റെ പേര്, എന്റെ ജീവിതം, എന്റെ കഥ... ഇതെല്ലാം പറയാന്‍ ഞാന്‍ ആരുടെ അനുവാദമാണ് തേടേണ്ടത്! ദയവുചെയ്ത് ഞങ്ങളെ പോലുള്ളവരോട് മിണ്ടാതിരിക്കാന്‍ പറയരുത്. പകരം കൂടുതല്‍ പറയൂ, ഞങ്ങള്‍ കേള്‍ക്കാം എന്നാവശ്യപ്പെടൂ..'- ജെയിമിന്റെ വാക്കുകള്‍.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിയമപോരാട്ടത്തിലാണ് ജെയിം ഇപ്പോള്‍. ഇത്‌ന്റെ ആദ്യപടിയെന്നോണമാണ് തന്റെ കഥ തുറന്നുപറയാനുള്ള അനുമതി സുപ്രീംകോടതി വരെ പോയി നേടിയെടുത്തത്. തന്നെപ്പോലെ ഒരാളും മോശമായ ബാല്യകാലത്തിന്റെ ഓര്‍മ്മകളില്‍ നീറിപ്പുകഞ്ഞ് ജീവിക്കരുതെന്നും, അനുഭവങ്ങളെ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ശ്വാസം മുട്ടി കഴിയരുതെന്നും ജെയിം പറയുന്നു. ഓസ്‌ട്രേലിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ജെയിമിന്റെ വെളിപ്പെടുത്തലുകള്‍ വഴിയൊരുക്കിയത്. നിയമവ്യവസ്ഥ, കുടുംബാന്തരീക്ഷം, കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമഗ്രമായി കണ്ണെത്തേണ്ടതുണ്ടെന്ന് ജെയിമിന്റെ അനുഭവങ്ങള്‍ അധികൃതരെ ഓര്‍മ്മിപ്പിക്കുന്നു.